അക്കിത്തകത്തെ കാവ്യപക്ഷങ്ങൾ - പി.എസ്.വിജയകുമാർ

പി.എസ്.വിജയകുമാർ 31-Oct-2021

അക്കിത്തത്തിൻ്റെ 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' എന്ന കാവ്യസമാഹാരം കുമിഞ്ഞുകൂടുന്ന ഇരുട്ടിനെക്കുറിച്ചുള്ള ബോദ്ധ്യങ്ങളാണ്. 


എന്റെ ഇഷ്ടപുസ്തകങ്ങൾ 

മലയാളത്തിൽ നിലനിന്നിരുന്ന കാല്പനിക നിറച്ചാർത്തുകളെ പാടേ നിരാകരിച്ചുകൊണ്ട്  യഥാതഥമായ നിലപാടുകളുമായാണ് അക്കിത്തം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ആകാശത്തുനിന്നും മെനഞ്ഞെടുത്തതല്ല, മണ്ണിൽനിന്നും ഉഴുതെടുത്തതാണ് അക്കിത്തംകവിത എന്നുവരുന്നു.

ഓരോ മനുഷ്യാവസ്ഥയിലും ഉള്ളുതുരന്നെടുത്താലേ വ്യക്തിസ്വത്വം പൂർണ്ണമായും വെളിവാവുകയുള്ളൂ! കേവല മനുഷ്യനെ സംബന്ധിച്ച് ഈ പ്രക്രിയ അപ്രാപ്യമാണ്. എന്നാൽ, മറ്റു സാഹിത്യരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി, കവിത കവിക്ക് ഉള്ളകത്തോളം ചെന്ന് തന്റെ ആത്മഭാവത്തെ പുറത്തെടുക്കാനുള്ള ഉപാധിയാവുന്നുണ്ട്. അതായത്, കവിത ഓരോ കവിക്കും ഉള്ളു തുറന്നുകാട്ടലാണെന്നർത്ഥം. മറ്റു മനുഷ്യഭാവങ്ങളിലേക്ക് എത്രതന്നെ ആടിപ്പകർന്നാലും തന്റെ ആത്മസത്ത കവിതയിലൂടെ പുറത്തെടുക്കും കവി. ജ്ഞാനപീഠ ലബ്ധിയിലൂടെ മലയാളത്തിനു യശസ്സുനിറച്ച ശ്രേഷ്oകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെക്കുറിച്ച് വിചാരപ്പെടുമ്പോൾ ഈ കാഴ്ചയാണ് തുറന്നുതരുന്നത്. എത്രതന്നെ ആദരിക്കപ്പെടുമ്പോഴും, അത്രതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത കവിയാണ് അക്കിത്തം. അക്കിത്തത്തിന്റെ കവിതയുടെ ആഴങ്ങളെ കൂടുതലറിയാതെ മനുഷ്യാധിഷ്ഠിതമായ ചില നിലപാടുകളിലൂടെ തിരയുകയായിരുന്നു പലപ്പോഴും. എന്നാൽ കവിതയിലൂടെ തിരഞ്ഞുപോകുമ്പോഴാണ്‌ മഹാകവി ഉയർത്തിക്കാണിക്കുന്ന മാനവസങ്കൽപ്പമാണ് നിരീക്ഷിക്കപ്പെടേണ്ടത് എന്നു വ്യക്തമാവൂ. അതായത്, ആരുടേയും മുന്നിൽ കയ്യാമംവെച്ച് പൂട്ടിയിടപ്പെട്ടതല്ല അക്കിത്തംകവിത എന്നു വെളിപ്പെടേണ്ടതുണ്ട്. എഴുത്തുകാരൻ ഉണ്ടാവേണ്ടത് മനുഷ്യപക്ഷത്താണ് എന്ന് അക്കിത്തം ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരൻമാരുമാണ് എന്ന് അടിയുറച്ച വിഖ്യാത കഥാകാരൻ ഉറൂബിന്റെ സഹകാരിയായിരുന്ന ഒരാൾക്ക് മറ്റൊന്നാവുക വയ്യല്ലോ! അതോടൊപ്പം, ഇടശ്ശേരിയും എം.ഗോവിന്ദനും നാലപ്പാടനും പകർന്ന പൊന്നാനിക്കളരിയുടെ പാരമ്പര്യബോദ്ധ്യം, അക്കിത്തത്തെ സംബന്ധിച്ചിടത്തോളം കാവ്യസമീപനമെന്നത് പുതിയകാലത്തെ നിരാകരിക്കുന്ന ഒന്നാവില്ല, തീർച്ച! അത് മനുഷ്യസ്നേഹത്തിലൂറുന്ന പുരോഗമന കാഴ്ചപ്പാടിന്റേതു കൂടിയാവുന്നുമുണ്ട്. ഇ.എം.എസ്. എന്ന പ്രതിഭയുടെ ആദർശങ്ങളെ ഏറെക്കാലം പിന്തുടർന്ന അക്കിത്തം തന്റെ കവിതകളിൽ ചാലിച്ചുചേർത്തതും മറ്റൊന്നല്ലല്ലോ.

മലയാളകവിതയിൽ മഹാകവിപട്ടം ചാർത്തിക്കിട്ടിയ പരമ്പരയിലെ അവസാനകണ്ണിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. പാരമ്പര്യബോധത്തിൽനിന്നുറച്ച കാവ്യദർശനം മലയാളത്തിൻ്റെ തനിമയാർന്ന സംസ്കാരത്തിൻ്റെ വെളിപാടാവുന്നുണ്ട് അക്കിത്തംകവിതയിൽ. മലയാളത്തിൽ നിലനിന്നിരുന്ന കാല്പനിക നിറച്ചാർത്തുകളെ പാടേ നിരാകരിച്ചുകൊണ്ട്  യഥാതഥമായ നിലപാടുകളുമായാണ് അക്കിത്തം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ആകാശത്തുനിന്നും മെനഞ്ഞെടുത്തതല്ല, മണ്ണിൽനിന്നും ഉഴുതെടുത്തതാണ് അക്കിത്തംകവിത എന്നുവരുന്നു. അതിനാലാവണം, കവി കണ്ടതെല്ലാം പൊലിമയാർന്ന വർണ്ണക്കാഴ്ചകളല്ല. ഇരുട്ടും കാപട്യവും ദുരിതവും വിശ്വാസരാഹിത്യവും ഇടയിലിത്തിരിപ്പച്ചപ്പും നിറഞ്ഞ കാലത്തെയാണ്‌. ഈ നിരീക്ഷണാത്മകമായ കാവ്യജീവിതം തൻ്റെ സ്വത്വമായി കവിയുടനീളം കൊണ്ടുനടക്കുകയും ചെയ്യുന്നുണ്ട്.

അക്കിത്തത്തിൻ്റെ 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' എന്ന കാവ്യസമാഹാരം കുമിഞ്ഞുകൂടുന്ന ഇരുട്ടിനെക്കുറിച്ചുള്ള ബോദ്ധ്യങ്ങളാണ്. എന്നാൽ, 'ഹന്ത വെളിച്ചമേ, നിന്നെത്തിരഞ്ഞ ഞാ-/നെന്തിരുളൊക്കെച്ചവിട്ടി നീക്കി!'(വെളിച്ചം തിരഞ്ഞ്) -വരുന്നതിന്റെ അടയാളപ്പെടുത്തലു കൂടിയുണ്ടിവിടെ! തൻ്റെ വിശ്വാസശാസ്ത്രത്തെ ഉറപ്പിക്കുകകൂടി ചെയ്യുന്നുണ്ട് 'സത്യപൂജ' എന്ന കവിതയിലെത്തുമ്പോൾ. 'കപടത നെയ്തിട്ട മൂടുപടം മാറ്റി' സത്യത്തെ സാക്ഷാത്ക്കരിക്കാനാണ് ഇവിടെ കവി ശ്രമിക്കുന്നത്. 'വീണയും മനുഷ്യനും' എന്ന കവിതയിൽ സംഗീതവൈദ്യുതിയുറങ്ങും വീണതൻ സുഷിരങ്ങൾ പൊഴിക്കും നാദത്തിലും, ജീവിതത്തിൻ്റെ ചോദ്യപ്പെരുക്കത്തിൽ തളർന്നു നിൽക്കുന്ന മനുഷ്യഭാവം കാണാൻകഴിയും. 'പണ്ടത്തെ മേശാന്തി'യിൽ ദൈന്യത്തിൻ്റെ മറ്റൊരു മനുഷ്യമുഖം കാണാൻ സാധിക്കും. അരിഷ്ടിച്ചുകഴിയുന്ന ജീവിതചിത്രം കവിയിവിടെ വരച്ചിടുന്നു. ശീവേലിക്ക് ആനപ്പുറത്തേറുന്ന മേശാന്തിയോട്, 'എന്നെയുമാനപ്പുറത്തു കയറ്റണം,/എന്നെയുമെന്നെയുമെന്നെയുമെന്നെയും' എന്നു ശാഠ്യം പിടിക്കുന്ന കുഞ്ഞുങ്ങളോട് പറയുന്ന മറുപടി കാവ്യനിലപാടിൻ്റെ ഉദാത്തമായ സന്ധിതന്നെയാവുന്നുണ്ട്. 'എൻ്റെയല്ലെൻ്റെയല്ലിക്കൊമ്പനാനകൾ/എൻ്റെയല്ലീ മഹാക്ഷേത്രവും, മക്കളേ!/നിങ്ങൾതൻ കുണ്ഠിതം കാണ്മതിൽ ഖേദമു-/ണ്ടെങ്കിലും നിന്ദിപ്പതില്ലെൻവിധിയെ ഞാൻ.' ഇവിടെയും അഹംബോധമില്ലാതെ തുടരുന്ന സത്യചൈതന്യം തുടിച്ചുനിൽക്കുന്നതു കാണാം. 'കന്യാകുമാരിയിലെ കക്കകളി'ൽ സൗന്ദര്യസങ്കേതത്തിൻ്റെ പുറംകാഴ്ചയ്ക്കപ്പുറം ഉഗ്രദംഷ്ട്രകളേന്തി കുതറുന്ന ആദിയുമന്തവുമില്ലാത്തത്രയും മെരുക്കമില്ലാത്ത കാലഭീകരനായി കന്യാകുമാരിയിലെ കടലിനെ കവി കല്പിക്കുന്നുണ്ട്. 'പെരി'യതും 'ചിന്നതു'മായ കക്കകൾ ജീവിതമെന്ന ഇരകളായി പരിണമിക്കുന്നതും കാണാൻകഴിയും. ഈ കവിതയുടെ തുടർച്ചയാണ് 'ഇടിഞ്ഞുപൊളിഞ്ഞ ലോക'ത്തിലെത്തുമ്പോൾ കാണുന്നത്. ഓണക്കാലത്തിൻ്റെ നിറപ്പൂക്കാഴ്ചകളിൽ നിന്നും പയ്യെപയ്യെ ഇരുട്ടിൻ്റെ ആധിക്യം ഏറിവരുന്നു. 'ഒരിടത്തും ഞാനൊരു ചെറുവില്ലി-/ന്നൊലി കേട്ടില്ല, ലയിച്ചില്ല;/'പൂവേ പൊലി'യെന്നൊരു മൃദുബാല-/പ്പൂവും കൊഞ്ചിയതോർപ്പീല!' എന്നു കവി കാണുന്നുണ്ട്. അതേസമയം, 'സാറേ, പള്ളപയിക്കുന്നു' എന്നിങ്ങനെ, 'വായു നിറുത്തിയ കാലി-/പ്പള്ളയിൽ നിഘൃണനൊരു ചെക്കൻ' തല്ലിനില്ക്കുന്ന ലോകത്തിൻ്റെ തകർന്ന ചിത്രവും കവി വരയ്ക്കുന്നു. ഇത്തരമൊരു വ്യവസ്ഥിതിയെ സൃഷ്ടിക്കുന്ന കാലികാവസ്ഥയെ 'ഓരോ മാതിരി ചായം മുക്കിയ/കീറത്തുണിയുടെ വേദാന്ത'മായി കവി കോറിയിടുകയും ചെയ്യുന്നു.

'ഗ്രാമലക്ഷ്മി'യിൽ കൃത്രിമമായ പ്രകൃതിയും സംസ്കാരവും ഉത്പാദിപ്പിക്കുന്ന നാട്ടുവികസനത്തെ നോക്കിക്കാണുന്നുണ്ട് കവി. 'യന്ത്രഭ്രാന്തിൻ ദംഷ്ട്രകളിൽ സ്വാതന്ത്ര്യം ചെന്നു കുടുങ്ങു'ന്ന ഒരു ലോകക്രമത്തിൽ ആശങ്കപ്പെടുകയും ചെയ്യുന്നു. കാർഷികജനതയ്ക്കുനേരെ ഭീകരാന്മാക്കളായ് ആഞ്ഞടുക്കുന്ന രാഷ്ട്രീയവ്യവസ്ഥിതിയെയാണ് 'പേടിസ്വപ്ന'ത്തിൽ തുറന്നിടുന്നത്. ഭരണവ്യവസ്ഥ കർഷകനെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥ എക്കാലവും പ്രസക്തവുമാണല്ലോ! എന്നാൽ, 'മർത്യരക്തത്തിന്നായി, മർത്യമാംസത്തിന്നായി,/മർത്യരേ, കൃഷി ചെയ്യും മർത്യരേ, വന്നൂ ഞങ്ങൾ/നില്ക്കുവി, നിളകാതെ നില്ക്കുവിൻ കൃഷിക്കാരേ,/നിങ്ങളെ മാന്തിക്കീറിബ്ഭുജിച്ചീടട്ടെ ഞങ്ങൾ' എന്ന ആക്രോശത്തിനു മുമ്പിൽ അത്യുച്ചത്തിൽ കരഞ്ഞുവിളിക്കുന്ന കൃഷിക്കാരുടെ ശബ്ദത്തിൽ ഉലകം പൊട്ടിത്തെറിക്കുകയും, സൂര്യൻ കെട്ടുപോവുകയും ചെയ്യുന്ന ഊർജ്ജദായകമായ സ്വപ്നത്തിലേയ്ക്ക് കവി കയറിപ്പോവുകയും ചെയ്യുന്നു. 'തമസ്സു തിങ്ങിപ്പരിശൂന്യമായ/മരുപ്പരപ്പിൻ നടുവിൽപ്പിറന്ന' ഉഗ്രനൊരഗ്നിദേവനെ 'അണ്വായുധം' എന്ന കവിതയിൽ കാണുന്നുണ്ട് കവി. മനുഷ്യരിൽ പരസ്പരം ഇല്ലാതെയാവുന്ന വിശ്വാസങ്ങളെ തീകൊടുക്കുമ്പോഴാണ് ഇത്തരമായുധങ്ങളിലേയ്ക്ക് തിരിയുന്നതെന്ന് കവി ചിന്തിച്ചുപോവുന്നു. മനുഷ്യൻ്റെയുള്ളിലുള്ള അഹംഭാവമെന്ന കാട്ടാളനാണ് 'യുഗപ്രളയത്തിൽ'. ഇവിടെ, 'മാന്തിപ്പൊളിക്കുന്നു കാട്ടാള, നെൻകരൾ/ചീന്തിക്കുടിക്കുന്നു കാട്ടാളൻ'. ഒടുവിൽ, തന്നെപ്പിടിച്ചു 'കറുമുറും' തിന്നുകയും ചെയ്യുന്നു ഞാനെന്ന ഭാവം പൂണ്ട കാട്ടാളൻ. 'കരയുന്ന നെഞ്ചിനെ, ക്കുതറുന്ന നെഞ്ചിനെ-/യൊരു കയ്യാൽപ്പൊത്തിപ്പിടിച്ചുകൊണ്ടും,/മുറിവേറ്റു ചോരയിൽപ്പിടയും ഭൂഗോളത്തെ/മറുകയ്യാൽത്തോളിലെടുത്തുകൊണ്ടും,/പരലക്ഷം പകൽകളെ മേയ്ക്കുവാനൊരു താര-/സ്വരമായ ചൂളം വിളിച്ചുകൊണ്ടും' കയറിവരുന്ന ഒരു കുതിപ്പ് 'അവനാര്?' എന്ന കവിതയിൽ കാണാൻ കഴിയും. കൃത്രിമത്വങ്ങളും യാന്ത്രികതയും ജീവിതം നിശ്ചയിക്കുന്ന ഈ കാലത്ത് ഈ പച്ചമനുഷ്യനെ ആരും തിരിച്ചറിയാതെപോവുന്നു എന്ന് കവി പറഞ്ഞുവെക്കുകയും ചെയ്യുന്നു.

'അഡയാറിലെ മുത്തച്ഛൻ' ചരിത്രത്തിൻ്റെ ചില ഭാഗധേയങ്ങളുടെ അന്വേഷണമാണ് 'അഡയാറിലെപ്പടുകൂറ്റനാം പേരാൽ' നവോത്ഥാനപ്രസ്ഥാനം തന്നെയാണ്. ആയിരം വേരുകളാൽ പടർന്ന്, എല്ലാവർക്കുമായി താവളമൊരുക്കിയ ആ തണൽക്കെട്ടിലൂടെ കടന്നുപോയ മഹാപ്രസ്ഥാനങ്ങളേയും മഹത്തുക്കളേയും കവി ഓർമ്മിക്കുന്നു. കണ്ണീർക്കടലിൽ മുങ്ങി നിൽക്കുന്ന രാജ്യത്തെയാണ് 'മനുഷ്യൻ പിറന്നു' എന്ന കവിതയിൽ കവി തെളിച്ചിടുന്നത്. 'അമ്പട ഞാനേ' നിന്ന ചില ദ്വീപുകൾ തൻപോരുകളായി നിൽക്കുന്നുണ്ട്. ഭൂദാനപ്രസ്ഥാനത്തിനും മാർക്സിസത്തിനും പ്രേരകമായ വ്യവസ്ഥിതിയിൽ പോരുകൾ പെരുകുന്നു. ആർജ്ജിച്ചെടുത്ത ആദർശസംഹിതകൾ വ്യർത്ഥമാവുന്നതും കവി കാണുന്നു. 'കണ്ണടയ്ക്കു പിന്നിൽശ്ശമനിശിതങ്ങളായ രണ്ടു/കണ്ക, ളരയിഞ്ചു നീണ്ട വെൺതാടിരോമം./ശുഭ്രഖദറുടുപ്പ,ർദ്ധ നഗ്നദേഹം, ദൃഢയഷ്ടി-/ശുഷ്കനായിച്ചുക്കുപോലുള്ളൊരു മനുഷ്യൻ!' എന്നിങ്ങനെ ഭൂദാനപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ ആചാര്യ വിനോബഭാവയെ വിരിച്ചിടുന്നതാണ് 'കേവലമനുഷ്യൻ' എന്ന കവിത. ആ ഊർജ്ജപ്രവാഹത്തിൽ, ലാവയിൽ, വിരിഞ്ഞ വെൺതാമരപ്പൂക്കളെ കവി കാണുന്നു. അതിനുമുന്നിൽ വന്നുപെടുന്ന ജീർണ്ണനിഴൽ - വിമർശനങ്ങൾ - വിളറിപ്പോവുകതന്നെ ചെയ്യും എന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. 'കാലത്തിൻ്റെ ചിരി'യിൽ സമത പ്രാപിക്കുന്ന മനുഷ്യൻ്റെ പരിണാമത്തെക്കുറിക്കുന്നു. കുട്ടിക്കാലത്ത് മഞ്ചാടി പെറുക്കിനടന്ന കുന്നും തോഴനേൽപ്പിച്ച പ്രഹരവും മഥിക്കുന്നുണ്ട്. എന്നാൽ, മഞ്ചാടിക്കാടും കുന്നുമൊഴിഞ്ഞ പുതുകാലത്ത് കോൺക്രീറ്റ് സൗധത്തിനും കൃത്രിമ സംസ്കാരത്തിനും വഴിമാറിയിരിക്കുന്നു. പിന്നീടാ കൂട്ടുകാർ കണ്ടുമുട്ടിയപ്പോൾ എത്ര പാകപ്പെട്ടിരിക്കുന്നു എന്ന് ചിരിയോടെ കണ്ടുനിൽക്കുകയും ചെയ്യുന്നു. കാലത്തെ, ലോകത്തെ മുഴുവനായും ഉൾക്കൊള്ളാൻ കഴിയുന്ന ഭാരതീയവിചാരധാരയുടെ ഉദാത്ത സമീപനത്തെയാണ് 'ഭാരതീയൻ്റെ ഗാനം' അന്വേഷിക്കുന്നത്. ശോകത്തെ ജയിച്ച്, നാകത്തെ രചിക്കുന്ന ഭാരതീയൻ്റെ വിമോചനത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

വി.ടി.യിൽ നിന്നുറഞ്ഞ സാമൂഹികമാനവും കവിതയുടെ വഴികാട്ടിയായി അക്കിത്തം ചേർത്തെടുക്കുന്നതു കാണാം. 'കോവിലിലുണ്ടൊരൊരുമ്പെട്ടവൾ;അവൾ/തൂവിടുമെന്നിൽ കാരുണ്യം/എന്നു ധരിച്ചൂ; കണ്ണുമിഴിച്ചീ-/ലെന്നുടെ നേരെക്കൂത്തിച്ചി.'(കുട്ടപ്പൻ എന്ന കോമരം)- എന്നു കവി തീവ്രമായിത്തന്നെ എഴുതുമ്പോൾ, ഉദാത്തമായ മനുഷ്യപ്രകൃതിക്കു മുമ്പിൽ അടിപ്പെട്ടുകിടക്കുന്നതാണ് ദൈവീകത എന്നുവരുന്നില്ലേ! ജീവിതദർശനത്തിന്റെ ആഴക്കാഴ്ചയേക്കാൾ, വികാരം ഭരിക്കുന്ന കാലത്ത് ഇതുപോലുള്ള വരികളെഴുതാൻ ഇന്നാരു ധൈര്യപ്പെടും എന്നു പറഞ്ഞുവെക്കുമ്പോഴാണ് അക്കിത്തം എന്ന മഹാകവിയുടെ ജീവിതതത്വം പൂർണ്ണത പ്രാപിക്കുന്നത് എന്നു കാണാൻകഴിയും. ജി.യുടേയും പി.യുടേയും വൈലോപ്പിള്ളിയുടേയും കാവ്യവഴക്കങ്ങളെ, ആ മഹാ യശസ്വികൾ ഉരുക്കഴിച്ച മാനുഷികവേദാന്തങ്ങളുടെ തുടർച്ചയായി ഏറ്റുവാങ്ങിയ മഹാകവി അക്കിത്തം -  'വെളിച്ചം ദു:ഖമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം!' - എന്നിങ്ങനെ കാലികപരിസരത്തെ വ്യഖ്യാനിക്കുന്ന കവിതയുടെ ഉൾക്കണ്ണ് തുറന്നുവെച്ച് ഒപ്പമുണ്ടാവുകതന്നെ ചെയ്യും എന്നുള്ളതാണ് മലയാളത്തിന്റെ ആദരം വിളിച്ചുപറയുന്നത്.


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം