ജെയ്മി  മക്ലാരന്റെ ഊന്നു വടി | സിമി നാരായണന്‍ ഗീത | മെൽബൺ


കൃത്യം പത്ത് മണിക്ക് കമ്പ്യൂട്ടർ സ്ക്രീനിലെ സൂമിനുളളിൽ നിന്നും ജെയ്മി മക്ലാരൻ തൻ്റെ വിദ്യാർത്ഥികളെ എത്തി നോക്കി. 10, 11, 12.  മതി 20 ൽ 12 നല്ലൊരു സംഖ്യയാണ്. കാണികൾ കുറയുന്നതാണ് അല്ലെങ്കിലും അയാൾക്കിഷ്ടം. നിലത്ത് കുത്തി നിർത്തിയ  വടിയിൽ ശക്തമായി ഊന്നി അയാൾ തൻ്റെ കറങ്ങുന്ന കസേര പിന്നിലേക്ക് തള്ളി, പിന്നെ മുറി മുഴുവൻ കറങ്ങി തൽസ്ഥാനത്ത് തന്നെ കൊണ്ട് വന്ന് നിർത്തി.

"വൂ... ഫൂ..."

ശേഷം സ്ക്രീനിലേക്ക് നോക്കി ചിരിക്കുന്ന മുഖങ്ങൾ കണ്ട് സന്തുഷ്ടനായി എഴുതിക്കൂട്ടി വച്ച കടലാസിൻ കൂട്ടത്തിലേക്ക് കടന്നു. പക്ഷെ അഞ്ച് മിനിട്ട് തികയും മുൻപേ സ്ക്രീനിലെ മുഖങ്ങൾ മങ്ങി,

''  ജെയ്മി , നിങ്ങൾ പറയുന്നത് .. വിഷയം മാറിപ്പോയിരിക്കുന്നോ എന്ന് ഞങ്ങൾ സംശയിക്കുന്നു ''

ഒരു നിമിഷം എന്നും പറഞ്ഞ് ജെയ്മി മക്ലാരൻ വീണ്ടും വടി നിലത്തൂന്നി കസേരയിൽ പിന്നിലോട്ടാഞ്ഞു. മുറിയും കടന്ന് പുറത്ത് പോയി. കസേരയിൽ നിന്നും എഴുന്നേറ്റ് ഓടി അയാൾ കിടപ്പുമുറിയിലെ കണ്ണാടിയിൽ പോയി നോക്കി ഗോഷ്ഠി കാണിച്ചു.

ഇല്ലല്ലോ...

ആ കോമാളി മുഖം പോയിട്ടില്ലല്ലോ...

രണ്ടാമത്തെ ആഴ്ച്ചയാണ് ജെയ്മീ...

നാലാമത്തെ ആഴ്ച്ചയിലേക്ക് നീ വിചാരിച്ചാൽ സമയം പറക്കില്ല !

അയാൾ വീണ്ടും തിരിച്ച് വന്ന് കസേരയിലേക്കമർന്നു. കോമാളിമുഖം കാണിച്ച് വീണ്ടും സൂമിലേക്ക്.

"ക്ഷമിക്കൂ പിള്ളാരെ ... എനിക്ക് തെറ്റിപ്പോയി. പകരം നമുക്കിന്നൊരു കഥ പറഞ്ഞാലോ. "

പന്ത്രണ്ടു ചിരികൾ ഒരുമിച്ചാർത്തു.

 *************

രാവിലെ ആറുമണി ആയപ്പോഴേക്കും സൂസൻ മക്ലാരൻ എഴുന്നേറ്റിരുന്നു. അവിടെ ഏറ്റവും ആദ്യം എഴുന്നേൽക്കുന്നത് സൂസനാണ്. സ്വന്തമായുണ്ടാക്കിയ ഒരു കപ്പ് കട്ടൻ കാപ്പിയുമായി അവർ അവരുടെ കൊച്ചു മുറിയുടെ ജനാലയ്ക്കരികിൽ നിന്നും പുറത്തേക്ക് നോക്കി.

ഈ വായുവിലൊക്കെ അതുണ്ടാവുമോ? അതോ മനുഷ്യരിൽ മാത്രമാണോ? ഈ ജന്തുക്കൾ ഇതെന്ത് ഭാവിച്ചാണ്? ഇതിനി എത്ര കാലത്തേക്കാണ്?

