പണം നല്കി ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി, ജഗ്ഗുസ്വാമി എന്നിവര്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് തെലങ്കാന പൊലീസ് പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് മൂന്നുപേര്‍ക്കും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ബി എല്‍ സന്തോഷിന്റേതടക്കമുള്ള നേതാക്കളുടെ പേരുകള്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളടങ്ങുന്നതാണ് തെളിവുകള്‍.കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുപേര്‍ക്കും പൊലീസ് നോട്ടീസയച്ചിരുന്നു. എന്നാല്‍ ഹാജരായില്ല. ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും തെലങ്കാന പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
കേസില്‍ ബിജെപി ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാര്‍, സിംഹായജി സ്വാമി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് കൂറുമാറ്റശ്രമത്തിന് നേതൃത്വം വഹിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.