രാജാധിരാജന്‍ എഴുന്നെള്ളുന്നു..


ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍ പിന്ഗ് ഏതാനും വര്ഷം മുന്‍പ് മോസ്കോയില്‍ വിമാനമിറങ്ങുന്ന വീഡിയോ കാണാറായി. വിമാനം ലാന്‍ഡ്‌ ചെയ്തു ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹവും പത്നിയും പടികളിറങ്ങി വന്നു. റഷ്യന്‍ പ്രധിനിതികള്‍ അവരെ ഹസ്തദാനം ചെയ്തു സ്വീകരിച്ചു.  ലളിതവും കാര്യക്ഷമവും ആയ ചടങ്ങ്. അത്രയും നല്ലത്. അതു കഴിഞ്ഞുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ മുതലായ ആഡംബര ചടങ്ങുകള്‍ ആണ് ഇനി നമ്മുടെ പ്രതിപാദന വിഷയം. മൂര്‍ച്ചയുള്ള ബയണറ്റ്‌ പിടിപ്പിച്ച റൈഫിള്‍ ഏന്തി മുഖം തിരശ്ചീനരേഖയ്ക്ക് നാല്‍പ്പത്തഞ്ച് ഡിഗ്രി മുകളിലോട്ടു ചരിഞ്ഞ് കൊത്തി വച്ച പാവകള്‍ പോലെ ഒരു നിര റഷ്യന്‍ സൈനികര്‍. കൂടെ ബാന്‍ഡ് മേളക്കാര്‍. ആദ്യം രണ്ടു രാജ്യങ്ങളുടെയും ദേശിയഗാനങ്ങള്‍ ആലപിച്ചു. പിന്നെ സല്യൂട്ട് സ്വീകരിച്ചു. സൈനികര്‍ നേരേ നിന്നും തിരഞ്ഞും ഒക്കെ കുറേ കവാത്ത് നടത്തിയ ശേഷമാണ് സല്യൂട്ട് ചെയ്തത്. ഒടുവില്‍ വിശിഷ്ടാതിഥിയേ കൂട്ടിക്കൊണ്ടു പോകുന്നതിനു പിറകെ “ഡും ഡും ഡും, പേ പേ പേ” താളത്തിനനുസരിച്ച് കവാത്ത് ചെയ്ത് റഷ്യന്‍ സൈനികരും, അതിനു പുറകെ അതേ പോലെ ചൈനീസ്‌ സൈനികരും. ശെടാ ഇതു കൊള്ളാമല്ലോ! നല്ല കൌതുകകരമായിത്തോന്നി. ഒരു ബോളിവുഡ് സിനിമാ കണ്ടു കൊണ്ടിരിക്കുന്ന പ്രതീതി. ഇടക്കൊരു വട്ടന്‍ സൈനികന്‍  ആ ബയണറ്റ്‌ കൊണ്ടൊരു കുത്തു പ്രസിഡന്റിനു കൊടുത്തെങ്കിലോ  എന്നൊരു ചെറിയ ശങ്ക വന്നെങ്കിലും ഭാഗ്യവശാല്‍ അതുണ്ടായില്ല. തുലോം ചെറുതാണെങ്കിലും, അങ്ങനെയൊരു പ്രശ്നം ഉണ്ടാകാന്‍ ഉള്ള സാധ്യത  അധികാരികള്‍ തള്ളിക്കളയരുതെന്നാണ് എന്‍റെ പക്ഷം. ഉണ്ടയില്ലാത്ത തോക്കില്‍ മൂര്‍ച്ചയില്ലാത്ത വല്ല ഡ്യൂപ്ലിക്കേറ്റ് ബയണറ്റും വച്ചു  പിടിപ്പിച്ചു കൊടുത്താല്‍ തീരുന്ന പ്രശ്നമേയുള്ളു. എനിക്കെന്താ? സൂക്ഷിച്ചാല്‍ അവര്‍ക്കു കൊള്ളാം. 

  ഏതായാലും, വിനോദത്തിനു ബാന്‍ഡ് മേളവും സല്യൂട്ടടിയും കവാത്തും ഒക്കെ ഉള്ളതൊഴിച്ചാല്‍ പരിപാടികള്‍ പെട്ടെന്നു നീറ്റ് ആയിട്ടു തീര്‍ന്നു. ആധുനിക പ്രസിഡന്ടുമാരും പ്രധാനമന്ത്രിമാരും എല്ലാം ഒന്നുകില്‍ കോട്ടും സ്യൂട്ടും അല്ലെങ്കില്‍ ദേശീയ വേഷവും അണിഞ്ഞ് മറ്റേതു എക്സിക്ക്യൂട്ടീവുകളെയും പോലെയാണ് സന്ദര്‍ശനങ്ങള്‍ക്ക് പോവുക. കൂടി വന്നാല്‍ നമ്മുടെ മോഡിജി ഇന്ത്യക്കുള്ളില്‍ ധരിക്കുന്നതു പോലെ ഒരു തലപ്പാവും കൂടിയുണ്ടാവും. പക്ഷെ പണ്ടങ്ങനെയല്ലായിരുന്നു. ഇടുന്ന ഡ്രസിനു തന്നെ കുറേ കിലോ തൂക്കം കാണും. അതിനു പുറമേ തലയില്‍ ഒരു കിരീടവും, കയ്യില്‍ ചെങ്കോലും എല്ലാം കൂടി കുറേ ഭാരം ചുമക്കേണ്ട സ്ഥിതിവിശേഷമാണ് രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ഒന്നൊന്നര നൂറ്റാണ്ടു മുന്‍പ് ഉണ്ടായിരുന്നത്. മാത്രമല്ല ജനങ്ങള്‍ക്കു  മുന്‍പില്‍ എഴുന്നെള്ളുമ്പോള്‍ പെരുമ്പറയടിയും കുഴലൂത്തും ഒക്കെയുണ്ടായിരുന്നു. ഇനിയും എങ്ങാനും ആര്‍ക്കെങ്കിലും ഈ വരുന്ന പുള്ളിയുടെ മഹത്വം വേണ്ടപോലെ മനസ്സിലായില്ലെങ്കിലോ എന്നു കരുതി രാജാവിന്‍റെ ഫുള്‍ പേര് എല്ലാ പദവികളും ചേര്‍ത്തു വിളിച്ചു പറയുന്ന ഒരു ഏര്‍പ്പാട് തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. അവസാനത്തെ മഹാരാജാവിന്‍റെ മുഴുവന്‍ പേര് മേജർ ജനറൽ ഹിസ്‌ ഹൈനെസ്സ് ശ്രീ പത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാകൂർ മഹാരാജ  ജി. സി.എസ്. ഐ (GCSI),  ജി സി. ഐ. ഈ. (GCIE)  എന്നായിരുന്നു എന്നോര്‍ക്കുമ്പോള്‍ ആ വിളിച്ചു പറച്ചിലിന്റെ ഗാംഭീര്യവും അത് പ്രജകളില്‍ ഉണ്ടാക്കുന്ന ഭയഭക്തിബഹുമാനവും ഊഹിക്കാവുന്നതേയുള്ളൂ.

അതൊക്കെ അന്ത കാലം. ഇപ്പോളതെല്ലാം പോയില്ലേ? സത്യം പറയുകയാണെങ്കില്‍ നമ്മുടെ ഗാന്ധിജി തന്നെ ആണ് പ്രധാന കാരണക്കാരന്‍! അങ്ങേരുടെ അല്‍പ്പവസ്ത്ര സങ്കല്‍പ്പവും കൈത്തറി സ്നേഹവും ഒക്കെ കാരണം രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ ലളിത വസ്ത്രം വേണമെന്ന ഒരു നില വന്നു. ഗാന്ധിയുടെ പോലെ അല്‍പ്പ വസ്ത്രം വന്നില്ല എന്നേയുള്ളൂ – ഒരു പക്ഷെ ആള്‍ക്കാര്‍ കുടവയര്‍ ചൂണ്ടിക്കാട്ടി ക്വേസ്റ്യന്‍സ് ചോദിക്കുമോ എന്നു കരുതിയിട്ടാവാം. ഏതായാലും, ചുരുക്കത്തില്‍ ഖദര്‍ എന്നത് രാഷ്ട്രീയക്കാരുടെ യൂണിഫോം ആയി മാറി. പക്ഷെ നമ്മുടെ രാഷ്ട്രീയക്കാരല്ലേ? ആദ്യം ഒന്നു പകച്ചെങ്കിലും ഒരു കിടിലന്‍ പോംവഴി അവര്‍ തന്നെ കണ്ടു പിടിച്ചു. അതായത്, ലളിത വസ്ത്രം ധരിച്ച ആളുടെ ചുറ്റും പോലീസിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഒരു പട. കാക്കിയിട്ട എമാന്മാരുടെയും പാന്റും ഷര്‍ട്ടുമോ അല്ലെങ്കില്‍ സ്യൂട്ടോ ഇട്ട ഉദ്യോഗസ്ഥന്മാരുടെയും സെക്യൂരിറ്റി ആള്‍ക്കാരുടെയും മദ്ധ്യേ അതാ ലളിത വേഷം ധരിച്ച ജനകീയ നേതാവ്. വരുന്നു! പരിവാരപ്പടയെ കാണുമ്പോള്‍ തന്നെ ഈ വരുന്ന ആള്‍ അത്ര ഡൂക്കിലി ഒന്നുമല്ല എന്ന് പ്രജകള്‍ക്കു ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. മാത്രമല്ല, ഇത്രയും സെറ്റപ്പ് ഒക്കെ ഉണ്ടെങ്കിലും “ആളെത്ര സിമ്പിള്‍” എന്നൊരു മെസേജ് കൊടുക്കുകയും ചെയ്യാം! ഒരു വെടിക്കു രണ്ടു പക്ഷി. സംഗതി എങ്ങനെയുണ്ട്? ലീഡര്‍ കെ കരുണാകരന്‍ ഇതിന്‍റെ ഒക്കെ ഉസ്താദായിരുന്നു. അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, ബോഗിയിലും, പിന്നെ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളിലും എല്ലാം പോലീസുകാരുടെ ഒരു പട പതിവായിരുന്നു. ഒരിക്കല്‍ ഇതു കണ്ട സഖാവ് നായനാര്‍ “ഇതെന്താടോ, തന്നെ സര്‍ക്കസ്സുകാര് പുലിയേ കൊണ്ടു  പോകുന്ന പോലെ കൊണ്ടു പോകുന്നത്?” എന്നു ചോദിച്ചതിന് “അതൊക്കെയല്ലേ അതിന്‍റെ ഒരു പത്രാസ്സ്” എന്നു ലീഡര്‍ കണ്ണിറിക്കി മറുപടി നല്‍കിയതായും ഒരു കഥയുണ്ട്. 

  കാലം മാറി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും, ഔദ്യോഗിക കാര്യങ്ങളില്‍ പഴയ പത്രാസ്സ് നിലനിര്‍ത്തുന്ന ഒരു കൂട്ടര്‍ ഇപ്പോഴും ഉണ്ട്. പിടി കിട്ടിയില്ലേ? മറ്റാരുമല്ല, നമ്മുടെ കൃസ്ത്യന്‍ ബിഷപ്പുമാര്‍! എല്ലാ വിഭാഗക്കാരുമല്ല, പരമ്പരാഗത  വിശ്വാസക്കാരായ സുറിയാനി കൃസ്ത്യാനികള്‍. സീറോ മലബാര്‍ സഭയുടെയും പിന്നെ അതിലും മേലേ  ഓര്‍ത്തോഡോക്സ്, യാക്കോബായ സഭകളുടെയും കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്. പളപളാ മിന്നുന്ന കുപ്പായം, അംശവടി, കിരീടം എല്ലാമുണ്ട്. പിന്നെ അതു കൂടാതെ പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന ആളിന്‍റെ  പ്രതിനിധി എന്ന ലേബല്‍ വേറെയും. രാജാധിരാജനായ യേശുക്രുസ്തുവിന്റെ പ്രതിപുരുഷന്മാര്‍ ആയതു കൊണ്ട് ഇവരെ തിരുമേനി എന്നാണ് വിളിക്കേണ്ടതും. ഒരു എഴുപതു വര്‍ഷം മുന്‍പൊക്കെ ബിഷപ്പുമാരുടെ സംസാരഭാഷ തന്നെ “നോം കല്‍പ്പിക്കുന്നു” എന്ന രീതിയിലായിരുന്നു. പിന്നെ പിന്നെ, ഇങ്ങനൊക്കെ സംസാരിച്ചാല്‍ പിള്ളേരു കൂവുമെന്ന സ്ഥിതി വന്നപ്പോള്‍ ഈ പ്രയോഗമൊക്കെ അന്ന്യം നിന്നു പോയി. പാസ്ടര്‍ അനീഷ്‌ കാവാലം പറഞ്ഞതു പോലെ യേശുകൃസ്തുവിനു രണ്ടു ജോഡി ഡ്രസ്സ്‌ തികച്ചുണ്ടായിരുന്നോ, പത്രോസിനു സിംഹാസനം പോയിട്ട് ഒരു കൊരണ്ടിപ്പലക പോലും ഉണ്ടായിരുന്നോ  എന്നൊക്കെ ആരും ചോദിച്ചേക്കരുതേ. വിശ്വാസത്തിന്‍റെ പ്രശ്നമാണ്.

    രാജാക്കന്മാരെയും മെത്രാന്മാരെയും രാഷ്ട്രീയക്കാരെയും ഒക്കെ കുറ്റം പറഞ്ഞ സ്ഥിതിക്ക് മറ്റൊരു കാര്യം കൂടി പറയാതെ വയ്യ. മറ്റാരെയും പറ്റിയല്ല, ഈ നമ്മള്‍ അഥവാ സാധാരണ ജനങ്ങളെക്കുറിച്ചു തന്നെയാണ്. ഉദാഹരണത്തിന് നമ്മുടെ ജോലി സ്ഥലങ്ങളില്‍ ഉള്ള ശ്രേണീപരമായ (hierarchical) അധികാര രീതി ഒന്നു നിരീക്ഷിക്കുക. ഒരു വൈറ്റ് കോളര്‍ ഓഫീസിലാണെങ്കില്‍ സംവിധാനങ്ങള്‍ എങ്ങനെയെന്നു നോക്കാം. ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക് ഒരു ഡെസ്ക്കും കമ്പ്യൂട്ടറും. അറ്റത്ത്‌ ടീം ലീഡര്‍ ഇരിക്കും – കത്തോലിക്കാ ഭാഷയില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്‍ എന്നൊക്കെ പറയുന്നതു പോലെ. ഇതിനെല്ലാം മേലേ ഒരു പ്രത്യേക ക്യുബിക്കിളില്‍ മാനേജര്‍ - എന്നു വച്ചാല്‍ പെരിയ ബഹുമാനപ്പെട്ട വികാരി ജനറാള്‍ എന്നതു പോലെ. അതിനും മുകളില്‍ ഡയറക്ടര്‍; ഇവര്‍ക്കു പ്രത്യേക മുറി കാണും. ഏറ്റവും മുകളില്‍ സി ഈ ഓ. ഇവര്‍ക്കു മുറി മാത്രമല്ല, അതിനു ചുറ്റും ബോര്‍ഡ് റൂം തുടങ്ങി മറ്റു മുറികളും പരിവാരങ്ങളും എല്ലാമുണ്ടാകും! സ്വാഭാവികമായും, താഴെയുള്ളവരുടെ വിചാരം എങ്ങനെ പടിപടിയായി കയറണം എന്നതാണ്. സ്വന്തമായ ഒരു ക്യുബിക്കിള്‍, അല്ലെങ്കില്‍ റൂം  ലഭിക്കുമ്പോള്‍ എന്തോ വലിയ സംഭവം നേടിയെടുത്തു എന്നൊരു തോന്നലും ഉണ്ടാകും. ചുരുക്കത്തില്‍, രാജാക്കന്മാരുടെയും  മെത്രാന്മാരുടെയും രാഷ്ട്രീയക്കാരുടെയും കാര്യങ്ങള്‍ കണ്ടു രസിക്കാമെങ്കിലും, ഈ നമ്മളും ഒട്ടും മോശമല്ലെന്നു സാരം! അതങ്ങനെയല്ലേ വരൂ? നമ്മളില്‍ നിന്നു തന്നെയല്ലേ രാഷ്ട്രീയക്കാരും മറ്റും വരുന്നതു തന്നെ?

