എസ്‌കോബാറിന്റെ ഹിപ്പോകളെ കൊളംബിയയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കാന്‍ പദ്ധതി
മയക്കുമരുന്ന് മാഫിയ തലവനായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ ഹിപ്പോകളെ കൊളംബിയയില്‍ നിന്നും ഇന്ത്യയിലേയും മെക്‌സിക്കോയിലേയും വന്യജീവി സങ്കേതങ്ങളിലേക്ക് അയക്കാന്‍ പദ്ധതി ഒരുങ്ങുന്നു. 60 ഹിപ്പോകളെ ഇന്ത്യയിലേക്കും 10 ഹിപ്പോകളെ മെക്‌സിക്കോയിലേക്കും കയറ്റി അയക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
1980ലാണ് പാബ്ലോ എസ്‌കോബാര്‍ നാല് ഹിപ്പോകളെ തന്റെ ഫാമിലേക്ക് കൊണ്ടുവന്നത്. ഇതില്‍ മൂന്ന് പെണ്ണും ഒരു ആണുമായിരുന്നു ഉണ്ടായിരുന്നത്. 30 വര്‍ഷത്തിനുള്ളില്‍ ഹിപ്പോകള്‍ 130 എണ്ണമായി പെരുകി. ഹിപ്പോകള്‍ മധ്യ കൊളംബിയയിലെ മഗദലീന നദിയില്‍ സ്ഥിരതാമസമാക്കി. ഹിപ്പോകള്‍ പ്രദേശത്തെ മണ്ണും വെള്ളവും മലിനമാക്കാനും പ്രദേശത്തെ നാടന്‍ സസ്യങ്ങളെ നശിപ്പിക്കാനും തുടങ്ങിയതായും പ്രദേശവാസികള്‍ക്ക് ഭീഷണിയുമായി മാറിയെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ പറഞ്ഞു.
കൃഷ്ണമൃഗങ്ങൾ, ജിറാഫുകൾ, ആനകള്‍ തുടങ്ങി നിരവധി മൃഗങ്ങളും എസ്‌കോബാറിന്റെ സ്വകാര്യ മൃഗസങ്കേതത്തില്‍ ഉണ്ടായിരുന്നു. 1991ല്‍ എസ്‌കോബാര്‍ കീഴടങ്ങിയതോടെ സര്‍ക്കാര്‍ എസ്റ്റേറ്റ് പിടിച്ചെടുക്കുകയും അവിടെ ഉണ്ടായിരുന്ന മൃഗങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്തു. എന്നാൽ, വന്ധ്യകരണ പരിപാടിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2022ല്‍ സര്‍ക്കാര്‍ ഹിപ്പോകളെ അധിനിവേശ ജീവിയായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പോവുകയാണെങ്കില്‍ ഇവ രണ്ട് ദശകത്തിനകം 1500 എണ്ണമാകുമെന്നാണ് സയന്‍സ് ജേണലായ നേച്ചര്‍ മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടര്‍ന്നാണ് കയറ്റി അയക്കല്‍ നടപടി ആലോചിച്ചത്.