സ്വവർഗാനുരാഗികൾക്ക് വധശിക്ഷവരെ നൽകാവുന്ന നിയമവുമായി ഉഗാണ്ട
ഉഗാണ്ട പാർലമെന്റ് കഴിഞ്ഞ ദിവസം സ്വവർഗാനുരാഗത്തിന് എതിരായ പാസാക്കിയ ബിൽ വിവാദമാകുകയാണ്. ഇതനുസരിച്ച് സ്വവർഗരതിയിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും. വൻ പിന്തുണയോടെയാണ് ബിൽ പാർലമെന്റിൽ പാസാക്കിയത്. രാജ്യത്ത് സ്വവർഗരതി നേരത്തെ തന്നെ നിയമവിരുദ്ധമായിരുന്നു. പുതിയ നിയമം അനുസരിച്ച്, കുറ്റവാളികൾ ജീവപര്യന്തം തടവോ വധശിക്ഷയോ പോലുള്ള കനത്ത ശിക്ഷകൾ നേരിടേണ്ടിവരും.
അതേസമയം, പാശ്ചാത്യ ദാതാക്കളുമായും നിക്ഷേപകരുമായുള്ള നല്ല ബന്ധം നിലനിർത്താനാഗ്രഹിക്കുന്ന പ്രസിഡന്റ് യോവേറി മുസേവെനി ബില്ലിൽ ഒപ്പുവെക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. പാർലമെന്റിൽ പാസാക്കിയ ബിൽ പ്രസിഡന്റ് ഒപ്പുവെച്ചാൽ മാത്രമേ നിയമമായി പ്രാബല്യത്തിൽ വരികയുള്ളൂ.
1962-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഉഭയ സമ്മതത്തോടെയുള്ള സ്വവർഗരതിയ്ക്ക് രാജ്യത്ത് ശിക്ഷ നൽകിയിരുന്നില്ല. എന്നാൽ, 2014 ൽ, ഉഗാണ്ടൻ നിയമനിർമ്മാതാക്കൾ സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ നൽകുന്ന ബിൽ പാസാക്കി. ഈ നിയമനിർമ്മാണത്തിനെതിരെ മിക്ക രാജ്യങ്ങളും അപലപിച്ചു. ചില പാശ്ചാത്യ രാജ്യങ്ങൾ ഇതിന് മറുപടിയായി ദശലക്ഷക്കണക്കിന് ഡോളർ സർക്കാർ സഹായം മരവിപ്പിക്കുകയും ചെയ്തു. ഇതോടെ നിയമം റദ്ദാക്കിയിരുന്നു.