നവലിബറല്‍ മുതലാളിത്തത്തിന് ബദല്‍ മാര്‍ക്സോ ഗാന്ധിയോ | കെ. അരവിന്ദാക്ഷന്‍
എന്‍റെ മാര്‍ക്സ് വായന ഗാന്ധിയോളം ആഴമുള്ളതല്ല. അതിന്‍റെ പരിമിതികള്‍ ലേഖനത്തിനുണ്ടാകാം. എന്നാല്‍ പലതരം വായനകളിലൂടെയും ജീവിതങ്ങളിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോകുമ്പോള്‍ തലച്ചോറില്‍ തറച്ച നിഗമനങ്ങളാണ് ഞാന്‍ പങ്കുവെയ്ക്കുന്നത്. കാലമാണ് അവയുടെ യാഥാര്‍ത്ഥ്യം തെളിയിക്കേണ്ടത്.
"മാര്‍ക്സിന്‍റെ എഴുത്ത് എന്നത്തേക്കാളും പ്രസക്തമാണിന്ന്" - ഈ തലക്കെട്ടില്‍ ജര്‍മ്മന്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനായ വോള്‍ഫാങ്ങ് സ്ട്രീക്കുമായി ജിതീഷ് പി.എമ്മും ജിപ്സണ്‍ ജോണും നടത്തിയ അഭിമുഖം നമ്മുടെ കാലത്തെ നഗ്നമാക്കുന്നതാണ്. (Frontline : സെപ്തംബര്‍ 9, 2018) അഭിമുഖത്തിലെ വീക്ഷണങ്ങള്‍, അതോടുള്ള എന്‍റെ പ്രതികരണങ്ങളും ചേര്‍ന്ന്, ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു.
(1) New Left Review നുവേണ്ടി 2014-ല്‍ സ്ട്രീക്ക് എഴുതിയ "എപ്രകാരമായിരിക്കും മുതലാളിത്തത്തിന്‍റെ അന്ത്യം?" എന്ന പ്രബന്ധത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു: "രണ്ടാം ലോകമഹായുദ്ധത്തിന്‍റെ നിഴലില്‍ അനുയോജ്യമല്ലാത്ത പങ്കാളികളായ ജനാധിപത്യവും മുതലാളിത്തവും തമ്മില്‍ നടന്ന വിവാഹ വേഴ്ച അവസാനിക്കുകയാണ്. സാമ്പത്തിക മേഖലകളിലെ അതിക്രമങ്ങളെ നിയന്ത്രിച്ചിരുന്ന സ്ഥാപനങ്ങള്‍ (Regulatory Institutions) തകര്‍ന്നടിയുന്നു... ശീതയുദ്ധങ്ങളുണ്ടായ മുതലാളിത്തത്തിന്‍റെ ആത്യന്തിക വിജയത്തെത്തുടര്‍ന്നുണ്ടായ വിപണികളുടെ ഉദാരവല്‍ക്കരണത്തെ പിന്നോട്ട് തള്ളാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ ഏജന്‍സിയും ഇല്ലാതായിരിക്കുന്നു. സ്ഥാപനവല്‍ക്കൃത അഴിമതി, ആഗോള അരാജക വാഴ്ച, ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതുയിടം, തസ്കരഭരണം (Oligarchic rule), കീഴോട്ടടിക്കുന്ന വളര്‍ച്ച എന്നിവയാല്‍ നിര്‍വ്വചിക്കപ്പെടുന്ന ഒരു ലോകമായി മാറിയിരിക്കുന്നു നമ്മുടേത്. ഈ രോഗങ്ങള്‍ ഭേദമാക്കാനുള്ള യാതൊരു ചികിത്സയും ഇല്ല." നമ്മുടെ കാലത്തെക്കുറിച്ചുള്ള വ്യക്തമായ കണ്ടെത്തലാണ് സ്ട്രീക്കിന്‍റേത്.
(2) മുതലാളിത്തത്തെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഒരു പുത്തന്‍ സമൂഹം ഉടനെയൊന്നും ഉണ്ടാകുന്നതായി സൂചനകളില്ല, ചരിത്രം പഠിക്കുമ്പോള്‍. നീണ്ടകാലത്തെ അരക്ഷിതത്തത്തിലൂടെയും അവ്യവസ്ഥയിലൂടെയും ആയിരിക്കും നാം കടന്നുപോകുക. പഴയ വ്യവസ്ഥ തകര്‍ക്കുകയും പുതിയതൊന്നിന്‍റെ ജനനം സംഭവിയ്ക്കാതിരിക്കുകയും ചെയ്യുന്ന ഈ കാലയളവില്‍ ആന്‍റണിയോ ഗ്രാംചി തന്‍റെ 'തടവറക്കുറിപ്പുകളി'ല്‍ (Prison Notebooks) ചൂണ്ടിക്കാട്ടിയതുപോലെ വളരെ വിചിത്രമായവ സംഭവിച്ചേക്കാം - ഈ ഇടക്കാലം ഏറെ അപകടം നിറഞ്ഞതായിരിക്കും. അതിന്നര്‍ത്ഥം മുതലാളിത്തവുമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ടെന്നല്ല. അതിനെ തൂത്തെറിയാനുള്ള സംഘടിതശക്തി നമുക്കില്ല. കാരണം, മുതലാളിത്തം ഇന്ന് ഒരു ആഗോളഭരണകൂടമാണ്. എന്നാല്‍ മുതലാളിത്ത വിരുദ്ധ സമരങ്ങളാകട്ടെ പ്രാദേശകവും. മുതലാളിത്ത വികസനത്തിന്‍റെ അതിഭീകര ചക്രത്തിലേയ്ക്ക് മണല്‍ വാരിയെറിയാമെന്നുമാത്രം. അതിനെ അവസാനിപ്പിക്കാനാവില്ല. (3) സ്വതന്ത്രകച്ചവടവും വിപണികളുടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കിയതും മനുഷ്യസമൂഹങ്ങളെയെല്ലാം കീറിമുറിച്ചിരിയ്ക്കുന്നു. ഗവണ്‍മെന്‍റുകള്‍ ചലനരഹിതമാണ്. ജനങ്ങളില്‍ സാമ്പത്തിക വിതരണം നടത്തുന്ന ഒരു ഏജന്‍റ് എന്ന നിലയില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.
(4) മുതലാളിത്തം ഒരു ചരിത്രപ്രതിഭാസമാണ്. തുടക്കമുള്ള ഒന്നിന് ഒടുക്കവുമുണ്ടെന്നപോലെ മുതലാളിത്തത്തിനും അന്ത്യമുണ്ടെന്നും മാര്‍ക്സ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ലാഭത്തോത് നിപതിക്കുന്നതിന്‍റെ ഫലമായി ഇത് സംഭവിയ്ക്കാമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പക്ഷേ, മൂലധനത്തിന്‍റെ ഒന്നാം പുസ്തകമിറങ്ങി നൂറ്റമ്പത് കൊല്ലം കഴിഞ്ഞിട്ടും അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല. (5) ഭീമന്‍ സൂപ്പര്‍ സ്റ്റെയിറ്റുകളില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ കൂടുതല്‍ പ്രാദേശിക കൂട്ടായ്മകള്‍ വേണമെന്നാവശ്യപ്പെടുന്നുണ്ട്. ഒന്നുകില്‍ വലിയ സ്റ്റെയിറ്റുകള്‍ക്കുള്ളിലെ വികേന്ദ്രീകരണത്തിലൂടെ. അല്ലെങ്കില്‍ വലിയ സ്റ്റെയിറ്റുകളില്‍നിന്ന് വിഛേദനം നടത്തി. യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യത്തിന്‍റെ, ഉദ്ഗ്രഥനത്തിന്‍റെ അടയാളമായിട്ടാണ് നാം കണ്ടത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാനുള്ള (BREXT) ബ്രിട്ടന്‍ ഉദാഹരണം - യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനങ്ങള്‍ ഇതിന് കനത്ത തിരിച്ചടിയായി. ഇനിയും മറ്റ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്ത് കടക്കാന്‍ സാധ്യതയുണ്ട്. യൂറോപ്യന്‍ യൂണിയന്‍റെ ഉദ്ഗ്രഥനത്തിലുണ്ടായിട്ടുള്ള ഈ പ്രതിസന്ധി ചൈന, റഷ്യ, അമേരിക്ക, ഇന്ത്യ തുടങ്ങി വന്‍ രാഷ്ട്രീയ യൂണിറ്റുകളിലെല്ലാം നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളും ആഗോള വിപണികളുടെ അധിനിവേശവും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇന്ത്യപോലെ ജനാധിപത്യത്തിന്‍റെ നിഴലില്‍ നീങ്ങുന്ന രാജ്യങ്ങളില്‍ ഭീകരമായ അസമത്വവും വിപണികളുടെ കടന്നുകയറ്റവും ഭാഷയുടേയും മതത്തിന്‍റേയും വംശത്തിന്‍റേയും പേരില്‍ വിഘടിക്കാനുള്ള പ്രവണതയും ഏറിവരികയാണ്.
(6) കഴിഞ്ഞ മുപ്പത് കൊല്ലങ്ങളില്‍ തീവ്രവലതുപക്ഷക്കാറ്റ് ആഞ്ഞടിക്കാത്ത രാഷ്ട്രങ്ങള്‍ കുറവാണ്. ഇത് ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതാണ്. നവലിബറലിസത്തിന്‍റെ ഫലമായുണ്ടായ നവഫാസിസത്തിന്‍റെ വ്യത്യസ്തരൂപങ്ങള്‍ ട്രമ്പായും മോദിയായും ലോകത്തില്‍ പലരാജ്യങ്ങളിലും താണ്ഡവമാടുന്നുണ്ട്. വാസ്തവത്തില്‍ ഇടതുപക്ഷ സ്വഭാവമുള്ളവയെയും ഇത് ബാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നമ്മുടെ പിണറായി സര്‍ക്കാര്‍ തന്നെയാണ്. ട്രമ്പില്‍നിന്നും മോദിയില്‍നിന്നും പിണറായിയ്ക്ക് എന്താണ് വ്യത്യാസം? മൂന്നുകൂട്ടരും നവലിബറലിസത്തിന്‍റെ ആഗോള അജണ്ട തന്നെയാണ് നടപ്പാക്കുന്നത്. മോദിയെന്ന 'കരിസ്മാറ്റിക്' പ്രധാനമന്ത്രി അര്‍ദ്ധനുണകളും അസത്യങ്ങളും പറഞ്ഞും ഇന്ത്യയുടെ രണ്ടായിരം കൊല്ലത്തെ ചരിത്രത്തെ വളച്ചൊടിച്ചും തിരുത്തിയെഴുതിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ദേശാഭിമാനികളെ സ്വന്തമാക്കിയും അപകീര്‍ത്തിപ്പെടുത്തിയും ജാതി-മത- വംശീയതകളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും ഇന്ത്യയുടെ വിഭവങ്ങള്‍ അന്തര്‍ദേശീയ കോര്‍പ്പറേഷനുകള്‍ക്ക് അടിയറവെയ്ക്കുന്നു. പിണറായി വിജയനാകട്ടെ, കേരളത്തിന്‍റെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ പ്രാദേശിക മാഫിയകളേയും അന്തര്‍ദേശീയ ഏജന്‍റുമാരേയും അനുവദിക്കുന്നു. മോദിയും പിണറായിയും ഒരേ പ്രതിഭാസത്തിന്‍റെ പ്രതിനിധികള്‍ മാത്രമാണ്. നാളെയിത് മായാവതിയാകാം, അമിത്ഷായോ, യോഗി ആദിത്യനാഥോ ആകാം, എം.വി. ജയരാജനാകാം. മോദിയ്ക്കും പിണറായിക്കും അച്ചടക്കവും അരാജകത്തവും അധാര്‍മ്മികതയും അക്രമവും കൈമുതലായുള്ള സംഘങ്ങള്‍ ഉണ്ട്, സാമൂഹിക മാധ്യമങ്ങളടക്കം.നാമിവിടെ കാണുന്നത് വ്യവസ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഴത്തിലുള്ളവിശ്വാസ നഷ്ടമാണ്. ഒപ്പം തന്നെ ഇതിനെ ചൂഷണം ചെയ്യാനുള്ള വ്യത്യസ്ത സാമൂഹ്യശക്തികളുടെ ശ്രമവുമാണ്. നവലിബറല്‍ രാഷ്ട്രീയത്തിന്‍റെ പ്രതിരോധത്തിന് ഇത്തരം ഇടതു-വലതുപക്ഷങ്ങള്‍ തീര്‍ത്തും പരാജയങ്ങളാണ്.
(7) നവലിബറല്‍ ആഗോളവത്ക്കരണത്തിന്‍റെ കാലത്ത് സ്റ്റെയിറ്റ് ജനക്ഷേമപദ്ധതികളില്‍നിന്ന് പിന്മാറുന്നതായി കാണാം. വിപണികളുടെ കഴുത്തറപ്പന്‍ മത്സരം അനുവദിക്കാനായി സ്റ്റെയിറ്റ് അതിന്‍റെ എല്ലാ മേഖലകളും (പ്രതിരോധം-വിദ്യാഭ്യാസം-സംസ്കാരം-ഭാഷ-ആരോഗ്യം- നീതിന്യായം-വികസനം തുടങ്ങിയവ) ആഗോള കുത്തകകള്‍ക്ക് തുറന്നിടുന്നു. സ്വകാര്യ സംരംഭങ്ങള്‍ക്ക് എല്ലാ ഇളവുകളും നല്‍കുന്നു, പൊതുഖജനാവില്‍ നിന്ന്. ഇന്ത്യയില്‍ 2014 മുതലുള്ള മോദി ഭരണത്തില്‍ നോട്ടുനിരോധനം, ചരക്ക്-സേവന നികുതി തുടങ്ങിയ പരിഷ്ക്കാരങ്ങളടക്കമുള്ള ഏര്‍പ്പാടുകളിലൂടെ ലക്ഷക്കണക്കിന് കൈത്തൊഴില്‍ വേലക്കാരും, ചെറുകിട കച്ചവടക്കാരും തൊഴില്‍ രഹിതരായി. 2004 മുതലുള്ള യു.പി.എ. ഭരണത്തിന്‍റെ തുടര്‍ച്ചയായ മോദിഭരണം (സാമ്പത്തിക മേഖലയില്‍) ഇന്ത്യന്‍ കര്‍ഷകരെ ആത്മഹത്യയിലേയ്ക്കും നിരന്തരമായ പ്രക്ഷോഭണങ്ങളിലേയ്ക്കും തള്ളിയിട്ടു. അണക്കെട്ടുകളും വ്യവസായ ശാലകളും ദേശീയ പാതകളും ലക്ഷക്കണക്കിന് ദരിദ്രരെ, ആദിവാസികളെ, ദളിതരെ അഭയാര്‍ത്ഥികളാക്കി. അവര്‍ക്കാര്‍ക്കും (കഴിഞ്ഞ അമ്പതുവര്‍ഷങ്ങളിലേത് പോലെത്തന്നെ) ഒരു നഷ്ടപരിഹാരവും നല്‍കിയില്ല. പോലീസ് കേസ്സുകളും തടവറകളും വെടിയുണ്ടകളുമാണ് നല്‍കിയത്. ആദ്യ യു.പി.എ. ഭരണത്തിലുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതി ദുര്‍ബ്ബലമാക്കി. കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയില്‍നിന്നും വ്യത്യസ്തമല്ല, ഇടതു ഭരണവും. മനുഷ്യാവകാശം തൊട്ട് പരിസ്ഥിതി സംരക്ഷണംവരെ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ആര്‍.എസ്സ്.എസ്സ്. ബി.ജെ.പി. ഭരണവും കോണ്‍ഗ്രസ്സും ഇടതുപക്ഷവും യാദവരും മായാവതിയും ഒരുപോലെയാണ്. അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന വിപണനശക്തികളെന്ന മാഫിയകളുടെ 'സ്വാതന്ത്ര്യ'ത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ പോലീസും പട്ടാളവുമിറങ്ങി ജനങ്ങളെ രാജ്യദ്രോഹികളും വികസന വിരോധികളുമാക്കി അമര്‍ച്ച ചെയ്യും, തടവിലിടും, വെടിവെച്ചുകൊല്ലും. ഇന്ത്യയും അറിയപ്പെടുന്നത് 'ജനാധിപത്യ' രാജ്യമായിട്ടാണ്. നമ്മുടെ ജനാധിപത്യ തിരഞ്ഞെടുപ്പുകളിലും ആഗോള വിപണികളാണ് മത്സരിക്കുന്നത്. തോല്‍ക്കുന്നതോ പാവപ്പെട്ട ജനങ്ങളും. ഇത് ലോകത്ത് അവികസിത-വികസ്വര രാജ്യങ്ങളില്‍ കാണാവുന്ന പ്രതിഭാസമാണ്.
വോള്‍ഫാങ്ങിന്‍റെ പരിഹാര നിര്‍ദ്ദേശങ്ങള്‍ :
(1) സാമ്പത്തിക നിയന്ത്രണങ്ങള്‍ പ്രാദേശിക രാഷ്ട്രീയ സമൂഹങ്ങളിലേയ്ക്ക് കഴിയാവുന്നത്ര തിരിച്ചുവിടണം. അതായത് പ്രാദേശിക സാമ്പത്തിക വികസനങ്ങള്‍ക്കുമേലുള്ള അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളായ ലോകബാങ്കിന്‍റേയും ബഹുരാഷ്ട്ര കുത്തകകളുടേയും സ്വേച്ഛാധിപത്യം അവസാനിപ്പിക്കണം. അങ്ങനെയായാല്‍ മാത്രമേ ജനാധിപത്യം പുനഃസ്ഥാപിതമാകൂ. ജനപങ്കാളിത്തത്തോടെയുള്ള കൂട്ടായ തീരുമാനങ്ങള്‍ എല്ലാ മേഖലകളിലും വേണം. എന്നാല്‍ മാത്രമേ പ്രാദേശിക സാമൂഹ്യ-സാമ്പത്തിക പരീക്ഷണങ്ങള്‍ മുതലാളിത്തത്തിന് ബദലായി വരികയുള്ളൂ. (2) നവലിബറല്‍ മുതലാളിത്തത്തിനെതിരായുള്ള ക്രിയാത്മക പ്രതിരോധം പ്രാദേശികതലങ്ങളില്‍ നിന്നാണാരംഭിക്കേണ്ടത്. മുതലാളിത്തത്തില്‍നിന്ന് പൂര്‍ണ്ണമായും വേര്‍പ്പെടുത്തിക്കൊണ്ടുള്ള ജീവിതപരീക്ഷണങ്ങളും സാമ്പത്തിക-രാഷ്ട്രീയ പരീക്ഷണങ്ങളും അനിവാര്യമാണ്. (3) യൂറോപ്യന്‍ ഇടതുപക്ഷവും ലോകത്തിലെ ഇതര ഇടതുപക്ഷങ്ങളും താഴെത്തട്ടില്‍നിന്നുതന്നെ, ഭൂതകാലത്തില്‍നിന്നും വ്യത്യസ്തമായി, പുതിയ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. ഇവ ദേശീയ തൊഴിലാളി വര്‍ഗ്ഗങ്ങളുമായി ബന്ധപ്പെടുത്തണം. മദ്ധ്യവര്‍ഗ്ഗികളുടെ പ്രശ്നങ്ങളെയല്ല ഈ പുതിയ പാര്‍ട്ടികള്‍ അഭിസംബോധന ചെയ്യേണ്ടത്, തൊഴിലാളിയുടേതാണ്. (4) ആഗോളതലത്തില്‍, കനത്ത അഭയാര്‍ത്ഥി പ്രവാഹങ്ങളുടെ കുത്തൊഴുക്കാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. അദ്ധ്വാന മേഖലകളില്‍ ക്രൂരമായ ചൂഷണമാണ്. അദ്ധ്വാനത്തിന്‍റെ വില വളരെയേറെ ഇടിഞ്ഞിരിയ്ക്കുന്നു. ഇതോടെ സ്ത്രീകളും കുഞ്ഞുങ്ങളും വെള്ളത്തിനും അന്നത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും കൂരയ്ക്കും വിശ്രമസമയത്തിനുമായി ബദ്ധപ്പെടുകയാണ്.
വോള്‍ഫ് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്‍റെ പരിമിതികള്‍
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ ഇപ്പോഴും വ്യവസായ-വ്യവസായനന്തര തൊഴിലാളിയെ അടിസ്ഥാനമാക്കിയാണ് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. പ്രാദേശികമായ സാമ്പത്തിക രാഷ്ട്രീയ പരീക്ഷണങ്ങള്‍ പ്രതിരോധങ്ങള്‍ എന്ന ആശയം ഏറെ പ്രശംസനീയമാണ്. നാളിതുവരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളൊന്നും തന്നെ തങ്ങളുടെ അധികാരം വികേന്ദ്രീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. താഴെത്തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങളില്‍നിന്ന്, പരിസ്ഥിതിയ്ക്ക് കോട്ടംവരാത്ത ഒരു ശാസ്ത്രസാങ്കേതികതയോ വികസന പരിപ്രേക്ഷ്യമോ മാര്‍ക്സിസ്റ്റ് ഭരണകൂടങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലാണെങ്കിലും ഹൃസ്വകാലത്തേയ്ക്കുപോലും രൂപപ്പെടുത്തിയതായി അറിവില്ല. "TITO-THE STORY FROM INSIDE'' എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകാരനായ മിലോവന്‍ ഡ്ജിലാസ് ടിറ്റോയെന്ന കമ്മ്യൂണിസ്റ്റ് ഏകാധിപധിയുമായി പതിനേഴുകൊല്ലം ജീവിച്ചതിന്‍റെ ക്രൂരസാക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. "അരിസ്റ്റോക്രാറ്റിക് സ്വഭാവങ്ങളുണ്ടായിരുന്ന ഒരു വ്യവസായിയായിരുന്നു ഏംഗല്‍സ്. മാര്‍ക്സ് ആകട്ടെ, ഊഹക്കച്ചവടങ്ങളില്‍ വ്യാപൃതനായിരുന്നു. തന്‍റെ പ്രതിയോഗികളെ ഭര്‍ത്സിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. സ്റ്റാലിന്‍ സ്കൂളിന്‍റെ ഉപജ്ഞാതാവ് മാര്‍ക്സാണ്. സ്റ്റാലിന്‍, വിശ്വസനീയമായ കണക്കുകളനുസരിച്ച് ഏഴ് വര്‍ഷം കമ്മ്യൂണിസ്റ്റുകാരെയും, ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റിതരരേയും ഇല്ലാതാക്കി... മാര്‍ക്സില്‍നിന്നാണ് ലെനിന്‍ അധികാരത്തിന്‍റെ അടിസ്ഥാന പാഠം പഠിച്ചത്; തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സര്‍വ്വാധിപത്യം." മാര്‍ക്സിസം പ്രയോഗത്തിലാക്കിയ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മനുഷ്യക്കുരുതികളും പ്രകൃതിനശീകരണവും അഴിമതിയും വഞ്ചനയും ഒറ്റും നിര്‍ബാധം നടന്നു. ഭൂമിയുടെ ആരോഗ്യപരമായ നിലനില്‍പ്പിനും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ വിലകല്‍പ്പിച്ചിട്ടേയില്ല. പരസ്യമായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്ന് ആണയിടുന്ന ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം കിട്ടിയ അവസരങ്ങളിലെല്ലാം പ്രകൃതിയ്ക്കുനേരെയും ആദിവാസികള്‍ക്കും ദളിതര്‍ക്കും ദരിദ്രര്‍ക്കും നേരെയും അധികാരത്തിന്‍റെ കത്തിയേറും കവണയേറും നടത്തിയ ചരിത്രമേയുള്ളൂ. മാവോയിസ്റ്റുകളും വ്യത്യസ്തമല്ല. ഹിംസ അടിസ്ഥാന പ്രമാണമായി (CREED) സ്വീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്‍റെ ദുരന്തമാണിത്. അതിനാല്‍ വോള്‍ഫാങ്ങിന്‍റെ 'തൊഴിലാളി'യിലൂന്നിയുള്ള പരിഹാരങ്ങള്‍/പ്രതിരോധങ്ങള്‍ ആഗോള മുതലാളിത്തത്തെ വെല്ലുവിളിക്കാന്‍ തക്ക ധാര്‍മ്മികശക്തിയുള്ളതാണോയെന്ന് സംശയമാണ്.
ഗാന്ധിയന്‍ തുറസ്സുകള്‍ :
കാറല്‍ മാര്‍ക്സിന്‍റെ Economic and Philosophic Manuscripts of 1844 തനിക്ക് യാതൊരു അവകാശവുമില്ലാത്ത യന്ത്രം എപ്രകാരം യന്ത്രത്തിന്‍റെ ജോലി ചെയ്യുന്ന തൊഴിലാളിയെ അന്യവല്‍ക്കരിക്കുന്നുവെന്ന ചിത്രം മനോഹരമായും ഹൃദയസ്പര്‍ശിയായും വരച്ചുകാട്ടുന്നുണ്ട്. സ്വകാര്യസ്വത്തും അതിനോടനുബന്ധിച്ചുള്ള ആധുനിക രാഷ്ട്രീയ സമ്പദ്ഘടനയും തൊഴിലാളിയെ കൊടിയ ചൂഷണത്തിലൂടെ അപമാനവല്‍ക്കരിച്ച് അവന്‍റെ സന്തോഷവും വ്യക്തിത്വവും ചോര്‍ത്തിക്കളഞ്ഞ് വെറും ചണ്ടിയാക്കി മാറ്റുന്ന പ്രക്രിയ ആധുനിക യന്ത്രത്തിന്‍റെ വരവോടെയാണ് സംഭവിച്ചതെന്ന് മാര്‍ക്സ് വ്യക്തമാക്കുന്നുണ്ട്. അയാളാണ് - മാര്‍ക്സിന്‍റെ തൊഴിലാളി. അയാളെ കേന്ദ്രീകരിച്ചാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും രൂപപ്പെടുന്നത്. "സര്‍വ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍" എന്നാണ് അന്നും ഇന്നും മുഴങ്ങിക്കേള്‍ക്കുന്നത്. വോള്‍ഫാങ്ങ് സ്ട്രീക്കും ഈ തൊഴിലാളിയുടെ ആഗോള സംഘാടനമാണ് സത്യാനന്തരകാലത്ത് നവലിബറലിസത്തിന് പ്രതിരോധമായി ഉയര്‍ത്തുന്നത്. അതാകട്ടെ പ്രാദേശിക ജനകീയ കൂട്ടായ്മകളിലൂടെ നടപ്പാക്കണമെന്നുമാത്രം.
മാര്‍കിസത്തിന്‍റെ കാലത്ത് ആവിശക്തിയില്‍ (Steam Power) ആരംഭിച്ച യന്ത്രം 2018-ല്‍ ഏതൊക്കെ തലങ്ങളില്‍ പരിവര്‍ത്തനപ്പെട്ട് ഭൂമിയുടെ മൊത്തം ആധിപത്യത്തില്‍ എത്തിച്ചേര്‍ന്നു എന്നത് ഒരു സാധാരണക്കാരനുപോലും മനസ്സിലാക്കാനാവും. ആവിശക്തിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്‍റെ ശാസ്ത്ര-സാങ്കേതിക വിദ്യയിലൂടെയാണ് നാമെത്തിനില്‍ക്കുന്ന ആള്‍ട്ടര്‍നേറ്റീവ് ഇന്‍റലിജന്‍റ്സിന്‍റെ (AI) പുത്തന്‍ റോബോട്ടുകള്‍. മനുഷ്യന്‍ എന്ന സ്പീഷിനെ മാറ്റിമറയ്ക്കാവുന്ന ശാസ്ത്രസാങ്കേതികോല്‍പ്പന്നം. ആവിശക്തി (Steam Power) രാഷ്ട്രീയശക്തി (Politico-Economic Power) നവമുതലാളിത്തം (New liberal capitalism) ആണ് ഭൂമിയില്‍ പതിനാലാം നൂറ്റാണ്ടുമുതല്‍ ഉണ്ടായിട്ടുള്ള സാമ്രാജ്യത്ത അധിനിവേശങ്ങള്‍, വംശീയ ഹത്യകള്‍, പാരിസ്ഥിതിക നശീകരണം, യുദ്ധങ്ങള്‍, ഹിരോഷിമ-നാഗസാക്കി, ചെര്‍ണോബിന്‍, ഭോപ്പാല്‍, വന്‍കിട അണക്കെട്ടുകള്‍, വികസനം മൂലമുണ്ടായ മനുഷ്യക്കുരുതികള്‍, സംസ്ക്കാരങ്ങളുടേയും ഭാഷകളുടേയും നഷ്ടങ്ങള്‍... എന്നിവയ്ക്കെല്ലാം കാരണം. യന്ത്രം (ആധുനിക ശാസ്ത്രസാങ്കേതികത), അദ്ധ്വാനം, മൂലധനം - യന്ത്രം മനുഷ്യന്‍റെ അന്തസ്സും ആനന്ദവും ക്രമേണയായി കവര്‍ന്നെടുത്തുകൊണ്ട് അവന്‍റെ ജീവിതത്തിന്‍റെ മൂല്യം ഇല്ലാതാക്കി. യന്ത്രം ഒരു ഘടികാരമാണ്. രാപ്പകല്‍ അത് ചലിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍. അതിന് വര്‍ണ്ണങ്ങളില്ല. ഋതുക്കളില്ല, വികാരങ്ങളില്ല, സ്നേഹമില്ല, കാരുണ്യമില്ല. സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്‍റെ തോതനുസരിച്ച് കലണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നു. ആ കലണ്ടറാകട്ടെ, സമയ ഗുണിതങ്ങളായി ലഘൂകരിച്ചരിക്കുന്നു. ഭൂമിയിലോ, പ്രകൃതിയിലോ നടക്കുന്ന സംഭവങ്ങളുമായി ഈ യാന്ത്രിക സമയത്തിന് ബന്ധമില്ല. അതിനാല്‍ സ്ഥലങ്ങള്‍ക്കും മനുഷ്യനും മേലെയാണ്. നാമതിനെ ഏത് നേരവും അളന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അതെന്തെന്ന് മനസിലാകുന്നുമില്ല. (സുനില്‍ സഹസ്രബുധേ: ആധുനിക ശാസ്ത്രത്തിന് ഗാന്ധിയുടെ വെല്ലുവിളി: പുറം 47-50, 2002) ആധുനിക യന്ത്രത്തിന്‍റെ സിദ്ധാന്തം അതിനുചുറ്റുമായി ഒരു നിബന്ധന തീര്‍ത്തിട്ടുണ്ട്. ഏകസ്വരത-Montonic ആവിയന്ത്രം-മഹായന്ത്രം-ജനിക്കുന്നതിനും, നിരന്തരം വളരുന്നതിനും അതിനുചുറ്റുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ കുരുതി ആവശ്യമാണ്. പ്രകൃതിയിലെ വിഭവങ്ങളും ആവശ്യമാണ്. മനുഷ്യേതര ജീവികളും ആവശ്യമാണ്. അകത്തുനിന്ന് പുറത്തേയ്ക്ക് പഴുതുകളില്ലാത്ത ഈ യന്ത്രത്തിന്‍റെ വളര്‍ച്ചയ്ക്കാണ് അമേരിക്കയിലേയും ആസ്ട്രേലിയയിലേയും ന്യൂസിലാന്‍റിന്‍റേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമെല്ലാം തദ്ദേശീയര്‍ കൊല്ലപ്പെട്ടത്. അടിമകളാക്കപ്പെട്ടത്. അതാണ് യന്ത്രത്തിന്‍റെ മൂലധനം. ക്രൂരമായി ചൂഷണം ചെയ്യപ്പെട്ടത്. രാഷ്ട്രീയ-സാമ്പത്തിക ഘടനകളുടെ സംഘാതങ്ങള്‍ അതിനുവേണ്ടി സവിശേഷമായി ക്രമീകരിക്കപ്പെടുകയാണ്. ഏകാധിപത്യം, തൊഴിലാളി ആധിപത്യം, പാര്‍ലിമെന്‍റ് എന്നിവ അതിലേയ്ക്കായി ഒതുക്കുകയാണ്. കമ്മ്യൂണിസവും അതിനുള്ളിലേയ്ക്ക് വലിച്ചെടുക്കപ്പെടുകയാണ്. അതില്‍നിന്നാണ് നവലിബറല്‍ മുതലാളിത്തം തഴച്ചുവളരുന്നത്. തീര്‍ച്ചയായും അതിന് മാര്‍ക്സിന്‍റെ തൊഴിലാളിയെയും അതില്‍നിന്ന് പരിവര്‍ത്തിതമായി വന്നിട്ടുള്ള പോലീസിനെയും ഗുമസ്ഥനെയും ഡോക്ടറെയും ശാസ്ത്രജ്ഞനെയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനെയും ഉള്‍പ്പെടുത്താതിരിക്കാനാവില്ല. ആ യന്ത്രത്തിന്‍റെ അടിമകളും ഉടമകളും സ്തുതിപാഠകരും ഉപഭോക്താക്കളും ചൂഷകരും ഇരകളും നമ്മളൊക്കെത്തന്നയാണ്. മാലിന്യം എന്ന ഒരു വിഷയം യാഥാര്‍ത്ഥ്യമാകുന്നതും അതിന്‍റെ ഭാഗമായിട്ടാണ്. അതാണ് പ്രകൃതിയിലെ കല്‍ക്കരിയും ലോഹങ്ങളും കൊള്ളയടിച്ചത്. വിപണികള്‍ തീര്‍ത്തത്. ആധുനിക ശാസ്ത്രം പ്രത്യേക സ്വഭാവവിശേഷങ്ങളില്ലാത്ത, വികാരങ്ങളില്ലാത്ത, കരുണയില്ലാത്ത ഒരു യന്ത്രം തന്നെയാണ്.
ഗാന്ധി വെല്ലുവിളിച്ചത് ഈ യന്ത്രത്തെയാണ്. ഈ യന്ത്രത്തിന്‍റെ പരിധിയില്‍പ്പെടാത്ത കോടിക്കണക്കിന് മനുഷ്യരോടാണ് ഗാന്ധിക്ക് സംസാരിക്കാനുണ്ടായിരുന്നത്. തദ്ദേശിയര്‍, ആദിവാസികള്‍, കൂലിത്തൊഴിലാളികള്‍, തോട്ടികള്‍, സ്ത്രീകള്‍, നെയ്തുകാര്‍, ആശാരിമാര്‍, മൂശാരിമാര്‍, ശില്പികള്‍, കൃഷിക്കാര്‍, ദളിതര്‍, അപരര്‍, അസംഘടിതര്‍ തുടങ്ങി ആധുനിക യന്ത്രത്തിന് പുറത്തേയ്ക്ക് തള്ളപ്പെട്ടവര്‍. ഉദാഹരണത്തിന് നവലിബറലിസത്തിന്‍റെ നോട്ടുനിരോധനത്തിലും ചരക്ക്- സേവന നികുതി നടപ്പാക്കലിലും പിഴുതെറിയപ്പെട്ട പരമ്പരാഗത മേഖലയിലുള്ള തൊഴിലുകളില്‍ പണിയെടുത്തിരുന്ന ലക്ഷക്കണക്കിന് മനുഷ്യരുടേയും കര്‍ഷകരുടേയും ദളിത്-ആദിവാസികളുടേയും ദരിദ്രരുടേയും ജീവിതങ്ങള്‍, ഈ നവലിബറല്‍ മുതലാളിത്തത്തിന്‍റെ ചിലപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്നതും മാടിവിളിക്കുന്നതും ആയ ആ മഹായന്ത്രത്തില്‍നിന്നും ബഹിഷ്കൃതമാണ്. അവര്‍ക്കുവേണ്ടിയാണ് ഗാന്ധി രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോടൊപ്പം സാമ്പത്തിക-സാംസ്കാരിക-ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ വിമോചന മാധ്യമമായ സ്വദേശി രൂപപ്പെടുത്തിയത്. ആധുനിക യന്ത്രം ബഹിഷ്ക്കരിച്ച മനുഷ്യരുടെ അദ്ധ്വാനവും അറിവും സമന്വയിപ്പിച്ച് പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മനുഷ്യരുടെ പ്രാദേശിക കൂട്ടായ്മകളിലൂടെയുള്ള സൃഷ്ടിയാണ് മാനവസമൂഹത്തിന്‍റേയും ഭൂമിയുടേയും സുസ്ഥിരവികസനത്തിന് അടിത്തറയെന്ന് ഗാന്ധി ചൂണ്ടിക്കാട്ടി. ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അന്തസ്സത്ത ഇതാണ്. രാഷ്ട്രീയസ്വാതന്ത്ര്യമെന്നത് താല്‍ക്കാലികമാണ്. അത് സാര്‍ത്ഥകമാക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ. സ്വദേശിയാണ് അതിന്‍റെ മാധ്യമം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍ 1915- 50 വരെയുള്ള വര്‍ഷങ്ങള്‍ സ്വദേശിയും സ്വരാജും ക്രിയാത്മകമായി പരീക്ഷണങ്ങളിലേര്‍പ്പെട്ട കാലമാണ്.
ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും സാദ്ധ്യമാകുമ്പോഴാണ് മനുഷ്യന്‍ സ്വരാജിലെത്തുന്നത്. തന്‍റെ തന്നെ സ്വാതന്ത്ര്യത്തിന്‍റെ വിധാതാവാകുന്നത്. ഇതിന് വ്യക്തിയില്‍ നിന്ന് തുടങ്ങി പ്രാദേശികമായ ചെറിയ കൂട്ടായ്മകളുടെ സാമൂദ്രിക വൃത്തങ്ങളിലൂടെ ഭൂമിയാകെ വികസിക്കുന്ന സ്വദേശി സംസ്കാരമാണാവശ്യം. അങ്ങിനെയാണ് ഭൂമിയുടെ സ്വരാജായി അത് മാറുന്നത്. അന്ത്യോദയം ഉണ്മയാകുന്നത്. അഹിംസയാണ് അതിന്‍റെ ചാലകശക്തി. ആധുനിക യന്ത്രത്തിലൂന്നുന്ന ഹിംസയുടെ മാര്‍ക്സിയന്‍ പ്രാദേശിക തൊഴിലാളി കൂട്ടായ്മകള്‍ക്ക് വോള്‍ഫാങ്ങ് സ്ട്രീക്ക് സൂചിപ്പിക്കുന്നതുപോലെ നവമുതലാളിത്തത്തെ പ്രതിരോധിക്കാനാവില്ല. മാത്രവുമല്ല വോള്‍ഫാങ്ങിന്‍റെ പ്രാദേശിക കൂട്ടായ്മകളിലെ മനുഷ്യര്‍ വീണ്ടും വീണ്ടും ആവിയന്ത്രത്തില്‍നിന്ന് ആള്‍ട്ടര്‍നേറ്റീവ് ഇന്‍റലിജന്‍സിലേയ്ക്ക് പരിണമിക്കുന്ന യന്ത്രസംസ്ക്കാരത്തിന്‍റെ പ്രലോഭനങ്ങളില്‍ കുടുങ്ങി ആര്‍ത്തിയിലും അത്യാര്‍ത്തിയിലും ആസക്തരായി വീണ്ടും പുതിയ കഴുത്തറപ്പന്‍ മുതലാളിത്ത സംസ്ക്കാരവും മത്സരവും സൃഷ്ടിക്കില്ലെന്ന് എങ്ങനെ പറയാനാവും? അത് ഭാവിയില്‍ ഭൂമിയുടെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കും? മനുഷ്യന്‍റെയും മനുഷ്യേതര ജീവികളുടെയും? ആര്‍ത്തിയെ ആവശ്യത്തിലേയ്ക്ക് സാംസ്കാരിക നവോത്ഥാനത്തിലൂടെ സംക്രമിപ്പിക്കുന്നതാണ് ഗാന്ധിയന്‍ സ്വദേശി ശാസ്ത്രവും സ്വരാജും. സമയത്തെ ലഘൂകരിക്കുന്ന യന്ത്രകാലത്തിന്നപ്പുറമാണ് ഗാന്ധിയുടെ കാലബോധം. അരയില്‍ ഞാത്തിയിട്ട പോക്കറ്റ് വാച്ചുമായി നീങ്ങുന്ന ഗാന്ധി യന്ത്രസംസ്ക്കാരത്തിന്‍റെ ലഘൂകരിക്കപ്പെട്ട ഛേദിതമായ സയബോധത്തെ ഒരു ജ്ഞാനിയുടെ കണ്ണോടെ പരിഹസിക്കുകയല്ലേയെന്ന് തോന്നിപ്പോകും! മഹാകാലത്തെ അന്വേഷിക്കുന്നവന്‍റെ ഒറ്റയടിപ്പാതയാണത്. യന്ത്രത്തിന്‍റെ ചുരുങ്ങിയ സ്പേസില്‍നിന്ന് പുറന്തള്ളപ്പെട്ട ബഹിഷ്കൃതന്‍റേയും അപരന്‍റേയും ജീവസന്ധാരണത്തിനായി പുതിയൊരു ശാസ്ത്രവും (സ്വരാജ്) സ്വാതന്ത്ര്യവും (സ്വരാജ്) അന്വേഷിക്കുന്നവരുടെ ചുവടുവെയ്പ്പ്! നവലിബറല്‍ മുതലാളിത്തത്തിന് ക്രിയാത്മകവും ധാര്‍മ്മികവുമായ ഒരു ബദല്‍ പ്രതിരോധം!