തമിഴ്നാട്ടിൽ പ്രതിഷേധം; തൈര് പാക്കറ്റിൽ ഹിന്ദി നാമം വേണമെന്ന തീരുമാനം പിൻവലിച്ചു
തൈര് പാക്കറ്റിൽ ഹിന്ദി നാമം ചേർക്കണമെന്ന തീരുമാനം എഫ്എസ്എസ്എഐ പിൻവലിച്ചു. കേന്ദ്ര ഭക്ഷ്യ സുരക്ഷ കേന്ദ്രമാണ് എഫ്എസ്എസ്എഐ. തൈര് എന്നതിനു പകരം 'ദഹി' എന്ന് പാക്കറ്റിൽ ചേർക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നിർദേശിച്ചത്. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പാൽ ഉദ്പാദന കർഷകരും പ്രതിഷേധം നടത്തിയിരുന്നു.
ഇംഗ്ലീഷ്, തമിഴ് പേരുകൾ മാറ്റി ഹിന്ദി ചേർക്കണെമന്നായിരുന്നു എഫ്എസ്എഎസിയുടെ നിർദേശം. എന്നാൽ തമിഴ്‌നാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് തൈര് പാക്കറ്റുകളിൽ 'ദാഹി' എന്ന പദം ഉപയോഗിക്കില്ലെന്നും 'തയ്യിർ' എന്ന വാക്ക് മാത്രമേ ഉപയോഗിക്കൂ എന്നും നിലപാടെടുക്കുകയായിരുന്നു.
സ്വന്തം സംസ്ഥാനത്ത് തൈര് പാക്കുകളിൽ പോലും ഹിന്ദി അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിലേക്കെത്തിയെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയിൽ നിന്നും ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ദഹി'യല്ല കന്നഡയിൽ 'മൊസരു' എന്ന വാക്കുപയോഗിക്കുമെന്ന് കർണാടക മിൽക്ക് ഫെഡറേഷനും അറിയിച്ചിട്ടുണ്ട്.