എഴുത്തുകാരി സാറാ തോമസ് വിട വാങ്ങി
മലയാളത്തിലെ ആദ്യ കാല സ്ത്രീപക്ഷ എഴുത്തുകാരി സാറാ തോമസ് വിട വാങ്ങി. തിരുവനന്തപുരത്ത് വീട്ടിൽ വച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. നാർമടിപുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി.
ആദ്യത്തെ നോവലായ 'ജീവിതമെന്ന നദി' 34-ാം വയസിൽ പ്രസിദ്ധീകരിച്ചു. 1971ലെ 'മുറിപ്പാടുകൾ' എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ നോവൽ കേന്ദ്രീകരിച്ച് പിന്നീട് പി എ ബക്കറിന്റെ 'മണിമുഴക്കം' എന്ന സിനിമ പുറത്തിറങ്ങി.
നിരവധി വായനക്കാരെ നേടിയെടുത്ത 'നാർമടി പുടവ'എന്ന നോവലിലൂടെ 1979ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സാറാ തോമസിനെ തേടിയെത്തി. അസ്തമയം, പവിഴമുത്ത്, അർച്ചന, മുറിപ്പാടുകൾ എന്ന നാല് നോവലുകളും പിന്നീട് മലയാളത്തിലെ സിനിമകളായി മാറി. ദൈവമക്കൾ, ഗ്രഹണം എന്ന നോവലുകളിലൂടെ ദളിത് വിഭാഗത്തിന്റെ ജീവിത പരീക്ഷണങ്ങള്‍ ശക്തമായി അവതരിപ്പിച്ചു.
കേരളാ ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും, കേരളാ ഫിലിം സർട്ടിഫിക്കേഷൻ കമ്മിറ്റിയിലും, കേരളാ സാഹിത്യ അക്കാദമി ജനറൽ കൗൺസിലിലും, തിരുവനന്തപുരം ദൂരദർശന്റെ ഫിലിം സ്കാനിങ് കമ്മിറ്റിയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.