കോടതി രണ്ട് വര്‍ഷം തടവും പിഴയും വിധിച്ചതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകളുമായി രാഹുൽ
മാനനഷ്ടക്കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ വാക്കുകളുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം, സത്യമാണ് എന്റെ ദൈവം, അഹിംസ അതിലേക്ക് എത്താനുള്ള മാര്‍ഗമാണ്', എന്ന ഗാന്ധി വാക്യമാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ഗാന്ധി ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം.
അതിനിടെ, രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി വാരാണസി കോടതി തള്ളി. രാഹുൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ ഇന്ത്യൻ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ല, ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടു, താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തി എന്നടക്കം ഗുരുതര ആരോപണങ്ങളാണ് ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളിൽ രാഹുല്‍ ഗാന്ധി ഉയർത്തിയത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഇത്തരം പരാമർശങ്ങൾ നടത്തിയ രാഹുലിനെ പാർലമെന്റ് അയോഗ്യനാക്കണമെന്ന ആവശ്യമാണ് ബിജെപി ഇപ്പോൾ ഉയർത്തുന്നത്.