‘വര്‍ക്ക് ഫ്രം ഹോം’ കോവിഡ് കാലത്തെ  ഒരു ചരിത്ര(വിചിത്ര) പ്രതിസന്ധി ! - ആനന്ദ് ആന്റണി


കോവിഡ് മൂലം ഇന്നുള്ള പ്രതിസന്ധികള്‍ എന്നു പൊതുവേ കരുതപ്പെടുന്നത് മൂന്നെണ്ണം ആണ്. ആദ്യത്തെ രണ്ടെണ്ണം ജനങ്ങളുടെ ആരോഗ്യ പ്രശ്നം, സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച എന്നിവയാണ്. മൂന്നാമത്തേ വിഷയം സാമൂഹ്യപരമാണ്. അതായത് സാമൂഹിക അകല്‍ച്ച, ലോക്ഡൌണ്‍ എന്നിവ മൂലം ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നതൊക്കെ. എന്നാല്‍, ഞാന്‍ പറയുന്നത്,  ലോകത്തെമ്പാടുമുള്ള “കെട്ടിയോന്മാര്‍” ഇതിനെക്കാളും ഭയാനകമായ ഒരു പ്രതിസന്ധിയേ ഇപ്പോള്‍ നേരിട്ടു വരികയാണ് എന്നാണ്. അതാണ്‌ ഈ അച്ചടിയുടെ വിഷയം.    

ഈ എഴുത്തിനുള്ള പ്രചോദനം, ശ്രീ റിച്ചര്‍ഡ്‌ ഗ്ലോവര്‍ (Richard Glover) എന്ന എഴുത്തുകാരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് പത്രത്തില്‍ എഴുതിയ ഒരു ലേഖനമാണ്. ശ്രീ ഗ്ലോവര്‍ സിഡ്നിയിലെ പ്രസിദ്ധനായ ഒരു ടോക് ബാക്ക് റേഡിയോ അവതാരകനും (എ ബി സി റേഡിയോ “ഡ്രൈവ്” പ്രോഗ്രാം) സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് മുതലയായ പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനുമാണ്. ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കുകയാണെങ്കില്‍ അനതിസാധാരണമായ നര്‍മ്മത്തിലൂടെ സംഗതികളുടെ മര്‍മ്മത്തിലേയ്ക്ക് അനുവാചകരെ കൊണ്ടുപോകുന്ന ഒരു ശൈലിയുടെ ഉടമയാണ് അദ്ദേഹം.

ഇനി കാര്യത്തിലേയ്ക്കു കടക്കാം. എന്താണ് കോവിഡ് മൂലം കെട്ടിയോന്മാര്‍ അഭിമുകീകരിക്കുന്ന പ്രശ്നം? അതെന്താണെന്ന് ശരിയായി മനസ്സിലാക്കണമെങ്കില്‍ മാനവരാശിയുടെ ചരിത്രം ഒന്നു പരിശോധിക്കണം.

എന്താണ് ആദിമകാലം മുതലേ ഈ കെട്ടിയോന്മാര്‍ തലപുകഞ്ഞാലോചിച്ചു വന്നിരുന്ന സംഗതി? ഇപ്പോള്‍ത്തന്നെ വായനക്കാരിലെ പെണ്ണുമ്പിള്ളമാര്‍ക്ക് കാര്യം പിടികിട്ടിക്കാണും. മറ്റൊന്നുമല്ല, എങ്ങനെ വീട്ടില്‍ നിന്നും ഒന്നു മാറി നിന്ന്‌ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാന്‍ സാധിക്കും എന്നതു തന്നെ! ആദിമമനുഷ്യന്റെ കാര്യമെടുക്കാം. കായ്കനികള്‍ ശേഖരിക്കുക, വേട്ടക്കു പോകുക എന്നതൊക്കെയായിരുന്നു അന്നത്തെ ഉപജീവനമാര്‍ഗങ്ങള്‍. വീട്ടിലേയ്ക്കു സാധനങ്ങള്‍ വേണമല്ലോ? കൂട്ടുകാരോടൊത്ത് സൊറ പറച്ചിലും മറ്റും കഴിഞ്ഞ് വല്ല മാനിനെയോ മറ്റോ പിടിച്ച് ഇറച്ചിയുമായി വീട്ടില്‍ വന്നിട്ട് “അയ്യോ, കുറേ കഷ്ട്ടപ്പെട്ടു. അവസാനമാണ് ഇതിനെ കണ്ടത്. കുറേ ഓടേണ്ടി വന്നു” എന്നൊക്കെ ഒരു  ഡയലോഗ് വിടും. ഉടനെ പെണ്ണുമ്പിള്ള, “അയ്യോ, എന്‍റെ ചേട്ടനെന്തുമാത്രം കഷ്ട്ടപ്പെട്ടു. ഇതാ ഞാന്‍ ഒരു ചായ എടുക്കാം. അതു കഴിഞ്ഞു കുളിക്കാന്‍ ചൂടുവെള്ളവും റെഡിയാക്കാം” എന്നൊക്കെ പറയുകയും ചെയ്യും. ഇങ്ങനെയൊക്കെ ലൈഫ് റോയല്‍ ആയി കഴിഞ്ഞു വരുമ്പോഴാണ് കഷ്ട്കാലത്തിന് കൃഷി വ്യവസ്ഥിതിയുടെ ആവിര്‍ഭാവം. ഇപ്പോള്‍ ആമ്പ്രന്നോര്‍ ജോലി ചെയ്യുന്നത് പെണ്ണിനും നിരീക്ഷിക്കാം. അപ്പോള്‍ പഴയപോലെ കാര്യങ്ങള്‍ ഓടത്തില്ല. മെയ്യനങ്ങി പണിയെടുക്കണം എന്ന നില വന്നു.

അങ്ങനെ വളരെ പരിതാപകരമായ ഒരു അവസ്ഥയാണ് കൃഷിവ്യവസ്ഥക്കാലത്ത് നിലവില്‍ ഉണ്ടായിരുന്നത്. എങ്ങനെ ഇതില്‍നിന്നൊന്നു കരകയറാം എന്നു ലോകം മുഴുവന്‍ ഉള്ള പുരുഷവൃന്ദം തലപുകഞ്ഞാലോചിച്ചു. തല്‍ഫലമായാണ് “യുദ്ധം” എന്ന ആശയം മനുഷ്യബുദ്ധിയില്‍ ഉദിക്കുന്നത്. വീട്ടില്‍ നിന്നും മാറി നില്‍ക്കാം എന്നു മാത്രമല്ല ഒരു താരപരിവേഷം ലഭിക്കുകയും ചെയ്യും. ഒറ്റ വെടിക്കു രണ്ടു പക്ഷി. എങ്ങനൊണ്ട് ഐഡിയാ? നമ്മുടെ ഭാരതം ഇക്കാര്യത്തില്‍ ഒരു പടി മുന്നിലായിരുന്നു. അവിടെ ധര്‍മ്മ യുദ്ധം ആയിരുന്നു. അതായത് നയന്‍ ടു ഫൈവ് പരിപാടി. കറക്റ്റ് ഒമ്പതു മണിക്ക് ഗേറ്റ് തുറക്കും, അഞ്ചു മണിക്ക് ക്ലോസ് ചെയ്യും. പിന്നെ അന്നത്തെ കണക്കെടുപ്പും, മൃഷ്ടാന്ന ഭോജനവും മൂരി നിവര്‍ക്കലും. പിറ്റേന്നു രാവിലെ പരിപാടി പഴയപടി. ശനി, ഞായര്‍ ഹോളിഡേ. അങ്ങനാരുന്നു ചട്ടങ്ങള്‍. അല്‍പ്പം തടിമിടുക്കും ഊരും ഉള്ളവര്‍ അങ്ങു കേറി കളത്തില്‍ ഇറങ്ങും. കാലക്രമത്തില്‍ അവരെ ക്ഷത്രിയര്‍ എന്നു വിളിക്കാന്‍ തുടങ്ങി. തടി കേടാകുമോന്നു ഭയമുള്ള കുറേപേര്‍ “എന്നാ നിങ്ങളങ്ങ് ഇറങ്ങി കളി, ഞങ്ങളു വേണ്ട ഉപദേശം ഒക്കെ തരാം. ദൈവങ്ങളെയും കാര്യങ്ങള്‍ വേണ്ട പോലെ ധരിപ്പിച്ചോളാം” എന്നൊക്കെ പറഞ്ഞു നിന്നു. അവര്‍ ബ്രാഹ്മണര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഈ ബഹളത്തിനിടക്ക് വല്ല പുട്ടു കച്ചവടമോ മറ്റോ നടത്തി പത്തു കാശൊണ്ടാക്കാമോയെന്നു മറ്റു ചിലരും ചിന്തിച്ചു. അവരാണ് വൈശ്യര്‍. കച്ചവടം ചൂട് പിടിച്ചു ഇക്കോണമി വലുതായപ്പോള്‍ കൂടുതല്‍ സ്ടാഫിനെ റിക്രൂട്ട് ചെയ്തു. അവര്‍ ശൂദ്രര്‍ എന്നറിയപ്പെടുന്നു. ഇങ്ങനെയാണ് ജാതി വ്യവസ്ഥയുടെ ആരംഭം. ഈ യുദ്ധം എന്നൊക്കെപ്പറയുന്നത് ഒരുതരം ഉടായിപ്പാണ് എന്നൊക്കെ അന്നും ചില സമാധാനപ്രിയര്‍ പറഞ്ഞു. അവരെയൊക്കെ ഈ ജാതിവ്യവസ്ഥയില്‍ നിന്നും വെളിയില്‍ നിര്‍ത്തി. ഇങ്ങനെയൊക്കെ ആണ് സംഗതികളുടെ കിടപ്പ്. 

യുദ്ധ വിഷയത്തില്‍ റിച്ചര്‍ഡ്‌ ഗ്ലോവര്‍ പ്രതിപാദിക്കുന്നത് യൂറോപ്പിലെ കുരിശുയുദ്ധം എന്ന പരിപാടിയെക്കുറിച്ചാണ്. കൂടുതല്‍ ചരിത്രാന്വേഷണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് ഇപ്രകാരം ആണ്. അവിടത്തെ പ്രഭുക്കന്മാര്‍ റോമിലെ പരിശുദ്ധ പിതാവിനെ കണ്ട് ഇങ്ങനെ ഒരു പരിപാടി നല്ലതാണ് എന്നു സൂചിപ്പിച്ചു. കേട്ട പാടെ പിതാവ് “ഈ അടിപിടിയൊക്കെ വേണോ മക്കളേ?” എന്നു ചോദിച്ചാറെ, അവിടെ കൂടിയ പുരുഷാരം ഒറ്റ സ്വരത്തില്‍  “പിതാവിനങ്ങനെയൊക്കെ പറയാം. വീഞ്ഞും കുടിച്ച്, പ്രാര്‍ത്ഥിച്ചോണ്ടിരുന്നാല്‍ മതിയല്ലോ? ഞങ്ങള്‍ക്കല്ലേ പെണ്ണും പിടക്കോഴിയും ഒക്കെ ഉള്ളത്” എന്നു പറഞ്ഞു. സമ്മതിച്ചില്ലെങ്കില്‍ സംഗതി ഗുലുമാലാകും എന്നു മാത്രമല്ല സമ്മതിച്ചാല്‍ നമുക്കും ചില ബെനെഫിറ്റ് ഉണ്ടാകും എന്നു കണ്ട പിതാവ് ഉടനെ യേസ് പറയുകയും ചെയ്തു. അങ്ങിനെയാണ് കുരിശുയുദ്ധത്തിന്‍റെ ആരംഭം.

പിതാവിന്‍റെ അനുമതി കിട്ടിയ ഉടനെ ആ പുരുഷാരം പരിശുദ്ധനാടുകളിലേയ്ക്കുള്ള ടിക്കറ്റും മറ്റുമെല്ലാം ഉടനെ ബുക്ക്‌ ചെയ്തു. ബിസിനസ് ട്രിപ്പ്‌ എന്ന ആശയം ഇവിടെയാണ്‌ രൂപം കൊള്ളുന്നത്‌. നോട്ട് ദ പോയിന്റ്‌. പിന്നെ യുദ്ധത്തിന്‍റെ കാര്യം പറയുകയാണെങ്കില്‍ കുറച്ചെണ്ണം ക്രിസ്ത്യന്‍സ് ജയിച്ചു, കുറച്ചെണ്ണം മുസ്ലീംസും ജയിച്ചു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ വേണം ഇതിനെയെല്ലാം കാണേണ്ടത്.   

എല്ലാ നല്ല കാര്യങ്ങളും എന്നെന്നും നിലനില്‍ക്കില്ലല്ലോ? യുദ്ധത്തിന്‍റെ കാര്യവും അതുപോലെയായി. വന്നു വന്ന്, ഇതൊക്കെ എന്തോ വേണ്ടാത്ത കാര്യമാണ് എന്നൊരു പൊതു അഭിപ്രായം ദൌര്‍ഭാഗ്യവശാല്‍ രൂപം കൊണ്ടു. വലിയ ഒരു പ്രതിസന്ധിയാണ് ഇതു മൂലം ലോകത്തുണ്ടായത്.   

ഏതു പ്രതിസന്ധി ഉണ്ടായാലും അതിനെ തരണം ചെയ്യാന്‍ കഴിയും എന്നതാണല്ലോ മനുഷ്യകുലത്തിന്റെ മികവ്. ഇവിടെയും അതു തന്നെ സംഭവിച്ചു. ആധുനിക കാലത്തെ ആ കണ്ടുപിടുത്തം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതാണ്‌ “ഓഫീസ്” എന്ന കണ്ടു പിടുത്തം എന്ന് ശ്രീ റിച്ചര്‍ഡ്‌ ഗ്ലോവര്‍ സമര്‍ഥിക്കുന്നു. അതായത് നയന്‍ ടു ഫൈവ് ഓഫീസ്. ഇവിടെ സ്മരിക്കേണ്ട ഒരു കാര്യം ഈ നയന്‍ ടു ഫൈവ് എന്നത് ധര്‍മ്മയുദ്ധ പശ്ചാലത്തില്‍ ഭാരതീയര്‍ അനുവര്‍ത്തിച്ച നടപടിക്രമം ആയിരുന്നു എന്നും, എന്നാല്‍ അതിന്‍റെ ക്രെഡിറ്റ് മുഴുവനും പാശ്ചാത്യര്‍ അടിച്ചെടുത്തു എന്നതുമാണ്‌. ഏതായാലും അതു തല്‍ക്കാലം വിട്ടു കളയാം. പറഞ്ഞു വരുന്നത് ഈ ഓഫീസ് എന്ന സംഭവത്തെ കുറിച്ചാണല്ലോ? ഇതില്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം നമ്മുടെ ഭാരതം, പ്രത്യേകിച്ചു ദക്ഷിണ ഭാരതം, നല്‍കിയ സംഭാവനകള്‍ നാം ഒരിക്കലും മറക്കാന്‍ പാടില്ല. അവ എന്താണെന്നു നോക്കാം.

ഭിലായി സ്റ്റീല്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിച്ച ശ്രീ എം കെ കെ നായര്‍ ഐ എ എസ് അവര്‍കളുടെ “ആരോടും പരിഭവമില്ലാതെ” എന്ന പേരില്‍ കലാകൌമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ പറയുന്ന, തൊള്ളായിരത്തി അന്‍പതുകളില്‍ നടന്ന കാര്യങ്ങള്‍ ആണ് ഇവിടെ അവലംബം. ടി ടി കൃഷ്ണമാചാരി ആയിരുന്നു അന്ന് ധനകാര്യ മന്ത്രി. തന്മൂലം ധനവകുപ്പില്‍ അന്ന് പട്ടന്മാരുടെ ഒരു പട ഉണ്ടായിരുന്നു. ഏതൊരു ഫയല്‍ അയച്ചാലും ഒരു ചോദ്യചിഹ്നം എങ്കിലും ഇട്ട് അതു തിരിച്ചയക്കും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പല തവണ പോയാലേ ഒരു ഫയല്‍ പാസ്സാകൂ. തന്മൂലം വ്യവസായ വകുപ്പിലും അതു പോലെ തന്നെ ക്ലാര്‍ക്കുമാരുടെ ഒരു പടയെ നിയമിക്കേണ്ടി വന്നു എന്ന് ശ്രീ നായര്‍ വിലപിക്കുന്നു. പക്ഷെ, ഞാന്‍ ഇതിനെ പോസിടീവ് ആയി ആണ് കാണുന്നത്. ഓഫീസ് എന്ന ഉദാത്തമായ സങ്കല്‍പ്പത്തെ ഔന്നത്യത്തിലേയ്ക്കു നയിച്ച ദക്ഷിണേന്ത്യന്‍ സംഭാവനയെ നാം വില കുറച്ചു കാണരുത്.

ഇനി നമുക്കു കൊറോണാക്കാലത്തിലേയ്ക്കു കടക്കാം. വീട്ടില്‍ ഇരുന്നു ജോലി ചെയ്യുക എന്ന സമ്പ്രദായം സാമൂഹ്യതലത്തില്‍ ചെയ്യുന്ന ദോഷം പലരും മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഓഫീസ് എന്ന ആശയത്തിന്റെ കണ്ഠകോടാലിയായി ഇതു മാറുകയാണോ എന്നു പോലും ഞാന്‍ ആശങ്കപ്പെടുകയാണ് പ്രിയരേ. ഇപ്പോള്‍ പല വനിതകളും ഓഫീസ്സില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ക്കൊക്കെ അതിന്‍റെ ഉള്ളുകള്ളികള്‍ അറിയാമെന്നുമിരിക്കെത്തന്നെ പറയട്ടേ, ആ ഉള്ളുകള്ളികള്‍ ഇപ്പോള്‍ വീട്ടമ്മമാരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യം ആണ്. അതുമൂലം ഓഫീസ് എന്ന മഹനീയ പ്രസ്ഥാനത്തിന്‍റെ അന്തസ്സും വിലയും സമൂഹത്തില്‍ ഇടിയുന്ന കാഴ്ചയാണ് നാം കാണുന്നത്. ന്യൂനതകള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ, ലോകമെമ്പാടുമുള്ള പുരുഷപ്രജകള്‍ക്ക് സമാധാനവും, സംതൃപ്തിയും, അതിലുപരി ആത്മാവിശ്വാസവും നല്‍കി വന്ന ഈ പ്രസ്ഥാനത്തിന്‍റെ തകര്‍ച്ച ആശങ്കയോടെ മാത്രമേ വീക്ഷിക്കാനാവൂ. ഇത്രയും നാള്‍ ഓഫീസ്  ജോലിയില്‍ ഉള്ള കഷ്ട്പ്പാടുകളുടെ വിവരണങ്ങള്‍ കേട്ട് “കര്‍ത്താവേ, എന്‍റെ കെട്ടിയോന്‍ ഞങ്ങള്‍ക്കു വേണ്ടിയാണല്ലോ ഇത്രയും കഷ്ട്ടപ്പെടുന്നത്” എന്നോര്‍ത്ത് ഭര്‍ത്താവിനെ ദൈവ തുല്യം കരുതിയ പല നാരീജനങ്ങളും “ഈ ഓഫീസൊക്കെ പറയുന്ന പോലെ അത്ര വലിയ സംഭവം ഒന്നുമല്ല” എന്നൊക്കെ കരുതാന്‍ തുടങ്ങി എന്നാണ് കേഴ്വി. അടുത്തകാലത്ത്‌ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനായ ഭര്‍ത്താവു  പങ്കെടുത്ത ഒരു വീഡിയോ കൊണ്ഫറെന്‍സ്  വാതിനിലിടയിലൂടെ ഒളിഞ്ഞു വീക്ഷിച്ച ഒരു നാരി, “എടീ മറിയക്കൊച്ചേ, ഞാന്‍ അതിയാന്റെ വീഡിയോ കോണ്‍ഫറന്‍സ് ഒളിഞ്ഞു നിന്നു കണ്ടെടീ. നമ്മളീ അടുക്കളയില്‍ ചെയ്യുന്നതും, പിന്നെ നിന്നു സൊറ പറയുന്നതിലുമപ്പുറം അവിടൊന്നും നടക്കുന്നില്ലടീ” എന്നു പറഞ്ഞതായും, മറിയക്കൊച്ച് അതിയാന്റെ സ്വകാര്യതയ്ക്ക് പുല്ലു വില പോലും കൊടുക്കാതെ ചങ്ങനാശ്ശേരി ചന്തയില്‍ കണ്ട കൂട്ടുകാരികളോടെല്ലാം ഇതു പോയി വിളമ്പിയതായും, അതുമൂലം  ഇക്കാര്യം നാട്ടില്‍ മുഴുവന്‍ പാട്ടായതായും എനിക്കു വിവരം കിട്ടിയിട്ടുണ്ട്. ഇങ്ങനെയൊക്കെ പോകുന്നു കാര്യങ്ങള്‍. വലിയൊരു പ്രതിസന്ധി ആണിത്.

പ്രിയ വായനക്കാരേ, മേല്‍ സൂചിപ്പിച്ച പോലെ, നല്ലൊരു ശതമാനം കെട്ടിയോന്മാരുടെ കര്‍മ്മക്ഷേത്രം എന്നു തന്നെ പറയാവുന്ന ഓഫീസ് വ്യവസ്ഥയുടെ അതിഭീകരമായ രൂപമാറ്റം ആണ് ഇന്നവര്‍ അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. അത്യന്തം ഗുരുതരമാണ് കാര്യങ്ങള്‍. എങ്കിലും, ചരിത്രത്തിലെ കഴിഞ്ഞു പോയ പ്രതിസന്ധികള്‍ തരണം ചെയ്തതു പോലെ ഇതും നാം തരണം ചെയ്യും എന്നാണെന്‍റെ പ്രത്യാശ.

വാല്‍ക്കഷണം:- ഓര്‍ക്കുക, “ഈ സമയവും പോകും” എന്ന വാചകം. ആ പ്രത്യാശ ഉണ്ടല്ലോ? അതാണ്‌ മാനവരാശിയെ മുന്നോട്ടു നയിക്കുന്നത്.

Author's Email : anandjantony@gmail.com

 


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം