മഞ്ഞുകണങ്ങളുടെ മുഗ്ദ്ധത - പി.എസ്.വിജയകുമാർ
എന്റെ ഇഷ്ടപുസ്തകങ്ങൾ
'ആദിയുഷസ്സിൻ ചെന്താമരയിതൾ
പാതി വിടർന്നു തുടുത്തൊരു നാൾമുതൽ
മഴയും മഞ്ഞും വേനലുമൊഴിയാ-
തിരവുമുഷസ്സും പകലുമെഴാതെ
ആർദ്രതയോലും വിരലാൽ നൂറ്റൊരു
നേർത്തു മിനുത്ത കിനാവിന്നിഴയാൽ
മഴവില്ലൊളികളെ നെയ്തുമഴിച്ചും
വിഹരിക്കുന്നൊരനശ്വരചേതന.'
- ജി.കുമാരപിള്ള
ഭൂമിയുടെ, ആകാശത്തിൻ്റെ, ചുറ്റുവട്ടത്തിൻ്റെ, മനസ്സിൻ്റെ ലാവണ്യങ്ങൾ മാത്രം തിരഞ്ഞുപോവുകയും അതിൽ അഭിരമിക്കുകയും ചെയ്യുന്ന മലയാളകവിതയുടെ ഒരു മുഖം മുന്നിലുണ്ട്. അത്തരത്തിൽ എന്തിലും ഏതിലും സൗന്ദര്യത്തിൻ്റെ ആർദ്രഭാവങ്ങളിൽ അലിഞ്ഞുനിൽക്കുന്ന ഒറ്റപ്പെട്ട കാവ്യവിഭാഗമാണത്. അവർ മുഖ്യധാരയുടെ ലോകവ്യാപികളായ പ്രശ്‌നങ്ങളിൽ ഒലിച്ചുപോയില്ല. ആകുലത നിറഞ്ഞ കാലത്തെനോക്കി ആശങ്കപ്പെട്ടതുമില്ല. അവർ എന്നും പ്രത്യാശയിലേക്ക് വാതിൽ തുറന്നിട്ടു. എല്ലാ മനസ്സിലും എല്ലാ മണ്ണിലും സൗന്ദര്യത്തിൻ്റെ ഇത്തിരിപ്പൊട്ടെങ്കിലുമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അവർ പഴമയിലേക്കോ പാരമ്പര്യത്തിലേക്കോ കവിതയുടെ ഭാഷയേയോ ഭാവുകത്വത്തേയോ തളച്ചിട്ടില്ല. എന്നാൽ നവതരംഗത്തിൽ അലിഞ്ഞുനിന്നതുമില്ല. പഴയതോ പുതിയതോ അല്ലാത്ത, കാലഭേദങ്ങളില്ലാത്ത, സാന്ദ്രമായ നനവുമായി ആ കവിതകൾ മലയാളത്തിൽ പ്രകാശം വിതറിക്കൊണ്ടേയിരിക്കുന്നു.
ജീവിതത്തിൻ്റെ സൗരഭ്യങ്ങളെ കവിതകളിലുടനീളം ചേർത്തുപിടിച്ച കവിയാണ് ജി.കുമാരപിള്ള. നിറത്തിലും നിലാവിലും, അനക്കങ്ങളിലും അരൂപികളിലും കാരുണ്യത്തിൻ്റേയും കനിവിൻ്റേയും നൂലിഴ തുന്നിച്ചേർത്തു ജി.കുമാരപിള്ള. അറുപതുകളിലും എഴുപതുകളിലും കവിതകളിൽ വിരിഞ്ഞ ആ തനിമകളെ ഏറ്റവും പുതിയതായി അനുഭവിക്കാൻകഴിയുന്നു എന്നുള്ളതാണ് ഹൃദയദ്രവീകരണശക്തിയുള്ള ആ കാവ്യലാളിത്യങ്ങൾ തരുന്ന സാക്ഷ്യം. 'കവിത' എന്ന സമാഹാരത്തിലെ വിഭിന്നങ്ങളായ കവിതാവഴികൾ അതാണടയാളപ്പെടുത്തുന്നതും. സമാഹാരത്തിലെ കവിതകളെ അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വിവിധങ്ങളിലൂടെ പൂർണ്ണതപ്രാപിക്കുന്ന ജീവിതചിത്രങ്ങളാണ് ഒന്നാംഭാഗം. ജീവിതത്തിൻ്റെ ക്ഷണികതകളെ വിരിച്ചിടുന്നു രണ്ടാംഭാഗത്ത്. ശ്ലഥചിത്രങ്ങളിലൂടെ ജീവിതത്തെ താത്വികമായി സമീപിക്കുന്നതാണ് മൂന്നാംഭാഗം. സമൂഹത്തിലെ മൂല്യരാഹിത്യത്തിലേക്ക് ചൂണ്ടുന്നു നാലാംഭാഗത്തിൽ. ജീവിതാവസ്ഥകയെ സറ്റയറിക്കലായി സമീപിക്കുന്നതാണ് അഞ്ചാംഭാഗം.
ജീവിതത്തിൻ്റെ പൂർണ്ണതയന്വേഷിക്കുന്ന ഒന്നാംഭാഗത്താണ് 'നീയും ഞാനും അവനും' എന്ന കവിതയുള്ളത്. ആവർത്തിക്കപ്പെടുന്ന വേട്ടയുടേയും കുരുങ്ങുന്ന ഇരയുടേയും നിലയെ കവിത കാണുന്നു. ഇവിടെ മനസ്സ് ദുഃഖഗംഗയായി ഒഴുകുന്നു. ജീവിതത്തിലെ പൊട്ടുമ്പോഴും തുന്നിച്ചേർക്കുന്ന നൂലിഴകളിലൂടെയാണ് 'ബന്ധങ്ങൾ' എന്ന കവിത വായിക്കുന്നത്. പെറ്റിട്ട പൈതലിൻ പൊക്കിളിൽ പച്ചിച്ച വെള്ളരിപ്പൂവലിൻ ഞെട്ടുകളും, പൂത്താലിയിൽ തീരങ്ങൾ തമ്മിൽ തൊടുന്ന പാലങ്ങളും 'ബന്ധങ്ങളെ' ദൃഢതയേറ്റുന്നു. സൂര്യകിരണങ്ങൾപോലെ ഊർജ്ജംവിതറുന്ന ചുവപ്പിൻ്റെ കാന്തിയെയാണ് 'ചുവപ്പിൻ്റെ ലോക'ത്തിൽ കവി വിതുർത്തിടുന്നത്. വെറ്റില തിന്ന ചുണ്ടിലും ചെത്തിയിലും കടച്ചച്ചക്കയിലും വാകയിലും പശുവിൻ്റെ അകിടിലെ പുള്ളിയിലും അമ്പിളിനെറ്റിയിലും തുടങ്ങി തളിർമാവിൻ ചില്ലയിലും തത്തച്ചുണ്ടിലും സായംസന്ധ്യയിലുമടക്കം ചുവപ്പിൻ്റെ ചേതന നിറഞ്ഞുണരുന്നു. അതേ ചുവപ്പ് പ്രണയിനിയുടെ കരളിൻരാഗപരാഗം പൂശി, മാന്ത്രികവർണ്ണവിലാസമായി ചൂഴ്ന്നുനിൽക്കുകയുംചെയ്യുന്നു. അതുപോലെ ചില 'വളവുകളും' മനസ്സിനെ തളിർപ്പിക്കുന്നു. ഗാനത്തിൻ ലയത്തിൽ വീണയെ ചുംബിക്കുന്ന ഓമലാളിൻ്റെ കഴുത്തിൻ്റെ സൗമ്യമാം കുനിവിലും വേലിയിൽ പിണയുന്ന പാവലിൻ പൂവള്ളിച്ചുരുളിലും ഒരുപോലെ ശുദ്ധമായ രാഗവും താളവും ലയവും കണ്ടെത്തുന്നു കവി. 'മൃദുലം' എന്ന കവിതയിലും കവിതേടുന്നത് നനുത്ത സ്പർശങ്ങളെയാണ്. ഇവിടെ വിങ്ങിയ കുഞ്ഞിക്കണ്ണിലിറ്റിക്കും മുലപ്പാലിൻതുള്ളിയെ നോവിക്കാത്തോരമ്മതൻ വിരലുകളിലും, മറഞ്ഞുപോവുന്ന നിലാവിൽ ചുമരിൽ പതിയുന്ന മുല്ലപ്പൂനിഴലിലും, പുകവലിക്കുമ്പോൾ നിവരുന്ന ചുരുളിലും, പാദപതനത്താൽ ആളിനെ അറിയുന്ന വിദൂരത്തിലെ കൈവളക്കിലുക്കത്തിലും, വിളക്കിൻ പ്രകാശത്തിൽ ഓമനകൈത്തണ്ടയിൽ തെളിഞ്ഞ കുനുരോമരാജിയുടെ മിനുക്കങ്ങളിലും തുടങ്ങി മൃദുലാവസ്ഥയെ തൊടാതെയറിയുന്നു.
ജീവിതത്തിലെ ക്ഷണികതകൾ നിർണ്ണയിക്കുന്ന ചിലതുകളെ തേടുന്ന രണ്ടാംഭാഗത്തെ 'ആത്മഗതം' എന്ന കവിത കഥാകാരി രാജലക്ഷ്മിയുടെ ആത്മഹത്യയെ ഓർമ്മിക്കുന്നതാണ്. വിജനസ്വപ്നത്തിൻ്റെ രണ്ടുമൂന്നിതളാണ് ആ ഓർമ്മയ്ക്കു മുന്നിൽ വെക്കാനുള്ളതെന്ന് കവി. നൈമിഷികമുഗ്ദ്ധതകളെയാണ് 'മുഗ്ദ്ധം' എന്ന കവിതയിൽ വിതറിയിടുന്നത്. മുഗ്ദ്ധതയുടെ ഒറ്റഞൊടി അനുഭൂതി ഒരു മഞ്ഞുതുള്ളിയുടെ, ഒരു കുഞ്ഞുപൂവിൻ്റെ ക്ഷണികതയായി വന്നു തലോടുന്നു. ഓർമ്മയിലെവിടെയോ അഴിക്കാനാവാത്ത സ്നേഹത്തിൻ്റെ തുടിപ്പാണ് 'തേങ്ങൽ' എന്ന കവിതയിൽ. സഹോദരിയുടെ മരണമേല്പിച്ച വിചാരമാണ് 'ഇല്ല' എന്ന കവിത. ഓർമ്മതൻ സുഗന്ധമാം ഗീതം ഇവിടെ കവിയെ ഏകനാക്കുന്നു.
ജീവിതതത്വങ്ങൾ സൃഷ്ടിച്ച ചിതറിയ ചിത്രങ്ങളുടെ മൂന്നാംഭാഗത്തിലാണ് 'സ്വന്തം' എന്ന കവിത. സ്വന്തമെന്നു പറയുന്ന ഏതിൻ്റേയും പേരും കാഴ്ചയും അറിയാത്തയൊന്നാവാം എന്നു കവി. പൂവിന് താമരപ്പൂവെന്നു പേരിടുമ്പോഴും, നീയിന്ന് മാത്രമായ് ചൂടുന്ന താമരപ്പൂവിൻ്റെ പേര് അറിയാത്ത മറ്റൊന്നായി കവി വായിക്കുന്നു. അതുപോലെ, മുല്ലയിലിന്നലെ സന്ധ്യയ്ക്കു ഞെട്ടറ്റു നിന്ന കുഞ്ഞുപൂമൊട്ടിനും, അന്നത്തെ രാത്രിയിൽ തെങ്ങിൻതലപ്പിലൂടെ നോക്കിയ പൗർണ്ണമിചന്ദ്രനും, നിൻ്റെ കൺപീലിയിലിന്നീ മുഹൂർത്തത്തിലിറ്റുനിൽക്കുന്നൊരീ കണ്ണീർക്കണത്തിനും എന്തുപേരുവിളിക്കും എന്നും കവി! 'താമരപ്പൂവിനു താമരത്തം' എന്ന കവിത സ്വത്വാന്വേഷണമാണ്. ഗന്ധമില്ലാത്ത തീണ്ടാനാഴിപ്പൂവുകൾ പോലാണ് ചില ഓർമ്മകളെന്ന് കവി 'ഓർമ്മക്കുറിപ്പുകളി'ൽ പറയുന്നു. സ്വാതന്ത്ര്യസമരകാലവും, ചെറുപ്പകാലത്ത് അതിൽ വളരെചെറിയ കണ്ണിയാവാൻ കഴിഞ്ഞതിൻ്റെ അഭിമാനവുമാണ് കവിത പങ്കുവെയ്ക്കുന്നത്. തൻ്റെ തന്നെ ജീവിതം ക്ഷണികം എന്ന ചിന്തയിൽ നിന്നാണ് 'എത്ര യാദൃച്ഛികം!' എന്ന കവിത. 'ജോസ്ജോസഫിൻ്റെ മരണ'ത്തിലാവട്ടെ സുഹൃത്തിൻ്റെ മരണംതന്ന ആഘാതമാണ് പകർത്തുന്നത്. ഇങ്ങനെ നൈമിഷികമായ ജീവിതച്ചിന്തുകളാണ് ഇവിടെ ചേർത്തുവെച്ചിരിക്കുന്നത്.
സമൂഹത്തിലെ മൂല്യനിരാസത്തെ ചൂണ്ടുന്ന നാലാംഭാഗത്തിൽ വന്ന 'തത്തമ്മേ, പൂമ്മ.. പൂമ്മ' എന്ന കവിത നിയതമായ ലോകക്രമത്തെ തിരിച്ചിട്ടു വായിക്കുന്നതുകാണാം. മാറ്റത്തിൻ്റെ പേരിൽ നടക്കുന്ന തലകീഴ്മറിയലിനെ കാണിക്കുന്നു കവിത. ഇതിൻ്റെ തുടർച്ചപോലെ വായിക്കേണ്ടുന്നതാണ് 'കിറുക്കന്മാർ', 'കൂരായണീയം' എന്നീ കവിതകൾ. പഴമൊഴികളും നാട്ടുകാവ്യങ്ങളുമുപയോഗിച്ച് മൂർച്ചയുള്ള തൊടുക്കലുകളാവുന്നുണ്ടീ കവിതകൾ, കാപട്യം നിറഞ്ഞ ലോകാവസ്ഥകൾക്കുനേരെ! ജീവിതാവസ്ഥകളെ ആക്ഷേപഹാസ്യത്തോടെ സമീപിക്കുന്ന അഞ്ചാംഭാഗത്തിൽ വന്ന 'കായംകുളം' എന്ന കവിത മായംകലർന്ന വ്യവസ്ഥിതിയെ കണക്കറ്റു പ്രഹരിക്കുന്ന കവിതയാണ്. മറവിക്കാരൻ, കൊതി, കുരുത്തക്കേട്, പ്രാർത്ഥന എന്നീ കവിതകളും ഈ ധർമ്മംതന്നെ പുലർത്തുന്ന കവിതകളാണ്.
ജി.കുമാരപിള്ളയുടെ കവിതകളിലൂടെ പോവുമ്പോൾ ഒന്നുവ്യക്തമാണ്, പഴമയുടെ ഗന്ധത്തിൽ കുരുങ്ങിനിൽക്കുന്നില്ല ഇവയൊന്നും. ഏതവസ്ഥയിലെടുത്തു വായിക്കുമ്പോഴും അവ നിലനിൽക്കുന്ന കാലത്തേക്ക് നിവരുന്നതുകാണാം. പുതുകാലത്തോടും വരാനിരിക്കുന്ന കാലത്തോടും ഇണങ്ങിനിൽക്കാനുള്ള ഭാഷാചാതുര്യവും സൗകുമാര്യത്വവും ഈ കവിതകൾ പ്രകടിപ്പിക്കുന്നു. എന്നാൽ ഈ കവിതകൾ മലയാളകവിത വേണ്ടത്ര എടുത്തുയർത്താൻ പലപ്പോഴും മറന്നതാണനുഭവം. എഴുതിവന്നപ്പോഴും ആരവങ്ങൾക്കുമുകളിൽ ഉയർന്നുനിൽക്കാതെ തൻ്റെ തനിമകളിൽ ഒതുങ്ങിപ്പോയ കവിയാണ് ജി.കുമാരപിള്ള. ഈ തനിമയിറ്റുന്ന കവിതകൾ മലയാളകവിത മറച്ചുപിടിച്ചാൽ അതു വരുംകാലത്തിനോടുചെയ്യുന്ന പാതകമാവും തീർച്ച!