ചണ്ഡാലഭിക്ഷുകിയ്ക്ക് 100 വയസ്സ്, ദുരവസ്ഥയ്ക്കും! - പി എസ് വിജയകുമാർ 

പി.എസ്.വിജയകുമാർ 14-Aug-2022

'ദുരവസ്ഥ'യിലെ സാവിത്രി സവർണ്ണസ്ത്രീയുടെ ആധികളാണ് പങ്കുവെച്ചതെങ്കിൽ, 'ചണ്ഡാലഭിക്ഷുകി'യിലെ മാതംഗി  കീഴാളജീവിതത്തിൻ്റെ പ്രശ്നങ്ങളാണ് പറയുന്നത്.


എന്റെ ഇഷ്ടപുസ്തകങ്ങൾ 

1922-ലാണ് വിപ്ലവാത്മകമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന 'ദുരവസ്ഥ' പിറക്കുന്നത്. അന്നത്തെ വ്യവസ്ഥിതിയിൽ ഇങ്ങനെയൊരു കൃതി കുമാരനാശാൻ തുറന്നുവെക്കാൻ കാണിച്ച തൻ്റേടം നൽകിയ ഊർജ്ജംതന്നെയാണ് അതേവർഷത്തിൽത്തന്നെ അദ്ദേഹത്തെ 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലേക്കു നയിക്കാനിടയാക്കുന്നതും.

1930-കളോടെയാണ് ഇന്ത്യയിലെ പല പ്രദേശങ്ങളിലും, ഒപ്പം കേരളത്തിലും തൊഴിലാളിവർഗ്ഗം സംഘടിതവിഭാഗമായി മാറുന്നത്. അതായത് സമൂഹത്തിലെ അടിസ്ഥാനവിഭാഗത്തിൻ്റെ സംഘബോധം വലിയ വികസനമാണ് മനുഷ്യവർഗ്ഗത്തിലും സമൂഹഘടനയിലും പിന്നീടുണ്ടാക്കുന്നത്. കീഴാളരും, പതിതരും, ജാതീയമായി പീഡകളനുഭവിക്കുന്നവരും അടങ്ങുന്നതായിരുന്നു അന്നത്തെ തൊഴിലാളിജനതയിൽ ഭൂരിഭാഗവും എന്നതോർക്കണം. അവർ സംഘടിതശക്തിയായി വളർന്നപ്പോൾ, അവർക്കേറ്റ അവഗണനകളെയൊക്കെയും തകർത്തെറിയാനുള്ള ആർജ്ജവവും സമരാഭിമുഖ്യവുമായി അതു മാറുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി നിലകൊണ്ട ദേശീയപ്രസ്ഥാനങ്ങൾ, അതുവരെ തുടർന്ന അസംഘടിത സമരങ്ങൾ വെടിഞ്ഞ് കൂടുതൽ കരുത്തുപ്രാപിക്കുന്നത് ഇതിൻ്റെ ഭാഗമാണെന്നു കാണാൻകഴിയും. ബ്രിട്ടീഷ് ഗവൺമെൻ്റ് കോൺഗ്രസിനെ നിരോധിക്കുകയും, മഹാത്മജിയെ അറസ്റ്റുചെയ്യുകയും ചെയ്യുന്നതോടെ 1934-ൽ കോൺഗ്രസ് സിവിൽ നിയമലംഘന പ്രസ്ഥാനം പിൻവലിക്കുന്നുണ്ട്. എന്നാൽ, ഇതിനെ എതിർത്തുകൊണ്ട് 1934-ൽത്തന്നെ ജയപ്രകാശ് നാരായണനേയും, റാം മനോഹർ ലോഹ്യയേയും, സുന്ദരയ്യയേയും പോലുള്ള നേതാക്കൾ നേതൃത്വം കൊടുത്തുകൊണ്ട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്, പരാമർശിച്ചതുപ്രകാരം അടിസ്ഥാനവർഗ്ഗത്തിൻ്റെ സംഘടിതബോധത്തിൽ നിന്നുതന്നെയാവണം എന്നു പറയേണ്ടിയിരിക്കുന്നു. പറഞ്ഞുവന്നത്, മത-ജാതീയമായ അസമത്വങ്ങളും വർഗ്ഗങ്ങളുടെ പേരിലുള്ള വേർതിരിവുകളും തിരിച്ചറിയാനും, അതിനെതിരെ പൊരുതാനുമുള്ള സംഘബലം 1930-കൾക്കുശേഷം കേരളത്തിലെ അടിസ്ഥാനജനത ആർജ്ജിക്കുന്നുവെന്നാണ്‌.

മത-ജാതി-വർഗ്ഗ ഭേദങ്ങളും, തുടങ്ങിയുള്ള മറ്റസമത്വങ്ങൾക്കുമെതിരെ അസംഘടിതസമരങ്ങളും ഒറ്റയാൾവിപ്ലവങ്ങളും 1930-നു മുമ്പുതന്നെ കാണാൻകഴിയും. കൊളോണിയൽ ഭരണം ഏല്പിച്ച പാരതന്ത്ര്യങ്ങൾകൊണ്ട് പൊറുതിമുട്ടിയ അധഃകൃതജനതയ്ക്ക്, അഭ്യന്തരമായി നാട്ടുപ്രമാണിമാരിൽനിന്നും സവർണ്ണവിഭാഗത്തിൽനിന്നും ഏൽക്കേണ്ടിവന്ന പീഡനങ്ങൾ സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് ഇത്തരം ഒറ്റപ്പെട്ട പോരാട്ടങ്ങൾ പലയിടത്തും പലപ്പോഴായി ഉണ്ടാവുന്നത്. 1893-ൽ അയ്യങ്കാളി നടത്തിയ വില്ലുവണ്ടിസമരം ജാതീയതയെ ചെറുത്തുതോല്പിക്കുകതന്നെ ചെയ്യും എന്ന ആഹ്വാനമായി മാറുന്നുണ്ട്. തിരുവിതാംകൂറിൽ സവർണ്ണർക്കും അവർണ്ണർക്കും എന്നിങ്ങനെ വേർതിരിച്ചിരുന്ന വ്യത്യസ്ത വീഥീകൾ നിലനിന്നിരുന്നത്, 1886-ൽ പിൻവലിച്ച്, ഏകീകരിച്ച സഞ്ചാരവ്യവസ്ഥ ഉണ്ടാക്കിയെങ്കിലും, സവർണ്ണസമൂഹം അതംഗീകരിച്ചില്ല. വില്ലുവണ്ടിയിൽ അവർ കടന്നുപോകുമ്പോൾ അവർണ്ണർ വഴിമാറിപ്പോകണം എന്നായിരുന്നു അവരുടെ പ്രമാണം. ഇതിനെതിരെയാണ്, താഴ്ന്നജാതിയിൽ ജനിച്ച അയ്യങ്കാളി, സ്വന്തമായി വില്ലുവണ്ടി വാങ്ങി ആ വീഥിയിലൂടെ യാത്രനടത്തിയത്. എതിർക്കാൻചെന്ന സവർണ്ണൻമാരെ കഠാര കാണിച്ച് അകറ്റി, രാജവീഥികളിലൂടെ വണ്ടിയോടിച്ച് ആ വിപ്ലവകാരി നയിച്ച യാത്രയുടെ ഫലമായി താഴ്ന്നജാതിക്കാർക്ക് യാത്രാസ്വാതന്ത്ര്യം പരിപൂർണ്ണമായും ഉറപ്പുവരുത്താനിടയാക്കി. അതുപോലെത്തന്നെ, 1915-ൽ അയ്യങ്കാളി, സവർണ്ണസമൂഹത്തിൽനിന്നും അടിയാളസ്ത്രീ അനുഭവിച്ച നിരാകരണങ്ങളെ ചെറുക്കുന്നതിനായി കല്ലുമാലസമരം നടത്തുന്നുണ്ട്. അന്ന് കീഴാളസ്ത്രീയെ വേർതിരിക്കുന്ന ചിഹ്നങ്ങളായിരുന്നു, കല്ലുകൾകൊണ്ടും കുപ്പിച്ചില്ലുകൾകൊണ്ടും അണിയുന്ന മാലകൾ. അതിനെ ബഹിഷ്ക്കരിച്ചുകൊണ്ടുള്ള, സ്ത്രീനിഷേധത്തിനെതിരെയുളള സമരത്തിൻ്റെ തുടക്കമായിരുന്നു അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാലസമരം. 1904-ലാണ്, 'ജാതിഭേദത്താലനൈക്യമത്യ പാതിരാക്കുരിൽ  മലയാളം' എന്നു വിളിച്ചുപറഞ്ഞ്‌ പണ്ഡിറ്റ്.കെ.പി.കറുപ്പൻ്റെ 'ജാതിക്കുമ്മി' എന്ന കാവ്യം അന്നത്തെ സമൂഹത്തെ പിടിച്ചുലയ്ക്കുന്നു. 1917-ൽ ചെറായി എന്ന സ്ഥലത്ത് സഹോദരൻ അയ്യപ്പൻ നേതൃത്വം കൊടുത്തുകൊണ്ട് സവർണ്ണരും അവർണ്ണരും ഒരുമിച്ചിരുന്ന് മിശ്രഭോജനം നടത്തുന്നുമുണ്ട്. ആ പന്തിഭോജനം യാഥാസ്ഥിതികരായ സവർണ്ണസമൂഹത്തിൻ്റെ കോട്ടയിൽ വലിയ വിള്ളലാണുണ്ടാക്കിയത്. അതുപോലെ, 1921-ലെ മലബാർസമരം തൊഴിലാളിസംഘടനാബോദ്ധ്യത്തിലേയ്ക്ക് ആക്കംകൂട്ടിയ പ്രധാനസംഭവമായും കാണേണ്ടതുണ്ട്.

ഇതും, ഇതുപോലുള്ള നിരവധി അസംഘടിതവും, എന്നാൽ ഒറ്റപ്പെട്ടതെങ്കിലും അന്നത്തെ സാമൂഹികമേഖലയിൽ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്ത സമരങ്ങളുടെ ചരിത്രപശ്ചാത്തലത്തിലൂടെയാണ് എൻ.കുമാരനാശാൻ എന്ന കവിയും അദ്ദേഹത്തിൻ്റെ കവിതയും വളർന്നുവരുന്നത്. അതിൻ്റെ തീവ്രപരിസരങ്ങൾ ആശാൻകവിതകളിൽ പുതിയ വിചാരധാരകൾ രൂപീകരിക്കുവാൻ പ്രേരകമാവുന്നുണ്ട്. ഗുരുദേവനുമൊന്നിച്ച് നയിച്ച സാമൂഹികജീവിതം, ഹിന്ദുമതത്തിലെ ജാതീയമായ അപരിഷ്കൃതകളെ ചെറുക്കാൻ ഇന്ത്യയിൽ വേരൂന്നിയ ബുദ്ധമതത്തോടുള്ള ആഭിമുഖ്യം, ഒപ്പം നവോത്ഥാനമൂല്യങ്ങളുടെ ആകാശം വിരിച്ചിട്ട ബംഗാളിലെ സഹവാസം - ഇതുകൂടിയും കുമാരനാശാൻ്റെ കവിതകളെ പരിഷ്ക്കരിച്ച ഘടകങ്ങളാവുന്നുണ്ട്. അതുപോലെ ഈഴവസമുദായത്തിൽ ജനിച്ച അദ്ദേഹം കുട്ടിക്കാലംമുതൽ അനുഭവിച്ചതും കണ്ടുവളർന്നതുമായ ജാതിപരമായ അപരിഷ്കൃതനടപടികളും അദ്ദേഹത്തിൻ്റെ കവിതകളുടെ നിലപാടുറപ്പിച്ച സംഗതിയാവുന്നുണ്ട്.

''കപട വൈഭവമാർന്ന ലോകം പൊന്തുന്നു/സാധുനിര താണു വശംകെടുന്നു' - എന്ന് വശംകെട്ട കാലത്തെ നോക്കി ആശാൻ 'ഒരു തീയക്കുട്ടിയുടെ വിചാരം' എന്ന കവിതയിൽ പറയുന്നു. ഈ കവിത 1908-ൽ രചിച്ചതാണെന്നോർക്കണം! അത്രയൊന്നും ശുഭകരമല്ല കാലം. ജാതിസ്പർദ്ദകളും, വിലക്കുകളും കൊടികുത്തി വാണ വ്യവസ്ഥിതിയുടെ ശേഷിപ്പുകൾ അപ്പോഴും കുടിയൊഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ കവിത അതിൻ്റെ അവഗണനകൾ നേരിട്ടിട്ടുണ്ടാവണം എന്നുതന്നെയാണ്‌ വിചാരിക്കേണ്ടത്. ഏതോ ആനുകാലികത്തിൽ വന്നുവെങ്കിലും, അവഗണിക്കപ്പെട്ടപോലെ കിടന്ന കവിത ഏതാണ്ടു പതിനേഴുവർഷങ്ങൾക്കുശേഷം 1925 ആവേണ്ടിവന്നു ഒരു സമാഹാരത്തിലൂടെ പുറത്തു വരാൻ (വനമാല). അതായത് കുമാരനാശാൻ ചരമമടഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞ്! കവിത പറയുന്നതുപോലെ, 'മായങ്ങളായ് ജനത മത്സരമായി തമ്മിൽ' പെരുകുന്ന ലോകക്രമത്തിൽ ഇതു പ്രതീക്ഷിക്കാതെ വയ്യല്ലോ! നിസ്വരായ കൂട്ടരുടെ പ്രതിനിധിയായി തീയക്കുട്ടി വിചാരപ്പെടുമ്പോൾ, ആ ചിന്തകൾക്ക് പുതിയ കാലത്തെത്തുമ്പോഴും ഒട്ടും ഇളക്കം വന്നിട്ടില്ലെന്നു കാണാൻകഴിയും. വിദ്യ ധനമുളളവനുമാത്രം പരിണമിക്കുന്നതും, വിദ്യാർത്ഥിമന്ദിരങ്ങൾ ലാഭങ്ങൾക്കുള്ള ഉപാധിയാകുന്നതും ഇന്നും തുടരുന്ന കാഴ്ചയാണല്ലോ. നന്മയും ഐശ്വര്യവും സ്വപ്രയത്നത്തിൽ നിന്നുണ്ടാവുന്നതാണെന്നും, ഓരോരുത്തരും ഐക്യപ്പെട്ടുവരുമ്പോൾ മാത്രമാണ് ഉയർച്ചയെന്നുകൂടിയും ആശാൻ കവിതയിൽ പറഞ്ഞുവെയ്ക്കുന്നു. 'എളിമ കണ്ടു ചവിട്ടിയാഴ്ത്താൻ' തുനിയുന്ന അന്നത്തെ സാമൂഹ്യവ്യവസ്ഥയെ തീക്ഷ്ണമായി കവിത രേഖപ്പെടുത്തുന്നു. അന്ന് അടിമപ്പെട്ടുകിടന്ന തൻ്റെ രാജ്യത്തിൻ്റെ നേരെ ചൂണ്ടുന്ന കലാപം, ജാതിഭ്രാന്തിനുമുന്നിൽ ഉയർത്തിവെക്കുകയും ചെയ്യുന്നുണ്ട് കവിതയിൽ. ''എന്തിന്നു ഭാരതധരേ! കരയുന്നു? പാര-/തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,/ചിന്തിക്ക, ജാതിമദിരാന്ധ,രടിച്ചു തമ്മി-/ലന്തപ്പെടും തനയ,രെന്തിനയേ 'സ്വരാജ്യം' '' ഈ നൈരാശ്യഭാവവും, ഇതിനും ഒരു വർഷത്തിനുശേഷമെഴുതിയ 'എഡ്വേർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന' എന്ന കവിതപോലുള്ള ചില വിധേയത്വകാവ്യങ്ങളും ചേർത്തുവെച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തെ നിഷേധിച്ച കവി എന്നു പഴികേട്ടിട്ടുണ്ട് ആശാൻ. എന്നാൽ, ബ്രിട്ടീഷ് മേധാവിത്വം കൊണ്ടുവന്ന അടിമത്തങ്ങൾക്ക് അറുതിവരാമെങ്കിലും, ജാതിവ്യവസ്ഥ കൊണ്ടുവരുന്ന അന്ധകാരത്തിൽനിന്നും ബന്ധനാവസ്ഥയിൽനിന്നും മോചനം നേടാൻ ഇനിയുമെത്രകാലം വേണ്ടിവരുമെന്നാണ് ആശാൻ ആകുലപ്പെട്ടത്. അതുകൊണ്ടുതന്നെ, ഭാരതത്തിൽ പാരതന്ത്ര്യം ഒഴിയുന്നില്ല, ജാതി-മതാന്ധതകൾ ഒഴിയാത്തിടത്തോളം 'സ്വരാജ്യ'ത്തിനെന്തർത്ഥം എന്നദ്ദേഹം വിചാരപ്പെട്ടുകൊണ്ടിരുന്നു. ഇത് കുമാരനാശാൻ്റെ മാത്രം പ്രശ്നമല്ല. അന്നത്തെ ഇന്ത്യനവസ്ഥയിൽ ജീവിച്ചുപോന്ന എല്ലാ മനുഷ്യപ്രണയികളും അനുഭവിച്ചുപോന്നതായിരുന്നു. വർഗ്ഗംകൊണ്ടും ജാതികൊണ്ടും ദേശംകൊണ്ടും മനുഷ്യൻ വിഭജിക്കപ്പെടുമ്പോൾ, എന്തിനീ സ്വാതന്ത്ര്യം, 'സ്വരാജ്യം' വന്നുചേർന്നതേയില്ല - എന്നുതന്നെയാണ് മഹാത്മജിയും ഖേദിച്ചത്. അതിൻ്റെ ഭാഗമായിത്തന്നെയാവണം അദ്ദേഹം 1934-ൽ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻമാറി, മറ്റു പ്രവർത്തനമണ്ഡലങ്ങളിലേയ്ക്കു കടന്നുപോകുന്നതും. അതുതന്നെയാണ് ആശാൻ, സ്വാതന്ത്ര്യംതന്നെയാണ് അമരത്വവും ജീവിതവും എന്നു പറയുമ്പോൾത്തന്നെ, 'പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം' എന്നിങ്ങനെ, മാനവരെ ഒന്നായികാണാൻ കഴിയുന്ന 'മാനികൾക്ക്' എന്ന് അടിവരയിടാനും കാരണം. 'വെട്ടിമുറിക്കുക കാൽച്ചങ്ങല', 'പൊട്ടിച്ചെറിയുകയിക്കൈവിലങ്ങും' - എന്ന് 'സ്വാതന്ത്ര്യഗാഥ' പോലുള്ള കാവ്യങ്ങളിൽ കുമാരനാശാൻ്റെ സമരപൂർവ്വമുള്ള ആഹ്വാനങ്ങൾ കാണാൻകഴിയും എന്നും ആനുഷംഗികമായി പറഞ്ഞോട്ടെ. അതേസമയം, 'ദേശീയ സ്വാതന്ത്ര്യത്തിനല്ല, ജാതിനശീകരണത്തിനാണ്, ആശാൻ മുൻഗണന നൽകിയതെന്നത് സംശയരഹിതമാണെ'ന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിൻ്റെ വാദം (ആശാനും മലയാളസാഹിത്യവും) ഇതോട് കൂട്ടിവായിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ആശാൻ വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രമാവുന്നതെന്നും, എന്നാൽ അദ്ദേഹം തുടർന്ന വിധേയത്വങ്ങളെ വിമർശിക്കേണ്ടതുണ്ടെന്നും ഇ.എം.എസ്. ഇവിടെ സമർത്ഥിക്കുന്നുണ്ട്. ആ വിമർശനം മറ്റൊരു ചർച്ചയ്ക്ക് വിഷയമാക്കേണ്ട ഒന്നാണെന്നു പറഞ്ഞവസാനിപ്പിക്കാം.

കുമാരനാശാൻ്റെ കവിതകളിലെ സമരാഭിമുഖ്യം പടിപടിയായി വളർന്നുവികസിച്ചതാണ്. ശ്രീനാരായണഗുരുദേവനുമായുള്ള ബന്ധത്തോടെ ആശാൻ്റെ കാവ്യവഴി ആത്മീയമായ തലങ്ങളിലേയ്ക്ക്  വ്യാപരിക്കുന്നുണ്ട്. അതിൽനിന്നാർജ്ജിച്ചതാണ് ആശാൻകവിതകളിലെ തത്വപരതയും ദാർശനികമാനവും. എന്നാൽ ഗുരുദേവനുമൊത്തുള്ള സാമൂഹികനിരീക്ഷണങ്ങളും, ഒപ്പം മുൻചൊന്നപോലെ ബംഗാൾവാസവും ബുദ്ധമതവീക്ഷണവും ആശാൻ്റെ കവിതയെ അടുത്ത ഘട്ടത്തിലേയ്ക്ക് വികസിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഉള്ളൂർ 'കേരള സാഹിത്യചരിത്ര'ത്തിൽ പരാമർശിക്കുംപ്രകാരം, 'വീണപൂവു വരെ ആശാൻ രചിച്ച നിബന്ധങ്ങളെ അദ്ദേഹത്തിൻ്റെ പൂർവ്വകാല കൃതികളായും വീണപൂവു മുതലുള്ളവയെ ഉത്തരകാല കൃതികളായും പരിഗണിക്കാ'മെന്ന പരിശോധനയ്ക്ക് സാധുത കല്പിക്കാവുന്നതാണ്. വീണപൂവിനപ്പുറവും ഇപ്പുറവും എന്നത് ആശാൻകവിതകളുടെ ശാസ്ത്രീയമായ വിഭജനമാവുന്നുണ്ട്. 'ശാങ്കരശതകം' പോലുള്ള ഏഴിൽപ്പരം കൃതികളെ ഒരു ഭാഗത്തും, 'ഒരു വീണപൂവ്' മുതൽ പത്തൊൻപതോളം കൃതികളെ മറുഭാഗത്തും നിറുത്തിയാണ് ഉള്ളൂരിൻ്റെ ഈ വിഭജനം. ആത്മീയതകൊണ്ടുവന്ന ദാർശനികകാഴ്ചയും, ജീവിതനിലപാടുകൊണ്ടുവന്ന പതിതപക്ഷപാതിത്വവും 'ഒരു വീണ പൂവ്' മുതലുള്ള കുമാരനാശാൻ്റെ ആശയഗതിയെ പരിവർത്തിപ്പിച്ച സംഗതികളാണ്. 

ശോകങ്ങളെ ശ്ലോകങ്ങളാക്കിയ കവിയാണ് കുമാരനാശാൻ. പതിതരുടെയും നിസ്വരുടെയും അധഃകൃതരുടെയും പീഡിതസ്ത്രീകളുടെയും വ്യഥകളും ദുരിതങ്ങളും ആശാൻകാവ്യങ്ങളുടെ ഭാവമായി ആവിഷ്ക്കരിക്കപ്പെടുന്നതുകാണാം. ഞെട്ടറ്റുവീണ പൂവിൻ്റെ ആധിയുമനാഥത്വവും നൽകിയ നീറ്റിപ്പിടിക്കുന്ന വേദന 'ഒരു വീണപൂവ്' മുതലുള്ള കാവ്യങ്ങളെ വിടാതെ പിന്തുടരുന്നുണ്ട്. ദുഃഖങ്ങളുടെ ആധിക്യം, പ്രതിരോധങ്ങളും പ്രതിഷേധങ്ങളും സമരപൂർണ്ണമായ തുറസ്സുകളും ആശാൻകവിതകളിൽ കൊണ്ടുവരുന്നുമുണ്ട്. നിലനിൽക്കുന്ന വ്യവസ്ഥകളോടുള്ള കലഹം തന്നെയാണ് 'നളിനി'യിൽ ഏ.ആർ.രാജരാജവർമ്മ പരാമർശിച്ച പ്രാസനിർബന്ധത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, 'ലീല'യിലും ആ പ്രാസവാദത്തെ നിരാകരിച്ചുകൊണ്ട് ആശാൻ മുന്നോട്ടുപോവുന്നതിന് ഇടയാക്കുന്നത്. മഹാകവിപട്ടത്തെ സംബന്ധിച്ച വള്ളത്തോളുമായുള്ള തർക്കങ്ങളും ഇതിൻ്റെ തുടർച്ചയായുണ്ടാവുന്നതാണ്. അതായത് അതുവരെയുള്ള സ്ഥാപനവൽക്കരണങ്ങളെ നിഷേധിച്ചുകൊണ്ടാണ് ആശാൻ മലയാളകവിതയിൽ ചുവടുറപ്പിക്കുന്നത്. അതുകൊണ്ടാണ് വാല്മീകിയുടേതല്ലാത്ത ഒരു സീതയെ ആശാൻ കൊണ്ടുവരുന്നത്. (തൻ്റെ ഗുരുനാഥൻ ഈഴവശിവനെ കുടിയിരുത്തിയതുപോലെ, ആശാൻ്റെ മാത്രമായ സീതയാണ് ഉടലെടുത്തത്.) ഭർത്താവിൻ്റെയും ഭർതൃകുലത്തിൻ്റെയും മേധകൾക്കെതിരെ സ്ത്രീ ഒരു പുതിയ വ്യവസ്ഥ സ്ഥാപിക്കുന്നതുകാണാം 'ചിന്താവിഷ്ടയായ സീത'യിൽ. മാംസനിബദ്ധമല്ല രാഗം എന്നിടത്തോളം ആശാൻ്റെ സ്ത്രീസങ്കല്പം വലുതാവുന്നുണ്ട്. അനുരാഗകാവ്യങ്ങളായ 'നളിനി', 'ലീല' എന്നീ കൃതികൾപോലും അതിരുലംഘിക്കുന്നില്ല. ശൃംഗാരശ്ലോകങ്ങളെഴുതരുതെന്ന ശ്രീനാരായണഗുരുദേവൻ്റെ ഉപദേശവും ഒരുപരിധിവരെയിക്കാര്യത്തിൽ ആശാനെ സ്വാധീനിച്ചിട്ടുണ്ടാവാം.

എന്നാൽ ആത്മീയദർശനങ്ങളേയും ഗുരുദേവഉപദേശങ്ങളേയും മാറ്റിവെക്കുന്നുണ്ടദ്ദേഹം 'ദുരവസ്ഥ' എന്ന കാവ്യത്തിലെത്തുമ്പോൾ. 1921-ലെ മലബാർസമരത്തെ പിൻപറ്റി ലഹളകളിലേർപ്പെട്ടിരുന്നവരിൽനിന്നും രക്ഷപ്പെട്ട സാവിത്രി എന്ന നമ്പൂതിരി യുവതി, ചാത്തൻ എന്ന പുലയ യുവാവിൻ്റെ കുടിലിൽ അഭയംതേടുകയാണ് 'ദുരവസ്ഥ'യിൽ. (1921-ലെ മലബാർസമരത്തെ ആശാൻ സമീപിച്ച രീതിയോടുള്ള വിയോജിപ്പ് മറ്റൊരു തലത്തിൽ പറയേണ്ടിയിരിക്കുന്നു.) അവിടെ താമസിച്ചുവരവേ സാവിത്രി ചാത്തനിൽ അനുരക്തയാവുകയും അയാളെ വിവാഹം ചെയ്യുന്നുമുണ്ട്. ഇവിടെ ചാത്തൻ ജാതിയിൽ കീഴാളനാണ്. അതുകൊണ്ടുതന്നെ വിധേയത്വത്തിൻ്റെ സംസ്കാരമാണ് അയാൾക്കറിവുള്ളത്. സാവിത്രി എന്ന സവർണ്ണ, സ്ത്രീ ആർജ്ജിക്കേണ്ട ഒരു ജീവിതവ്യവസ്ഥയെ എത്തിപ്പിടിക്കുകയാണ്. അന്ന് അത്തരത്തിൽ ഒരു മിശ്രവിവാഹം സങ്കല്പിക്കാൻപോലും കഴിയാത്ത ഒരു കാലത്താണ് ഇതു സംഭവിക്കുന്നത്. അതിനപ്പുറം ഇവിടെ സ്ത്രീ അതുവരെയും, ഒരുപക്ഷേ പിന്നീടും, കാണിക്കാത്ത വിധം ഇഷ്ടപ്പെട്ട പുരുഷനെ വിവാഹംകഴിച്ച്, രതിക്ക് സന്നദ്ധത പ്രകടിപ്പിക്കുകയാണ്. 1922-ലാണ് വിപ്ലവാത്മകമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന 'ദുരവസ്ഥ' പിറക്കുന്നത്. അന്നത്തെ വ്യവസ്ഥിതിയിൽ ഇങ്ങനെയൊരു കൃതി കുമാരനാശാൻ തുറന്നുവെക്കാൻ കാണിച്ച തൻ്റേടം നൽകിയ ഊർജ്ജംതന്നെയാണ് അതേവർഷത്തിൽത്തന്നെ അദ്ദേഹത്തെ 'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലേക്കു നയിക്കാനിടയാക്കുന്നതും.

ഇന്ത്യയിൽ നടമാടിവന്ന ഹിന്ദുമതത്തിലെ ജാതിഭീകരതയെ ചെറുക്കാനാണ് ബുദ്ധമതം കടന്നുവരുന്നത്. ജാതി-മതാന്ധത കൊടികുത്തിവാഴുന്ന ഒരു കാലത്തെ തുറന്നുകാട്ടുന്ന ആശാൻകാവ്യങ്ങൾക്ക് ബുദ്ധതത്വം പഥ്യമാവുന്നത് അതുകൊണ്ടാവാം. ആ തത്വബോധത്തിലടിയുറച്ചാണ് ആശാൻകാവ്യങ്ങളുടെ നിൽപ്പെങ്കിലും, 'ചണ്ഡാലഭിക്ഷുകി'യിലും 'കരുണ'യിലും പ്രത്യക്ഷത്തിൽത്തന്നെ ബുദ്ധപരിസരങ്ങളുണ്ട്. ഉത്തരമഥുരാപുരിക്കടുത്താണ് 'കരുണ'യുടെ പശ്ചാത്തലമെങ്കിൽ, ഉത്തരഹിന്ദുസ്ഥാനത്തിലെ ശ്രാവസ്തിക്കടുത്താണ് 'ചണ്ഡാലഭിക്ഷുകി'യിലെ രംഗസ്ഥലം. ബുദ്ധമതകേന്ദ്രങ്ങൾ ഇരുസ്ഥലത്തും കാണുന്നുണ്ട്. 'ദുരവസ്ഥ'യിൽ സ്ത്രീയുടെ സന്നദ്ധതയും ഉയർച്ചയും ദർശിച്ച കവി, അതേ വർഷത്തിലെഴുതിയ 'ചണ്ഡാലഭിക്ഷുകി'യിലും അതേ ഉണർവ്വ് സ്ത്രീയിൽ ദർശിക്കുന്നുണ്ട്. 'ദുരവസ്ഥ'യിലെ സാവിത്രി സവർണ്ണസ്ത്രീയുടെ ആധികളാണ് പങ്കുവെച്ചതെങ്കിൽ, 'ചണ്ഡാലഭിക്ഷുകി'യിലെ മാതംഗി ചണ്ഡാലകുലത്തിൽ പിറന്നതിനാലുള്ള കീഴാളജീവിതത്തിൻ്റെ പ്രശ്നങ്ങളാണ് പറയുന്നത്.

പുകഴ്കൊണ്ട നാടാണ് ശ്രാവസ്തി. എന്നാൽ അതിനടുത്തുള്ള കീഴാളഊര് ജനവാസമില്ലാത്തതും വരണ്ടുകിടക്കുന്നതുമായ പ്രദേശമായാണ് കുമാരനാശാൻ വരയ്ക്കുന്നത്. അവിടത്തെ മനുഷ്യജീവിതങ്ങൾ പോലെയെന്നു വെളിവാക്കുംവിധം, കഠിനതാപമേറ്റ് ശുഷ്ക്കിച്ച വൃക്ഷ-ജീവജാലങ്ങളും അവിടെക്കാണാം. അത്തരത്തിൽ വാടിനിൽക്കുന്ന ഒരു മരച്ചുവട്ടിലേക്കാണ് ദാഹിച്ചുതളർന്ന ബുദ്ധയോഗിയായ ആനന്ദഭിക്ഷുവെത്തുന്നത്. ആ അവസരത്തിൽത്തന്നെ അതിനടുത്തുള്ള വഴിക്കിണറിൽ വെള്ളമെടുക്കാനായി മാതംഗി എന്ന ചണ്ഡാലയുവതിയുമെത്തുന്നു. അവൾ പാളകൊണ്ട് വെള്ളം കോരിയെടുക്കുന്നിടത്തുചെന്ന് ആ യോഗിവര്യൻ ദാഹനീർചോദിക്കുന്നു. താനൊരു നീചനാരിയായ ചണ്ഡാലിയാണെന്നും, ഗ്രാമത്തിനു പുറത്തെ ചേരിയിൽ താമസിക്കുന്നവളാണെന്നും അവളദ്ദേഹത്തെ ബോധിപ്പിക്കുന്നുണ്ട്. എന്നാലദ്ദേഹം, 'ജാതി ചോദിക്കുന്നില്ല സോദരീ', ദാഹനീർ മാത്രംമതി എന്നു മറുപടിയേകുന്നു. പിന്നെ തടസ്സം പറയാതെ മാതംഗി അദ്ദേഹത്തിന് നീർ പകർന്നുനൽകുകയും,ശേഷം ഇരുവരും അവരുടെ വഴികളിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നു.

എന്നാൽ ആ രാത്രി മാതംഗി ഉറക്കം വരാതെ അസ്വസ്ഥയാവുന്നു. ആ യോഗിയിൽ ആസക്തയായ അവൾ അടുത്ത ദിവസം അദ്ദേഹം വസിക്കുന്ന ആശ്രമത്തിലെത്തിച്ചേരുന്നു. പുരുഷസൗന്ദര്യത്തിൽ ആകൃഷ്ടയായ സ്ത്രീയുടെ മറ്റെല്ലാം ത്യജിച്ചുകൊണ്ടുളള അഭിനിവേശം ഇവിടെയും വ്യക്തമാണ്. ആനന്ദഭിക്ഷുവിൽ അനുരക്തയാണ് മാതംഗി. എന്നാൽ, 'അവളുടെ ഭാവമറിഞ്ഞു പിന്നെ-/സ്സുവിമല ധർമ്മോപദേശം ചെയ്തു' കൊണ്ട് ആനന്ദഭിക്ഷു മാതംഗിയെ ഭിക്ഷുകിയുടെ വിശുദ്ധിയിലേക്ക് ഉയർത്തുന്നുണ്ട്. അവൾ പോകെപ്പോകെ ഭിക്ഷുണിയുടെ ഭാവവും മാർഗ്ഗവും സ്വീകരിച്ചുപോരുന്നു. തന്നെയുമല്ല, ആശ്രമത്തിലെ അന്തേവാസികൾക്ക് ബഹുമാന്യയായി മാറുന്ന പ്രകൃതത്തിലേയ്ക്ക് അവൾ പ്രാപിക്കുന്നുമുണ്ട്. എന്നാൽ, കീഴാളയായ ചണ്ഡാലസ്ത്രീ ആശ്രമത്തിൽ വസിച്ച് അവിടം അശുദ്ധിവരുത്തി എന്നാ പ്രദേശത്ത് വാർത്തപരക്കുന്നു. ബുദ്ധഭക്തൻകൂടിയായ പ്രസേനജിത്ത് എന്ന ആ നാട്ടിലെ രാജാവിനെ ഇതു വിഷമത്തിലാക്കി. ആയതിൻ്റെ നിജസ്ഥിതിയറിയാൻ അദ്ദേഹം ആശ്രമത്തിലെത്തുകയും ചെയ്യുന്നു. മാതംഗിയെച്ചൊല്ലിയുള്ള പരാമർശങ്ങൾക്ക് ശ്രീബുദ്ധൻ രാജാവിനു നൽകുന്ന വിസ്താരം, അക്കാലത്തെ ജാതി-മതാന്ധതകളിൽ പെട്ടുഴലുന്ന സമൂഹത്തിനു നൽകുന്ന മറുപടിയാവുന്നുണ്ട്. ബുദ്ധനിലൂടെ, 'നെല്ലിൻചുവട്ടിൽ മുളയ്ക്കും കാട്ടു-/പുല്ലല്ല സാധുപുലയൻ' എന്ന് ആശാൻ ശബ്ദമുയർത്തുന്നതുകാണാം. 'ഇന്നലെച്ചെയ്തോരബദ്ധം മൂഢർ-/ക്കിന്നത്തെയാചാരമാവാം/നാളത്തെശ്ശാസ്ത്രമതാവാം അതിൽ/മൂളായ്ക സമ്മതം രാജൻ' എന്ന് ഭരണവർഗ്ഗത്തോടുള്ള താക്കീതായും മാറുന്നതുകാണാം. 'സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം/സ്നേഹത്താൽ വൃദ്ധി തേടുന്നു./സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം/സ്നേഹം താനാനന്ദമാർക്കും,/സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ-/വ്യാഹതി തന്നെ മരണം' - എന്ന് അടിവരയിടുകയും ചെയ്യുന്നു.

വ്യവസ്ഥകളില്ലാത്ത, സ്ഥാപനങ്ങളില്ലാത്ത, സ്വതന്ത്രതാധിഷ്ഠിതമായ പരസ്പര മനുഷ്യസ്നേഹത്തെയാണ് കുമാരനാശാൻ 'ചണ്ഡാലഭിക്ഷുകി'യടക്കമുള്ള കാവ്യങ്ങളിലെല്ലാം സങ്കൽപ്പിച്ചതും സ്വപ്നം കണ്ടതും. അതു പുലർന്നോ? തനിക്കുചുറ്റും ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിനിൽക്കുമ്പോൾ അതിനറുതിയെങ്ങനെ, വരാനിരിക്കുന്ന സ്വാതന്ത്ര്യംപോലും ആ അർത്ഥത്തിൽ വ്യർഥമാണല്ലോ എന്നു തപിച്ചും സ്വാസ്ഥ്യമില്ലാതെയുമുള്ള ആ മനസ്സ് കാവ്യങ്ങളിലുടനീളം മിടിപ്പടങ്ങാതെ നിൽക്കുന്നതുകാണാം, ആശാൻകാവ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ. അതുകൊണ്ടുതന്നെയാണ്, 'ചണ്ഡാലഭിക്ഷുകി' അവസാനിക്കുമ്പോൾ, 'എങ്ങുമൊരു ശാന്തി വീശി ലോകം-/മുങ്ങി നിർവ്വാണത്തിൽ താനേ', എന്നു പറഞ്ഞതിനുശേഷം, 'എത്തിനിന്നു ഭാരതത്തിലൊരു-/പത്തു ശതാബ്ദമശ്ശാന്തി' - എന്ന് ആശാൻ അതിർത്തികെട്ടുന്നതും!

'സർവ്വ സമുദായ സാഹോദര്യത്തെ ലക്ഷീകരിച്ച' കാവ്യമെന്ന്, 'ചണ്ഡാലഭിക്ഷുകി'യ്ക്ക്  ഉള്ളൂർ എഴുതിയ അവതാരികയിൽ പരാമർശിക്കുന്ന വാക്യം കുമാരനാശാൻ്റെ എല്ലാ കാവ്യങ്ങളുടെയും ഉദ്ദേശത്തെ ലക്ഷ്യംവെക്കുന്നതാണ്. 'സ്നേഹത്താൽ നിത്യം തടം നനപ്പിൻ ദയാ-/ദോഹളം നല്കുവിൻ പൂവിനെല്ലാം', എന്ന സ്നേഹമനസ്സ് ആശാൻകവിത സൂക്ഷിച്ചു. സ്നേഹഗായകനായി ലോകത്തെ പാടിയുണർത്താൻ അദ്ദേഹം കാവ്യങ്ങൾക്ക് തൻ്റെ ജീവിതം കൊടുത്തു. പല്ലനയാറ്റിൽ താൻ കണ്ട ആഴത്തേക്കാൾ അജ്ഞാതമായ ജാത്യാന്ധകാരത്തിൻ്റെ തീവ്രത വരുംകാലത്തോളം തുടരുന്ന യാഥാർത്ഥ്യമാണെന്ന് കാവ്യങ്ങളുടെ വരികൾക്കിടയിൽ പതിച്ചുവെച്ചാണ് കുമാരനാശാൻ വിടപറയുന്നത്. മതത്തിൻ്റെയും ജാതിയുടെയും വർഗ്ഗത്തിൻ്റെയും പേരിൽ തമ്മിൽ കൊന്നും കൊല്ലിച്ചും പീഡിപ്പിച്ചും, കാടത്തം താണ്ഡവമാടുന്ന മനുഷ്യവർഗ്ഗത്തിൻ്റെയും ആധിപത്യങ്ങളുടെയും താവളങ്ങൾ പെരുകുന്ന പുതിയകാലം പറയുന്നതും മറ്റൊന്നല്ലല്ലോ!  


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.