ഹിന്ദി സിനിമകൾ സ്വത്വ പ്രതിസന്ധി നേരിടുന്നുവെന്ന് റസൂൽ പൂക്കുട്ടി
ബോളിവുഡ് സിനിമകൾ സ്വത്വ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. സമീപകാലത്ത് ഇറങ്ങിയ തെന്നിന്ത്യൻ ഹിറ്റ് സിനിമകളിൽ ചിലത് ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും അനാവശ്യ ശബ്ദമിശ്രണം നടത്തി വലിയ കോലാഹലങ്ങളാണ് സൃഷ്ടിക്കുന്നത്. മികച്ച ശബ്ദ ബോധമുണ്ടായിരുന്ന ഹിന്ദി സിനിമകൾ ഇപ്പോൾ ഈ ഫോർമുല പിന്തുടരുകയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ബോളിവുഡ് സിനിമകൾ നേടിയെടുത്ത സ്വത്വത്തെ ഈ പ്രവണത മുക്കിക്കളയുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ചലച്ചിത്ര നിരൂപകൻ രാഹുൽ ദേശായിയുടെ ലേഖനം ചൂണ്ടിക്കാട്ടിയാണ് റസൂൽ പൂക്കുട്ടി വിമർശനം ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മികച്ച സ്വര പാരമ്പര്യമുള്ളവർ കഥ പറയാനുള്ള അവരുടെ ശക്തി പൂർണ്ണമായും മറന്നിരിക്കുന്നു. ഇത് ഖേദകരമായ അവസ്ഥയാണെന്നും റസൂൽ പൂക്കുട്ടി പറയുന്നു. ഇത് പറയുന്നതിലൂടെ ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വരുമെന്ന് അറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.