തൊട്ടടുത്ത മേശയിൽ ഫ്രേം ചെയ്ത അമ്മയുടെയുടേയും മകന്റേയും ചിത്രം. ജെയ്മി മക്ലാരന്റെ യുവത്വം തുളുമ്പുന്ന മുഖം. ആ ചിത്രത്തിൽ അയാളുടെ ഒറ്റ മുടി പോലും നരച്ചിട്ടില്ലല്ലോ എന്നവരോർത്തു. നന്നായി.

" ഗുഡ് മോർണിങ്ങ് സൂസൻ "

സമാന്ത നേരെത്തേ എത്തിയോ? അവൾ , സൂസൻ കുടിച്ച് തീർത്ത കാപ്പിക്കോപ്പ എടുത്തു മാറ്റി മേശ തുടച്ച് വൃത്തിയാക്കി. ബെഡിലെ വിരി മാറ്റി പുത്തൻ വിരിച്ചു.

" ജെയ്മി വന്നിരുന്നോ?"

" ഇല്ല സൂസൻ. നിങ്ങൾക്കറിയാവുന്നതല്ലേ? മകനെ കാണാൻ കുറച്ച് നാൾ കൂടെ ക്ഷമിക്കൂ. എല്ലാം നിങ്ങൾക്കു വേണ്ടിയല്ലേ"

സൂസൻ ഒന്ന് മൂളി.

പുറത്ത് പതിവില്ലാത്ത മൂടൽ മഞ്ഞ്.  അവർ വെറുതെയങ്ങനെ നോക്കിയിരുന്നു , മങ്ങിയ പുറംകാഴ്ച്ചയിലേക്ക് ..

  *********************

മുന്നിലെ വായുവിൽ  ഊന്ന് വടി കൊണ്ട് വാക്കുകൾ എഴുതുകയായിരുന്നു ജെയ്മി മക്ലാരൻ. ഇരുട്ടിൽ വടിയുടെ അറ്റം തിളങ്ങി. വേണമെങ്കിൽ അത് വായിച്ചെടുക്കാം. പക്ഷെ അയാൾ അത് മുഴുവനാക്കിയില്ല. ചിലച്ച് കൊണ്ടിരുന്ന ടി വിയിൽ നിന്നും പുതിയതായി ഇനിയൊന്നും അറിയാനില്ലെന്നുറപ്പായപ്പോൾ അയാൾ കിടപ്പു മുറിയിലേക്ക് നടന്നു. ഊന്നു വടി കിടയ്ക്കരികിൽ ചുമരിനോട് ചേർത്ത് വച്ച് കിടക്കയിലേക്കമർന്നു. ക്ലോക്ക് ടിക് ടിക് ടിക് ടിക് പാഞ്ഞു കൊണ്ടേയിരുന്നു. പിടിച്ച് നിർത്താൻ നോക്കിയിട്ടും കാര്യമില്ലെന്നറിയാവുന്നത് കൊണ്ടാവണം അയാൾ ആ കിടപ്പ് വെറുതെയങ്ങനെ തുടർന്നത്. ഒരു മണിയുടെ കട്ടപിടിച്ച ഇരുട്ടിലും ജെയ്മി മക്ലാരൻ്റെ കണ്ണുകൾ തുറന്ന് തന്നെയിരുന്നു.

പെട്ടെന്നയാൾ കരയാൻ തുടങ്ങി.

എന്ത് കോപ്പിനാണവൻ ഇട്ടേച്ച് പോയത്. അതും ഇങ്ങനൊരു സമയത്ത്? ഹൊ തണുത്തിട്ടും വയ്യല്ലോ.

കമ്പിളിക്കുള്ളിലെ ചൂടിലും തണുത്ത് വിറങ്ങലിച്ച് ജെയ്മി മക്ലാരൻ പല്ലിറുമ്മി.

 സ്നേഹവും രതിയുമല്ലാതെ ആ നാറിക്കെന്തായിരുന്നു വേണ്ടിയിരുന്നത്. വെറും രണ്ട് കൊല്ലം കൊണ്ട് മടുക്കുന്ന പ്രേമമായിരുന്നോ അത് ? പോട്ടെ പുല്ല്. പോയി തുലയട്ടെ.

കോമാളിമുഖം ചുളിഞ്ഞ് ചുളിഞ്ഞ് വികൃതമായി. ജെയ്മി മക്ലാരൻ തലയിണയിൽ മുഖമമർത്തി വാവിട്ട് നിലവിളിച്ചു. അയാളുടെ നെഞ്ചിൻ രോമങ്ങളും കാലിടുക്കും അപ്പോഴും പതിവായി കിട്ടി ശീലിച്ചൊരു സ്പർശനത്തിനായി കാത്ത് മടുത്തു. ഊന്നുവടി നിന്ന് വിറച്ചു.

***********************

"അപ്പോൾ ഞാൻ പറഞ്ഞ് വരുന്നതെന്താണെന്ന് വച്ചാൽ ..."

കറങ്ങുന്ന കസേരയിൽ വീണ്ടും ഒരു വട്ടം കൂടി കറങ്ങി ജെയ്മി മക്ലാരൻ സ്ക്രീനിലെ മുഖങ്ങളിലേക്ക് നോക്കി. പത്തു മുഖങ്ങളിലും ഒരേ മ്ലാനത ! ഇവരുടെ ചിരി എവടെപ്പോയി ?   " ജെയ്മി, താങ്കൾക്ക് വിശ്രമമാവശ്യമാണെന്ന് തോന്നുന്നു. "

മ്ലാനത സഹതാപത്തിലേക്ക് ചാഞ്ഞു തുടങ്ങിയപ്പോൾ അയാൾ നൊടിയിടയിൽ സ്ക്രീനിൽ നിന്നും അപ്രത്യക്ഷനായി. അയാളുടെ മുഖം ചുവന്ന് തുടുത്തു. വലിഞ്ഞ് മുറുകി. കസേരയിൽ നിന്നുമെഴുന്നേറ്റയാൾ ഊന്നുവടിയുമായി പുറത്തേക്ക് നടന്നു. പോക്കറ്റിൽ സൂക്ഷിച്ച മാസ്കെടുത്ത് മുഖത്തിട്ട്  ഗേറ്റ് കടന്ന് വടി വീടിനകത്തേക്ക് വലിച്ചെറിഞ്ഞ് അയാൾ നടപ്പാതയിലൂടെ ആഞ്ഞാഞ്ഞ് നടന്നു.

അര മണിക്കൂർ നടത്തത്തിനൊടുവിൽ ഒരു വലിയ കെട്ടിടത്തിന് മുൻപിലെത്തി. ഈഡൻസ് ഹോം ഫോർ ഏജ്ഡ് എന്ന് കെട്ടിടത്തിൽ പതിച്ച് വച്ചിട്ടുണ്ട്. ഗേറ്റും കടന്ന് അകത്തെത്തിയതും മുന്നിലെ വാതിൽക്കൽ ഒരു നെടുനീളൻ സെക്യുരിറ്റി പുഞ്ചിരിയോടെ ജെയ്മിയെ തടഞ്ഞു. പുതിയതായി മുൻ ചുവരിൽ പതിഞ്ഞ നിർദ്ദേശങ്ങളിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

"ക്ഷമിക്കണം ജെയ്മി. നിവൃത്തിയില്ല. കുറച്ച് കാലം കൂടി നിങ്ങൾ കാത്തിരുന്നേ മതിയാവൂ. "

" ഇതെന്റെ അവസാന അത്താണിയാണ്. നിയമങ്ങൾ പാലിച്ച്.. അകലെ നിന്ന് .. ഒന്ന് സമ്മതിക്കൂ "

"നിങ്ങൾക്ക് മാത്രമായി ഒരു അനുവാദം തരാനാവില്ല ജെയ്മി. പ്രത്യേകിച്ചും സൂസൻ ഒരു ഹൃദ്രോഗി ആണെന്നറിയാമല്ലോ. "

" ഏയ്. ദൂരെ നിന്ന് ഒരു പൊട്ട് പോലെ മാത്രം... അത് മതിയെന്നേ.."

 അവസാനത്തെ പ്രതീക്ഷയോടെ ജെയ്മി മക്ലാരൻ മുൻ വാതിലിലൂടെ എന്തി വലിഞ്ഞ് അകത്തേക്ക് നോക്കി.

സെക്യൂരിറ്റിക്കാരന്റെ മുഖത്തപ്പോൾ കഠിനമായൊരു വിഷാദം കണ്ടു.  

*************************

" വേറെ വഴിയില്ലായിരുന്നു സൂസൻ. ഞങ്ങൾ ആവതും പറഞ്ഞു നോക്കി. പോലീസ് വന്നപ്പോഴാണ് ശാന്തനായത് "

സൂസൻ വീണ്ടും മേശയ്ക്കു മുകളിലെ ചിത്രത്തിലേക്ക് നോക്കി. അവിടെ ജെയ്മി മക്ലാരന്റെ കുറേ പഴയ ചിത്രങ്ങൾ ..

മുടി നീട്ടി ഉടുപ്പിട്ട ജെയ്മി

അമ്മയുടെ നീണ്ട പാവാടയുടെ പിന്നിലൊളിക്കുന്ന നാണം കുണുങ്ങി .

മുഖം കുനിച്ച പൊടിമീശക്കാരൻ

പതിനെട്ടാം വയസ് തികഞ്ഞ ദിവസമാണ് ആ ഉറപ്പ് അവന് കൊടുത്തത്. എന്നേക്കുമുള്ള പിറന്നാൾ സമ്മാനം.

" എന്നാലും നിങ്ങൾക്കെന്നെ ഒന്നറിയിക്കാമായിരുന്നു. "

മേശവലിപ്പിൽ നിന്നും ഗുളികകൾ പുറത്തെടുത്ത് സൂസന് നൽകിയപ്പോൾ സമാന്ത സൂസനെ ക്ഷമാപണത്തോടെ നോക്കി.

" നിയമങ്ങൾ തെറ്റിക്കാനാവില്ലല്ലോ. "

" അവൻ എനിക്കിപ്പോഴും കുട്ടിയാണ്. ഞാൻ അവന്റെ അവസാന വാക്കും."

" അയാൾ വീട്ടിൽ സുരക്ഷിതനായി എത്തിയിട്ടുണ്ട്. ശാന്തനാണ്. പോലീസ്  വിളിച്ചിരുന്നു. "

" നിങ്ങൾക്കവനെ അറിയില്ലല്ലോ.''  

**************************

ജെയ്മി മക്ലാരൻ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഈഡൻസിലേക്ക് ഫോൺ സന്ദേശമായി എത്തിയ ആ നിമിഷം സമാന്ത അഞ്ചാം തവണയും സൂസന്റെ വാതിലിൽ മുട്ടുകയായിരുന്നു.

സൂസൻ ദീർഘമായ ഉറക്കത്തിലേക്ക് വഴുതിയിരുന്നു. ആ പകൽ തനിക്ക് കണ്ണു തുറക്കാനാവില്ലെന്ന് തലേന്ന് രാത്രി തന്നെ അവരറിഞ്ഞിരിക്കണം. ആകെയുള്ള ബന്ധു മറ്റൊരു ശവപ്പെട്ടിക്കായി കാത്ത് കിടപ്പാണല്ലോ. അതിനാൽ സമാന്ത ഓടിപ്പിടഞ്ഞ് ഹോമിലെ മാനേജരേയും നഴ്സിനെയും കൂടെ അവസാന പ്രാർത്ഥനയ്ക്കായി കൂട്ടി. ശേഷം സെമിത്തേരിയിലേക്കും.

ഡെയ്സിപ്പൂക്കൾ അലങ്കരിച്ച സെമിത്തേരിയുടെ തണുപ്പിൽ , കുടുംബക്കല്ലറയിലെ തന്റെ സ്വന്തം ഇടത്തിന്റെ ഭംഗിയാസ്വദിച്ച് സൂസൻ ദീർഘമായി നിശ്വസിച്ചു. തൊട്ടപ്പുറത്ത് ഇനിയും തന്റെ വരവറിയാത്ത മറുപാതിയെ അദ്ഭുതത്തോടെ നോക്കി. പിന്നെ വിദൂരത്തേക്ക് കണ്ണും നട്ടിരുന്നു.

" ഞാനെത്തി "

 അത്ര നേരം മടുപ്പോടെ കാത്തിരുന്ന സൂസനെ ഓടി വന്ന് കെട്ടിപ്പിടിച്ച് ജെയ്മി മക്ലാരൻ പറഞ്ഞു. സൂസൻ അയാളെ ചേർത്തണച്ച് നെറ്റിയിൽ ഉമ്മ വച്ചു.

കുടുംബക്കല്ലറയിൽ അയാൾക്ക് മാറ്റി വച്ച ഇടം നോക്കി ജെയ്മി മക്ലാരൻ പറഞ്ഞു.

" നമുക്ക് ഒറ്റക്കല്ലറ മതിയെന്ന് നമ്മുടെ അപ്പനറിയില്ലായിരുന്നോ ?"

" ശ്‌ശ്‌ശ് ... പതുക്കെ പറ. നല്ല ഉറക്കമാ. എഴുന്നേൽപ്പിക്കണ്ട. "

ജെയ്മി മക്ലാരൻ എന്ന കുട്ടി അമർത്തിച്ചിരിച്ചു. ശേഷം അമ്മയുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് , വാരിപ്പുണർന്ന് സ്വസ്ഥമായി ഉറങ്ങി.

ജെയ്മി മക്ലാരന്റെ അനാഥമായ കല്ലറയ്ക്ക് മുകളിൽ ഒരു  ഊന്നുവടി ആരെയോ കാത്ത് കിടന്നു.

 


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം