ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. തന്റെ ഓഫീസും വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം. വരും മാസങ്ങളില്‍ തലസ്ഥാന നഗരി വിശാഖപട്ടണത്തിലേക്ക് മാറ്റുന്നതിനുളള നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'വരും ദിവസങ്ങളില്‍ നമ്മുടെ തലസ്ഥാനമാകാന്‍ പോകുന്ന വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. മാര്‍ച്ച് മൂന്നു, നാല് തീയതികളിലാണ് വിശാഖപട്ടണത്ത് ആഗോള ഉച്ചകോടി നടക്കുന്നത്. വരും മാസങ്ങളില്‍ എന്റെ ഓഫീസും വിശാഖപട്ടണത്തേക്ക് മാറ്റും' എന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. 2014ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിക്കപ്പെട്ടപ്പോഴാണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2020ല്‍ സംസ്ഥാനത്തിന് മൂന്നു തലസ്ഥാന നഗരങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. എക്‌സിക്യൂട്ടീവിന് വിശാഖപട്ടണം, നിയമസഭയ്ക്ക് അമരാവതി, ജുഡീഷ്യറിക്ക് കുര്‍ണൂല്‍ എന്നിങ്ങനെയായിരുന്നു തീരുമാനം.