ഓസ്‌ട്രേലിയന്‍ മരുഭൂമിയില്‍ നഷ്ടമായ റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങിയ കാപ്‌സ്യൂള്‍ കണ്ടെത്തി
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ മരുഭൂമിയില്‍ നഷ്ടമായ ആണവ വികിരണ ശേഷിയുള്ള ചെറു ഉപകരണം കണ്ടെത്തി. ന്യൂമാനിലെ റയോ ടിന്‍റോ ഗുഡായ് ദാരി ഇരുമ്പ് ഖനിയില്‍നിന്ന് കൊണ്ടുവരുന്നതിനിടെയാണ് ഉപകരണം കാണാതായത്. ട്രക്കില്‍ നിന്ന് തെറിച്ചുപോയതാണെന്നാണ് കരുതുന്നത്.
ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം 137 കൊണ്ടാണ് ഈ ക്യാപ്സൂള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ മണിക്കൂറിലും പത്ത് എക്സ് റേകള്‍ക്ക് സമാനമായ കിരണമാണ് ഈ ചെറു ഉപകരണത്തിന് പുറത്ത് വിടാന്‍ കഴിയുന്നത്.
വിവിധ ഏജൻസികളുടെ പിന്തുണയോടെ റേഡിയേഷന്‍ ഡിറ്റക്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പൊതുജനങ്ങള്‍ക്ക് ഇത് മൂലം കാര്യമായ ഭീഷണിയില്ലെങ്കിലും ഈ വസ്തുവുമായുള്ള സമ്പര്‍ക്കം റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങള്‍ക്കും കാരണമായേക്കാവുന്നതിനാല്‍ വ്യാപകമായ തിരിച്ചിലിലായിരുന്നു അധികൃതര്‍. പ്രതിരോധ വകുപ്പും, പൊലീസും, ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയും ഓസ്ട്രേലിയന്‍ ന്യൂക്ലിയാര്‍ ആന്‍ഡ് സയന്‍സ് ടെക്നോളജി ഓര്‍ഗനൈസേഷനുമാണ് ചെറു ആണവ ഉപകരണത്തിനായി തെരച്ചില്‍ നടത്തിയത്.