ഖാലിസ്ഥാൻ റെഫറണ്ടം; ഇന്ത്യൻ ഹൈ കമ്മീഷൻ അപലപിച്ചു
ഓസ്‌ട്രേലിയയിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ അക്രമങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളെ മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. സുശീൽ കുമാർ അപലപിക്കുകയും ചെയ്തു.
'ഖാലിസ്ഥാൻ' എന്ന ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം സിഖ് മതസ്ഥർ കഴിഞ്ഞ ദിവസം മെൽബണിൽ സിഖ് മതവിശ്വാസികൾക്കിടയിൽ റെഫറണ്ടം നടത്തിയിരുന്നു. സിഖ് വിഭാഗത്തിലുള്ളവർ സ്വതന്ത്ര രാഷ്ട്രം എന്ന ആവശ്യത്തോട് അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യവുമായുള്ള റെഫറണ്ടത്തോട് അനുബന്ധിച്ച് ഖാലിസ്ഥാനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തെരുവുകളിൽ ഏറ്റുമുട്ടലും നടന്നു.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് മെൽബണിൽ റെഫറണ്ടം സംഘടിപ്പിച്ചത്. ബ്രിട്ടനിലും, സ്വിറ്റസർലാന്റിലും, കാനഡയിലും, ഇറ്റലിയിലും സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന സമാനമായ റെഫറണ്ടം സംഘടിപ്പിച്ചിരുന്നു.