മൂന്ന് കവിതകൾ - പി എം ഗോവിന്ദനുണ്ണി
അവസാനത്തെ പക്ഷി
അവസാനത്തെ പക്ഷിയെ
ആരാണ് തിന്നത് ?
അതിന്റെ ചിറകുകൊണ്ടെഴുതിയ
ആകാശം മാത്രം
മുനിഞ്ഞുനീർക്കുന്നു.
അതിന്റെ മരണം കഴിഞ്ഞേ
ഇനിയൊരു പക്ഷിയുണ്ടാകൂ.
എന്റെ ലോകത്തെ ഭാരപ്പെടുത്തി
എപ്പോഴുമുണ്ട്
ഒരാകാശം.
ഞാനതിനെ
തലയിൽപ്പേറുന്നു.
ചിലപ്പോൾ
നാലാക്കി മടക്കി
കീശയിൽത്തിരുകുന്നു.
മടുക്കുമ്പോൾ പശ തേച്ച്
ശൂന്യതയിൽ ഒട്ടിച്ചുനിർത്തുന്നു.
അകത്തും പുറത്തും
അത് വെറും ആകാശം.
അവസാനത്തെ പക്ഷിയെത്തിന്നവൻ
ഭൂഗർഭത്തിൽ
ഉറവിന്റെ പാട്ടുപാടുന്നു.
പച്ച മരിച്ച സസ്യങ്ങളേ,
നിങ്ങളും
ഉരഗങ്ങളെ സ്വപ്നം കാണാറുണ്ടോ?
ഞാനും ഭൂമിയുമായുള്ള
തർക്കത്തിൽ
കക്ഷിചേരണമെന്നില്ലേ
ഇനിയെങ്കിലും നിങ്ങൾക്ക്?
******
ചങ്ങല
കല്ലുകളിൽ കൊത്തിവെച്ച
എന്റെ രൂപം
നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ല,
വായിച്ചിട്ടുമില്ല.
ആ കല്ലുകളെ ഞാൻ
നദിയിൽ എറിഞ്ഞു.
അതുരുണ്ടുരുണ്ടു മണലാകും വരെ
കൊക്കിനേപ്പോലെ
ജലത്തിന്മേലുണ്ടാകും
എന്റെ ജീവൻ.
ഒരു നാൾ ആ
മണൽ തരികൾ പലനിറങ്ങളിൽ
തിളങ്ങും.
അതു കണ്ട്
ഒരു മത്സ്യം
കരകയറി വന്ന്
എന്റെ കല്ലറയെത്തേടും.
വെയിൽ
അസഹ്യമാക്കിയ തീരത്ത്
ഒരു കൊക്കു മാത്രം വിളക്കുമാടം പോലെ ധ്യാനിച്ചു നിൽക്കും.
അതിന്റെ ജീവനിലേയ്ക്കു കണ്ണെറിഞ്ഞ് നിഴലിൽ പതുങ്ങി നിൽക്കും
കാടും കഥയും കൈമോശം വന്ന
ഒരു കിഴവൻ ചെന്നായ.
******
അന്യോന്യം
ഒരിക്കൽ
ഞങ്ങൾ മൂന്നുപേർ
ഒരു സത്രത്തിൽ കൂടി.
ഒരാൾ പ്രസംഗകനും
അപരൻ
കവിയുമായിരുന്നു.
നിശ്ശബ്ദമേഖലയിലായിരുന്നു
എന്റെ പ്രശസ്തി.
തന്മൂലം
ഞാൻ മികച്ച ശ്രോതാവായി,
ബഹുമാനിതനുമായി. അവർ പറയുന്നതുമുഴുവനും
അർത്ഥവത്തെന്നായി ഞാൻ.
മുട്ടിച്ചുവച്ച രണ്ടു വീഞ്ഞുചാറകൾക്കിടയിലെ
വടിവൊത്ത ശൂന്യതയായി
അങ്ങനെ ഞാൻ.
അവരെന്തെന്ന്
ഞാൻ
അറിഞ്ഞിരുന്നില്ല.
കവിവാക്യം
ഇടിമിന്നലായിത്തോന്നി;
പ്രസംഗം
പെരുമഴയായും.
വാസ്തവത്തിൽ
പുറത്ത്
ഇടിയും മഴയും ഉണ്ടായിരുന്നു.
ജനാലകളെ തുറന്നടച്ചുകൊണ്ടിരുന്നു തണുത്ത കാറ്റ്.
സത്ര വാതിൽക്കൽ
മാടമ്പി വിളക്കുപോലെ
സൂക്ഷിപ്പുകാരൻ
സ്വന്തം പ്രേതംപോലെ
നിലകൊണ്ടു.
അപ്പവും വീഞ്ഞും
തീർന്നിരുന്നു.
അത്താഴമേശ
കഴുതക്കാലുകളിൽത്തുള്ളി
അടുത്തേക്കു വന്നു.
അതിലേക്ക്
ആർത്തിയാൽ നീണ്ട്
മെലിഞ്ഞൊട്ടിയ ഒരു പാണ്ടനും.
പൂച്ച!
അറിയാതെ എനിക്ക് ശബ്ദം വച്ചു.
പൂച്ച... പൂച്ച...
അന്നേരം
തൊട്ടടുത്ത്
ശബ്ദം ധരിച്ചിരുന്ന
അവർ രണ്ടുപേരും
ധരിച്ച വസ്ത്രങ്ങൾക്കുള്ളിൽ
വറ്റി.
എന്റെ പൊളിഞ്ഞ വായിലേക്ക് ചാടിക്കയറുന്നതായിത്തോന്നി
രണ്ട്
പടുകൂറ്റൻ പെരുച്ചാഴികൾ.