വാല്‍ക്കഷണമായി ഒരു നല്ല കാര്യം പറഞ്ഞു നിര്‍ത്തട്ടെ? മാറ്റങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിലും മതത്തിലും ഒക്കെ മാറ്റങ്ങള്‍ വരുന്നത് നാം കാണുന്നുണ്ടല്ലോ? അതുപോലെ തന്നെയുള്ള മാറ്റം, ഒരു പക്ഷെ നിശബ്ദ വിപ്ലവം എന്നു തന്നെ പറയാവുന്ന ഒരു മാറ്റം ജോലി സ്ഥലങ്ങളില്‍ സംഭവിക്കുന്നുണ്ട്. ഗൂഗിള്‍ മുതലായ പുരോഗമന ചിന്താഗതിയുള്ള കമ്പനികളില്‍ വളരെ നിര്‍ണായകമായി നടപ്പാക്കപ്പെടുന്ന വഴക്കമുള്ള പ്രവർത്തന രീതികള്‍ (Flexible Working Practices), അധികാരശ്രേണികള്‍ എത്രത്തോളം മാറ്റാന്‍ പറ്റുമോ അത്രത്തോളം മാറ്റുക (Flat Management Style) എന്നിവ ഇതില്‍ ഉള്‍പ്പെടും. പരമ്പരാഗതമായ പല മാനേജ്മെന്‍റ് സ്ഥാനങ്ങളും ഇന്നാവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വേറൊരു  വിപ്ലവം, ഓഫീസിലെ ഇരിപ്പിട ഘടനയില്‍ കൊണ്ടു വരുന്ന മാറ്റമാണ്. സിഡ്നിയില്‍ ഞാന്‍ ജോലി ചെയ്യുന്ന സംഘടനയില്‍ ഇപ്പോള്‍ ആര്‍ക്കും സ്ഥിരമായ ഒരു ഡെസ്ക് ഇല്ല. രാവിലെ വന്ന് ഒഴിവുള്ള ഒരു ഡെസ്കില്‍ ലാപ്ടോപ് വച്ചു ജോലി തുടങ്ങുന്നു. വൈകുന്നേരം ഡെസ്ക്കു വൃത്തിയാക്കി നമ്മുടെ സാധനങ്ങള്‍ ഒക്കെ ഒരു ലോക്കറില്‍ വച്ചിട്ട് വീട്ടിലേയ്ക്കു പോകുന്നു. താഴേക്കിടയില്‍ ഉള്ളവര്‍ മുതല്‍ സി. ഇ. ഓ. വരെ ഇങ്ങനെയാണെന്ന്.  ഒരേ ഒരു വ്യത്യാസം, സി. ഇ. ഓ., എക്സികുട്ടിവ് ഡയറക്ടര്‍മാര്‍ എന്നിവരുടെ കൂടെ സെക്രട്ടറിയും അടുത്ത ഡെസ്കില്‍ കാണും എന്നു മാത്രം. ഏതാനും മാസങ്ങള്‍ കൊണ്ട് മാത്രമാണ് ഈ മാറ്റം കൊണ്ട് വന്നത്. ഈ പറഞ്ഞത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആണെന്നറിയുമ്പോള്‍ പലരും അത്ഭുതപ്പെട്ടേക്കാം. ആദ്യം ചിലര്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും മിക്കവാറും പേര്‍ ഈ രീതിയോട് താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. മരിച്ചു മണ്ണടിഞ്ഞു എന്നു പലരും കരുതിയ സോഷ്യലിസം ശരിയായ രീതിയില്‍ തിരിച്ചു വീണ്ടും  വരികയാണോ എന്നു ഞാന്‍ ചിലപ്പോള്‍ സംശയിച്ചു പോകാറുണ്ട്. ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തിന്‍റെ ഒരു സവിശേഷത മാറ്റങ്ങള്‍ വളരെ വേഗത്തില്‍ വരുന്നതും നിലവിലുള്ള വ്യവസ്ഥിതിയെ തകിടം മറിക്കുകയോ, കുറഞ്ഞപക്ഷം ഒരു ഷോക്ക് ട്രീട്മെന്റ്റ് എങ്കിലും കൊടുക്കുകയോ ചെയ്യുന്നതാണ് എന്നതാണ്. 

 

എനിക്കു ശുഭാപ്തിവിശ്വാസം ആണ്.  ഒരു നല്ല നാളെക്കായി കാത്തിരിക്കാം!  


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം