പി.എസ്.വിജയകുമാർ 31-Jul-2022

ഋതുക്കളെ കവച്ചുകടക്കുന്ന മനുഷ്യജീവിതത്തിൻ്റെ നിസ്സഹായതകളും നിരാലംബതകളും വിഹ്വലതകളുമാണ് കാക്കനാടൻ്റെ 'പരമേശ്വരൻ' എന്ന നോവൽ പകർന്നുവെക്കുന്നത്.


എന്റെ ഇഷ്ടപുസ്തകങ്ങൾ 

ജീവിതം നിരന്തരമായി ഏല്പിച്ച പ്രഹരങ്ങൾ ഏറ്റുവാങ്ങി നിസംഗരായി കാര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പലപ്പോഴും കാക്കനാടൻ്റെ കഥാപാത്രങ്ങൾ. അവരാവട്ടെ തികച്ചും വിഭിന്നമായ പരിസരങ്ങളിൽ അധിവസിക്കുകയും, മറ്റൊരു കാലത്തോട് സംവദിക്കുകയും ചെയ്യുന്നതും കാണാം.

മാറുന്ന കാലാവസ്ഥാവ്യതിയാനങ്ങളും, ഋതുവ്യത്യാസങ്ങളും ഭൂമിയിലെ ആവാസവ്യവസ്ഥയെ നിരന്തരമാറ്റങ്ങൾക്കു വിധേയമാക്കുന്ന ഘടകങ്ങളാണ്. സസ്യ-ജീവജാലകളുടെ സ്വഭാവഗതിയെ മറ്റൊന്നാക്കുന്നതും കാണാം. സൂക്ഷ്മമായി പരിശോധിച്ചാൽ മനുഷ്യവർഗ്ഗത്തിൻ്റെ പരിണാമദശകൾ ഋതുവ്യത്യാസങ്ങൾക്കനുസൃതമാണെന്നു പറയേണ്ടിവരും. ജീവിതത്തിൻ്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ പ്രകൃതിമാറ്റങ്ങൾ വലിയ പങ്കുവഹിക്കുന്നതായി തിരിച്ചറിയാതെവയ്യ! മനുഷ്യൻ്റെ വികാരഭാഷയെത്തന്നെ പലപ്പോഴും മാറ്റിമറിക്കുന്നത് ഭൗമാന്തരീക്ഷത്തിലെ ഈ ചലനനിയമങ്ങളാണെന്നുപോലും വരാം. നിനച്ചിരിക്കാതെ കയറുകയുമിറങ്ങുകയും ചെയ്യുന്ന വികാരവ്യത്യാസങ്ങൾ ഋതുഭേദങ്ങളെ ആശ്രയിച്ചാവാനേ തരമുള്ളൂ എന്ന് ഉറപ്പിക്കാൻ പരാമർശിച്ച സംഗതികൾ കാരണമാവുന്നുണ്ട്. ഋതുകാലങ്ങളും, മനുഷ്യൻ്റെ വികാരവിനിമയങ്ങളും സാഹിത്യത്തിൽ എഴുത്തുകാരനെ ഉന്മാദിയാക്കുന്ന അവസ്ഥാവിശേഷങ്ങളാണ്. കഥയിലാവട്ടെ, കവിതയിലാവട്ടെ മുൻകൂട്ടി പ്രവചിക്കാനാവാത്ത മനുഷ്യൻ്റെ അകവഴിയിലൂടെയുള്ള വേറിട്ട സഞ്ചാരങ്ങൾ അങ്ങിനെ രൂപപ്പെടുത്തിയെടുക്കുന്നതാണ്. സാഹിത്യത്തിൽ ആദ്യകാലഎഴുത്തുകാർ മുതൽ നിലവിൽ എഴുത്തിൽ നിൽക്കുന്നവർവരെ തുടരുന്നതിൻ്റെ യഥാർത്ഥ്യവും ഈ വൈവിദ്ധ്യങ്ങളെക്കൊണ്ടു തന്നെയാണ്.

ഋതുക്കളെ കവച്ചുകടക്കുന്ന മനുഷ്യജീവിതത്തിൻ്റെ നിസ്സഹായതകളും നിരാലംബതകളും വിഹ്വലതകളുമാണ് കാക്കനാടൻ്റെ 'പരമേശ്വരൻ' എന്ന നോവൽ പകർന്നുവെക്കുന്നത്. ജീവിതത്തിൻ്റെ സൂക്ഷ്മാംശങ്ങളെ പരിശോധിക്കുന്നു കാക്കനാടൻ്റെ നോവലുകൾ. മനുഷ്യമനസ്സിൻ്റെ വേവുകളും മോഹഭംഗങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നതാണ് കാക്കനാടൻ നോവലുകളുടെ പ്രകൃതി. അഴിക്കുംതോറും മുറുകിക്കൊണ്ടേയിരിക്കുന്ന ജീവിതവ്യാപാരങ്ങളുടെ അന്വേഷണമാണത്. വായിക്കുന്തോറും ആ ചുഴിയിൽ പെട്ടുഴലാനും, സ്വസ്ഥ്യം തരാതെ പൂർത്തിയാക്കാനുമാണ് ആ നോവലുകൾ വിധിച്ചിരിക്കുന്നത്. ജീവിതം നിരന്തരമായി ഏല്പിച്ച പ്രഹരങ്ങൾ ഏറ്റുവാങ്ങി നിസംഗരായി കാര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പലപ്പോഴും കാക്കനാടൻ്റെ കഥാപാത്രങ്ങൾ. അവരാവട്ടെ തികച്ചും വിഭിന്നമായ പരിസരങ്ങളിൽ അധിവസിക്കുകയും, മറ്റൊരു കാലത്തോട് സംവദിക്കുകയും ചെയ്യുന്നതും കാണാം.

കാക്കനാടൻ്റെ 'പരമേശ്വരൻ' എന്ന ലഘുനോവലിൽ രണ്ടു കാലാവസ്ഥാമാറ്റങ്ങൾ-ചൂടും തണുപ്പും-രണ്ടു കാലങ്ങളായി പരിണമിക്കുന്നതു കാണാം. ഒരു ഋതുവിൽ നിന്ന് മറ്റൊരു ഋതുവിലേക്കുള്ള യാത്ര, വ്യത്യസ്ത കാലങ്ങളിലൂടെയുള്ള യാത്ര തന്നെയാവുന്നു. ഇവിടെ നഗരം ജ്വലിക്കുന്ന വേനലാണ്. ഗ്രാമമാവട്ടെ കഠിനമായ ശൈത്യകാലവുമാണ്. അത്യുഷ്ണത്തിൻ്റെ വരൾച്ച ബാധിച്ച നാഗരീകതയും, മഞ്ഞു കട്ടപിടിച്ച വികാരരാഹിത്യത്തിൻ്റെ ഗ്രാമീണതയും, അതിലൂടെ കടന്നുപോകുന്ന ജീവിതത്തിൻ്റെ വിരുദ്ധാവസ്ഥകളും ചേർന്ന് തികച്ചും വിഭിന്നമായ പ്രകൃതിയൊരുങ്ങുന്നുണ്ട് കാക്കനാടൻ്റെ 'പരമേശ്വരനി'ൽ.

കാക്കനാടൻ്റെ 'പരമേശ്വരനി'ൽ രണ്ടു കാലങ്ങളെ ബന്ധിപ്പിക്കുന്ന മാധ്യമമാണ് തീവണ്ടി. നഗരത്തിൻ്റെ ജ്വലനാവസ്ഥ, പരിസരം കൊണ്ടുവരുന്ന വേനൽച്ചൂളയാണ്. അതിൽ നിലയുറപ്പിക്കാനാവാതെ യുവത്വം ശൈത്യത്തെ പ്രാപിക്കുകയും, അതിൻ്റെ മഞ്ഞുമൗനത്തിൽ ആണ്ടുപോവുകയും ചെയ്യുന്നു. എന്നാൽ ആ വീഴ്ചയെ തടയാൻ ഒരു രക്ഷകനുണ്ടാവുകയും, ആ രക്ഷകനിലൂടെ അവർക്ക് രൂപാന്തരണം സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഗ്രാമത്തിലെ വനാന്തരീക്ഷം വസന്തത്തിൻ്റെ പുതിയ ഉണർവ്വിലേയ്ക്ക് അവരെ നയിക്കുകയും, നഗരം എന്ന വേനൽ നിറവിലേയ്ക്ക് കരുത്തോടെ തിരിച്ചെത്തുകയും ചെയ്യുന്നു. ഒരു തീവണ്ടിയാത്രയിലൂടെ, ഒരു ഋതുവിൽനിന്നും മറ്റൊരു ഋതുവിലേക്കുള്ള സഞ്ചാരം പറയുന്നതിലൂടെ കാലികാവസ്ഥയെയാണ് നോവൽ വെളിവാക്കുന്നത്.

കഥാനായകൻ ജഗ് മോഹൻ, പരമേശ്വരൻ എന്നീ സുഹൃത്തുക്കളുമായി നഗരത്തിൽ നിന്നും തീവണ്ടിയിൽ യാത്ര പുറപ്പെടുമ്പോൾ കനത്ത ചൂട് അവരെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ സന്ധ്യ കഴിയുന്നതോടെ തീവണ്ടി മറ്റൊരു ഋതു കടക്കുകയും, കഥാനായകനും ജഗ് മോഹനും അതിലേയ്ക്ക് പകരുകയും ചെയ്യുന്നു. എന്നാൽ പരമേശ്വരൻ വേനലിൻ്റെ താപനിലയിൽ നിന്ന് മാറാതെനിൽക്കുന്നുണ്ട്. തണുപ്പിൻ്റെ ആധിക്യത്തിൽ നിന്ന് അയാൾ വിമുക്തി നേടുന്നു. മറ്റു രണ്ടുപേരാവട്ടെ അവരുടെ സ്വകാര്യതകളിൽ പൂഴ്ന്ന്, തണുപ്പിലേയ്ക്ക് അഭയം പ്രാപിക്കുന്നുണ്ട്. എന്നാൽ, അവർക്കിറങ്ങേണ്ട സ്റ്റേഷനിലെത്തിയപ്പോഴാവട്ടെ അവരിരുവരും ധ്രുവത്തിലെത്തിയപോലെ അതിശൈത്യത്തിൻ്റെ കാഠിന്യത്തിലകപ്പെടുന്നു. പരമേശ്വരൻ അതിൽനിന്ന് മുക്തനാണ്. ഒരു കുതിരവണ്ടിയിൽ അവർ എത്തിച്ചേരേണ്ട ഇടത്തിലേയ്ക്ക് യാത്ര തുടരുന്നുവെങ്കിലും, അതിശൈത്യവും ഒപ്പം കാറ്റും പേമാരിയും, കൂടെ രാത്രിയുടെ കനത്ത ഇരുട്ടും അതിനു വിഘാതമാവുന്നു. ഒടുവിൽ ആ രാത്രി തകർന്ന ഒരു വഴിയമ്പലത്തിൽ അവരെ വണ്ടിക്കാരനെത്തിക്കുന്നു. എന്നാൽ ആ തകർന്ന മുറിയിലേക്ക് തണുപ്പിൻ്റെ ആധിക്യം വർദ്ധിച്ചുവരുന്നു. ഇവിടെ പരമേശ്വരൻ ശൈത്യത്തെ തടഞ്ഞുനിറുത്തി അവരുടെ രക്ഷകനാവുന്നു. പ്രസന്നമായ പുലരിയിലേക്കും, ആ പച്ചപ്പു നിറഞ്ഞ വസന്തഭംഗിയിലേക്കും അവർ ഉണരുമ്പോൾ പരമേശ്വരൻ അദൃശ്യനാണ്. എങ്കിലും വേനലിൻ്റെ കരുത്തിലേയ്ക്ക് അവർ നഗരമണയുമ്പോൾ, രക്ഷാകവചമായി, സുരക്ഷിതത്വമായി പരമേശ്വരൻ്റെ സ്പർശം വന്നുപൊതിയുകയും ചെയ്യുന്നു.

കാക്കനാടൻ്റെ 'പരമേശ്വരൻ' എന്ന ലഘുനോവൽ, തണുത്തുറഞ്ഞ ലോകത്തിലേയ്ക്ക് കടന്നുപോവുന്ന പുതിയകാലത്തെയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ വരാനിരിക്കുന്ന രക്ഷകൻ്റെ പ്രതീക്ഷകൂടി നോവൽ കരുതിവെയ്ക്കുന്നു. കാക്കനാടൻ എന്നും ജീവിതത്തിൻ്റെ ആധികളെയാണ് പറഞ്ഞുപോന്നത്. ഇവിടെ അതിനുമപ്പുറം കാലത്തിൻ്റെ, ലോകത്തിൻ്റെ പുതിയ നിലകളേയും, അതിൻ്റെ വേവലാതികളേയുമാണ് അന്വേഷിച്ചുപോവുന്നത്. പുതിയ അന്തരീക്ഷവും ഭാഷയും ഭാവവും കാക്കനാടൻ്റെ ഓരോ നോവലിനേയും പുതിയതാക്കുന്ന അനുഭവമാണ്. കാക്കനാടൻ്റെ 'പരമേശ്വരൻ' എന്ന നോവൽ ഇന്നും പുതുമയോടെ വായിക്കപ്പെടുന്നതിന് കാരണവുമതാവാം.


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം