തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉദാരവത്കരണം മഴ പോലെ പെയ്യുകയും ലാവ പോലെ നീറ്റുകയും ചെയ്ത അക്കാലത്ത്, ഉപഗ്രഹ ടെലിവിഷന്‍ വിരുന്നു മുറിയില്‍ പൊട്ടിത്തെറിച്ച സായംകാലത്ത്, നാം കണ്ട ഒരു പരസ്യചിത്രത്തെക്കുറിച്ച് വീണ്ടും ഓര്‍ക്കാം. ആകാശത്ത് കുട്ടികളോടൊപ്പം പട്ടം പറത്തിക്കൊണ്ടിരിക്കുന്ന രണ്ടുപേര്‍, ഒരാള്‍ കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ജനതയെ മുഴുവന്‍ ശ്വാസം പിടിച്ച് നിറുത്തി ഒറ്റച്ചരടില്‍ കോര്‍ത്ത ഒരു ചെറുപ്പക്കാരന്‍, മറ്റൊരാള്‍ രോഷം കൊണ്ട് രണ്ട് പതിറ്റാണ്ടിലേറെ പലതവണ പൊട്ടിത്തെറിച്ച് നമ്മുടെ യൗവനത്തെ അസ്വസ്ഥമാക്കുകയും മുറിപ്പെടുത്തുകയും ചെയ്ത് സ്വയം വാര്‍ധക്യത്തിലേക്ക് കടന്നത് അറിയാതെ പോയ ഒരു പൗരുഷം...
അവര്‍ കുട്ടികള്‍ക്കൊപ്പം പട്ടം പറത്തിക്കൊണ്ടിരിക്കെ ആകാശം മഴത്തുള്ളികളെ പെയ്യിക്കുന്നു. അപ്പോഴേക്കും യുവാവ് മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് മാറിയിരുന്നു. തനിച്ചായ വൃദ്ധന്‍ താഴെയിറങ്ങി പട്ടക്കടലാസ് പലതവണ നെടുകെ കീറി കുട്ടികള്‍ക്കൊപ്പം മഴയുണ്ടാക്കിയ ചെറിയ നീര്‍ച്ചാലില്‍ കടലാസു തോണികള്‍ ഒഴുക്കാന്‍ തുടങ്ങി.
അതുകഴിഞ്ഞ് കണ്ട റെമോ ഫര്‍ണാണ്ടസ് പാടിയ ‘‘യെഹി ഹേ റൈറ്റ് ചോയ്സ് ബേബി’’ എന്ന കാച്ച്ലൈന്‍ ഗാനം നമുക്ക് മറക്കാം. പക്ഷേ, ഈ യുവാവും വൃദ്ധനും അതിനെക്കാള്‍ ചെറുപ്പമായി ഇപ്പോഴും നമുക്കിടയിലുണ്ട്. സചിന്‍ ടെണ്ടുല്‍ക്കറും, അമിതാഭ് ബച്ചനും... ഒരുപക്ഷേ, മഴ മുന്നില്‍ക്കണ്ട് പട്ടക്കടലാസ് കൊണ്ട് കളിവഞ്ചിയുണ്ടാക്കി, പുതുതലമുറയോട് മല്‍സരിക്കുന്ന അമിതാഭ് ബച്ചന്‍റെ അതിജീവനത്തിന്‍റെ ചെറിയ രഹസ്യം ആ പെപ്സി പരസ്യ ചിത്രത്തിനകത്ത് ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. കാലത്തിനൊപ്പിച്ച് ഋതുക്കള്‍ക്കൊപ്പം മാറിയാണ് നാല് പതിറ്റാണ്ടിലേറെ ഈ നടന്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഒരു ലോ ആംഗിള്‍ ഷോട്ടിനെക്കാള്‍ വളര്‍ന്ന് നില്‍ക്കുന്നത്.