തായ്‌വാൻ പ്രസിഡന്റിന്റെ യുഎസ് സന്ദർശനത്തെ ചൈന അപലപിച്ചു
ചൈനയുടെ കടുത്ത എതിർപ്പ് അവഗണിച്ച് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ വ്യാഴാഴ്‌ച ന്യൂയോർക്കിലെത്തി. വിദേശ പര്യടനത്തിന്റെ ഭാഗമായുള്ള സാധാരണ സന്ദർശനമാണിതെന്നാണ് തായ്‌വാന്റെ വിശദീകരണം. എന്നാൽ യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി സായ് ഇങ്-വെൻ കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്.
തായ്‌വാൻ പ്രസിഡന്റിന്റെ യുഎസ് സന്ദർശനത്തെ ചൈന അപലപിച്ചു. തായ്‌വാനും അമേരിക്കയും തമ്മിൽ നടത്തുന്ന ഏത് തരം കൂടിക്കാഴ്ചയെയും എതിർക്കുമെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങൾ ചൈന സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ഏകചൈന നയത്തിന്റെയും ചൈന–-യുഎസ് സംയുക്ത പ്രസ്‌താവനകളുടെയും ലംഘനമാണിത്. ചൈനയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രത സംബന്ധിച്ചും തെറ്റായ സന്ദേശമാണ് ഈ സന്ദർശനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യുയോര്‍ക്കില്‍ സായ് ഇങ്-വെന്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലേക്ക് ചൈനീസ് വംശജര്‍ പ്രതിഷേധപ്രകടനം നടത്തി. ചൈനീസ് പതാകയുമേന്തി ആയിരത്തോളം പേര്‍ പ്രകടനം നടത്തി. സമാധാനപരമായ പുനരേകീകരണമാണ് വേണ്ടതെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. നേരത്തെ യുഎസ് ഹൗസ് സ്‌പീക്കറായിരുന്ന നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം മേഖലയില്‍ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു.