ഒരാൾ ഇല്ലാതാകുമ്പോൾ |കവിത | ബെനില അംബിക | മെല്‍ബണ്‍
ധ്യാനത്തിലേക്ക്
ഉണരുന്നൊരു
നിമിഷം
സ്വപ്നത്തിലേക്ക്
ഒഴുകുന്നൊരു
നേരം
ആലങ്കാരികമായ
മുഖംതിരിക്കലിൽ
മറവി തോന്നിയ
ക്ഷണത്തിൽ
പഴയൊരു വീടിന്റെ
തളത്തിലേക്ക്
വഴുതി വീഴുന്നു
ക്രമം തെറ്റിയ
മച്ചിലെ വിടവിൽ
അടുക്കളപ്പുക
നാവിലെ രസനയെ
ജ്വലിപ്പിക്കുന്നു
ഉച്ചഭക്ഷണത്തിന്
തിരക്കേറുന്ന അമ്മ
ഊണ് മേശയിൽ
അടക്കമില്ലാത്ത
പുസ്തക പകർപ്പുകൾ
പലഹാര പാത്രത്തിലെ
തിരച്ചിലിൽ
ഇഷ്ടമുള്ളതൊന്ന്
കയ്യിൽ തടയുന്നു
ഉറുമ്പിനെ പോലെ
ധൃതിയിൽ
അവിടവിടെ നടക്കുന്ന
അച്ഛൻ
കണ്ണികളിടഞ്ഞു
ഇത്ര നാളും നീ?
ചോദ്യം മുറിഞ്ഞപ്പോൾ
ബോധ്യം വന്നു...
ഇപ്പോൾ ആ വീടെന്താണ്?
വിട്ടകന്നു പോയൊരാളുടെ
വാറു പൊട്ടിയ ഒരു ജോഡി ചെരുപ്പ്
അയാളുടെ പണിയായുധങ്ങൾ
അയാളുടെ
പഴയ ഉടുപ്പുകൾ
അവരുടെ മാത്രം അടുക്കള
അടക്കം പറച്ചിലുകൾ
പൊട്ടിച്ചിരികൾ
പതിവായി അവരിരിക്കുന്ന ഇടങ്ങൾ
അവരുടെ ഇരിപ്പുകൊണ്ടോ മറ്റോ
അവരുടെ ഛായ വിരിഞ്ഞ ഇരിപ്പിടങ്ങൾ
ഒരാൾ ഇല്ലാതാകുമ്പോൾ ഒരു വീടേ ഇല്ലാതാകുന്നു...