ബന്ധങ്ങളേ, ഈ ലോക് ഡൗൺ കാലം കഴിയും വരെയെങ്കിലും നിങ്ങൾ ജീവനുള്ളവരായിരിക്കുക...
തൊഴിലുടമയുടെ പിടിവാശിയോ, കാലിയായ പേഴ്‌സോ, വിമാനക്കമ്പനികളുടെ കഴുത്തറപ്പൻ ടിക്കറ്റ് ചാർജോ ഒക്കെ മിക്കപ്പോഴും പ്രവാസം നീണ്ടുപോകാൻ കാരണമാവാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പോലും എമർജൻസി എന്നൊരു കവാടം തുറന്നു കിടപ്പുണ്ടായിരിക്കും. ഒരിക്കലും ഒരിടത്തും ഒരു സാഹചര്യത്തിലും ആർക്കു മുന്നിലും അടയാത്ത കവാടം. ലോക് ഡൗണിനാൽ കൊട്ടിയടക്കപ്പെട്ട ആ കവാടമാണ് പ്രവാസികളെ ഇന്ന് ഏറ്റവുമധികം ഭയപ്പെടുത്തുന്നത്.
ജന്മരാജ്യത്തിന് പുറത്ത് പലവിധ കാരണങ്ങളാൽ ദീർഘകാലം കഴിയേണ്ടി വാങ്ങുന്നവരെയാണ് 'പ്രവാസി'കളെന്നു പൊതുവെ വിളിക്കുന്നത്. ഇന്ത്യയിൽത്തന്നെ മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെയും നമ്മൾ അങ്ങനെ വിളിക്കാറുണ്ട്.
പ്രധാനമായും ജോലി സംബന്ധമായാകും ഈ മാറി നിൽക്കൽ. രാഷ്ട്രീയവും ആരോഗ്യപരവുമായ കാരണങ്ങളാൽ മാറി നിൽക്കുന്നവരുടെ എണ്ണം ഇപ്പോൾ പൊതുവെ കുറവാണെന്നു പറയാം.
എന്നാൽ 'പ്രവാസി'കൾ മാത്രം അനുഭവിക്കുന്ന അവസ്ഥയല്ല 'പ്രവാസം'. എല്ലാ പ്രവാസികളും പ്രവാസം അനുഭവിക്കുന്നവരായിരിക്കണമെന്നുമില്ല. ഒരാൾ അയാളുടെ എലാ ബന്ധങ്ങളും അറുത്തു മാറ്റിയ ശേഷവും, അയാളിൽ അവശേഷിക്കുന്ന ബന്ധങ്ങൾ അയാളോടൊപ്പമില്ലാത്ത അവസ്ഥയാണ് പ്രവാസം.
പ്രവാസികൾ ബന്ധങ്ങളിലേക്കോ ബന്ധങ്ങൾ പ്രവാസികളിലേക്കോ കൂടിച്ചേരുമ്പോൾ ഒഴിഞ്ഞു പോകുന്നതാണ് പ്രവാസം. ശരീരങ്ങൾ അടുക്കുമ്പോൾ അകന്നു പോവുന്ന ഒന്ന്.
ഉറ്റ ബന്ധങ്ങൾ ശാരീരികമായി കൂടെ ഉണ്ടാകുകയും പൂർണ്ണ മനസ്സോടെ പെരുമാറുകയും ചെയ്യുന്നുവെങ്കിൽ, ചൊവ്വയിലോ ചന്ദ്രനിലോ ആയാൽ പോലും ഒരുവൻ പ്രവാസം അനുഭവിക്കുന്നില്ല.
നിർഭാഗ്യമെന്നു പറയട്ടെ, ഗൾഫ് മേഖലയിൽ പ്രവാസികളായുള്ളവർ ഭൂരിപക്ഷവും 'പ്രവാസം' അനുഭവിക്കുന്നവരാണ്. വരുമാനക്കുറവ്, തൊഴിലിന്റെ പ്രത്യേകതകൾ തുടങ്ങിയ കാരണങ്ങളാൽ അവർ ഉറ്റവരിൽ നിന്നും ഉടയവരിൽനിന്നും പ്രവാസപ്പാടകലെയാണ്.
മെച്ചപ്പെട്ട ചികിത്സയോ നല്ല ഭക്ഷണമോ അല്ല, പ്രവാസമെന്ന ലോക് ഡൗൺ പൊട്ടിച്ചോടാനുള്ള ത്വര കൂടിയാണ് സന്നിഗ് ദ്ധാവസ്ഥകളിൽ അവനിൽ ആർത്തിരമ്പുന്നത്.
ഇത്രയേറെ സൗകര്യങ്ങൾ അതിഥി തൊഴിലാളികൾക്കായി കേരള സർക്കാർ ചെയ്യുന്നുണ്ടെങ്കിലും അറുതികളിലും കെടുതികളിലും കരിമ്പടം പുതച്ച് കാത്തിരിക്കുന്ന സ്വന്തം ബന്ധങ്ങളിലേക്കുള്ള തീവണ്ടിക്കായ് അവർ അക്ഷമരാകുന്നതിനുള്ള കാരണവും മറ്റെങ്ങും തിരഞ്ഞു പോകേണ്ടതില്ല.
രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, അവരേർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ വൈകാരികമായി നേരിട്ട്, സർക്കാരുകളെ സമ്മർദ്ദത്തിലാക്കുന്നത് ഉചിതമാണോ? അത്തരം നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കുകയല്ലേ ചെയ്യേണ്ടത് ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ന്യായമായും ഉണ്ടാകാം.
നാട്ടിലെ ഇലയനക്കങ്ങൾ പോലും ശ്രദ്ധയോടെ, വിവേചന ബുദ്ധിയോടെ മനസ്സിലാക്കുന്നവരാണ് പ്രവാസികൾ. അനാവശ്യ യാത്രകളിലേക്കവർ സ്വയം കാലെടുത്തു വയ്ക്കുകയുമില്ല.
തൊഴിലുടമയുടെ പിടിവാശിയോ, കാലിയായ പേഴ്‌സോ, വിമാനക്കമ്പനികളുടെ കഴുത്തറപ്പൻ ടിക്കറ്റ് ചാർജോ ഒക്കെ മിക്കപ്പോഴും പ്രവാസം നീണ്ടുപോകാൻ കാരണമാവാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പോലും എമർജൻസി എന്നൊരു കവാടം തുറന്നു കിടപ്പുണ്ടായിരിക്കും. ഒരിക്കലും ഒരിടത്തും ഒരു സാഹചര്യത്തിലും ആർക്കു മുന്നിലും അടയാത്ത കവാടം. ലോക് ഡൗണിനാൽ കൊട്ടിയടക്കപ്പെട്ട ആ കവാടമാണ് പ്രവാസികളെ ഇന്ന് ഏറ്റവുമധികം ഭയപ്പെടുത്തുന്നത്.
പിന്നീടുള്ളത് രണ്ടറ്റങ്ങളിലും ഒരായുസ്സിന്റെ പ്രവാസം പൂർത്തിയാക്കി ഇരുട്ടിനാൽ പണിതീർത്ത ദീർഘ ചതുരപ്പെട്ടികളിൽ തണുത്തുറഞ്ഞു വിശ്രമിക്കുന്നവരാണ്. അവരെ അവസാനമായി ചേർത്തു ചുംബിക്കാൻ കണ്ണീർ വറ്റി കാത്തിരിക്കുന്ന ബന്ധങ്ങളാണ്.
ആയതിനാൽ...
ബന്ധങ്ങളേ,
ഈ ലോക് ഡൗൺ കാലം കഴിയും വരെയെങ്കിലും നിങ്ങൾ ജീവനുള്ളവരായിരിക്കുക. ഞങ്ങളും അങ്ങിനെ ആയിരിക്കാൻ ശ്രമിക്കാം.
(മസ്ക്കറ്റിൽ സോഫ്റ്റ് വെയർ ഡവലപ്പറായി ജോലി ചെയ്യുകയാണ് ലേഖകൻ രാജീവ് മഹാദേവൻ)